ക്രൈസ്തവസഭകളുടെ സമ്പത്ത് ഭരിക്കുന്നതിനുവേണ്ടി ഒരു നിയമം ആവശ്യമാണെന്ന് കാണിച്ച് കേരള ഗവണ്മെന്റ് അയച്ച നിയമനോട്ടീസിനെക്കുറിച്ച് ചിലരെങ്കിലും വിമര്‍ശനാത്മകമായ നിലപാടാണ് എടുക്കുന്നത്. സഭയുടെ സ്വത്ത് അല്മായര്ക്ക് വിട്ടുകൊടുക്കണമെന്ന് ഞാന്‍ ഒരിക്കലും വാദിച്ചിട്ടില്ല. വൈദികര്‍ സഭാ സ്വത്തുക്കള്‍ കവരുന്നതുകൊണ്ടുമല്ല സഭാഭരണം നിയമാനുസൃതമാക്കണമെന്ന് ഞാന്‍ വാദിക്കുന്നത്. സഭാഭരണം പള്ളിയോഗങ്ങളില് നിക്ഷിപ്തമാക്കണമെന്ന എന്റെ വാദത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ താഴെ കൊടുക്കുന്നു.
1) ജനാധിപത്യ മതനിരപേക്ഷരാഷ്ട്രമായ ഭാരതത്തില്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ മാത്രം സമ്പത്ത് പുരോഹിത ഭരണത്തിന് വിട്ടുകൊടുക്കുന്നത് ഭാരതത്തിന്റെ മതേതരത്വസ്വഭാവത്തിന് കളങ്കമാകും. മാത്രമല്ല, അത് ഭരണഘടനാപരമായ തെറ്റുമാണ്. ഭരണഘടന 25, 26 വകുപ്പുകള്‍ അനുസരിച്ച് മുസ്ലീമുകള്‍ക്ക് വഖഫ് നിയമവും ഹിന്ദുക്കള്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമങ്ങളും സിഖുകാര്‍ക്ക് ഗുരുദ്വാര നിയമവുമുണ്ട്. അങ്ങനെ ഇന്ന് ഈ മതങ്ങളുടെ പൊതുസ്വത്തിന്റെ ഭരണം നിയമംമൂലം നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. ഈ മതങ്ങള്‍ക്കൊന്നും പൊതുസ്വത്ത് ഭരിക്കുന്നതിന് ഒരു ജനാധിപത്യ സമ്പ്രദായ ഭരണം ഉണ്ടായിരുന്നില്ല. എന്നാല്‍ ക്രൈസ്തവര്‍ക്ക് “മാര്‍ത്തോമ്മായുടെ നിയമം” എന്ന പേരില്‍ ഒരു പാരമ്പര്യ നിയമം പള്ളിഭണത്തിനായി നിലവിലുണ്ടായിരുന്നു. അതനുസരിച്ച് ഓരോ പള്ളിയും ഭരിച്ചിരുന്നത് അതത് പള്ളിക്കാരായിരുന്നു. പുരോഹിതര്‍ക്ക് ഈ ഭരണത്തില്‍ പങ്കാളിത്തമുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ അവരായിരുന്നില്ല സമ്പത്ത് കൈകാര്യം ചെയ്തിരുന്നത്.
പാശ്ചാത്യ ദേശത്തെന്നപോലെ പുരോഹിതരും അല്മായരും എന്ന ഒരു വിഭജനം പോലും ഇവിടെ ഉണ്ടായിരുന്നില്ല.സഭാ ശുശ്രൂഷകരായ പുരോഹിതരെ തെരഞ്ഞെടുത്തിരുന്നത് സഭാകൂട്ടായ്മയായിരുന്നു. പുരോഹിതര്‍ ഇടവകാംഗങ്ങളുടെ ആധ്യാത്മിക ധാര്‍മിക കാര്യങ്ങള്‍ ശ്രദ്ധിച്ചുപോന്നു. അങ്ങനെ പുരോഹിതരും ഇടവകക്കാരും യോജിച്ചാണ് യോഗങ്ങള്‍ നടത്തിയിരുന്നത്. പോര്ട്ടുഗീസുകാരുടെവരവിനുശേഷമാണ് മാര്‍ത്തോമ്മായുടെ നിയമം അനുസരിച്ചുള്ള പള്ളിഭരണ സമ്പ്രദായത്തെ തകര്‍ത്തെറിഞ്ഞ് പുരോഹിത നേതൃത്വത്തിലുള്ള പള്ളിഭരണം ആരംഭിച്ചത്. അത് ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ പാരമ്പര്യമല്ല. പാശ്ചാത്യ സഭകളുടെ പാരമ്പര്യമാണ്.
രണ്ടാം വത്തിക്കാന്‍ സുനഹദോസ് കാനോനകള്‍ അനുസരിച്ച് ഓരോ സഭക്കും അവരുടെ പൂര്‍വകാല വ്യവസ്ഥിതിയിലേക്ക് മടങ്ങിപോകാന്‍ അവകാശവും കടമയുമുണ്ട്. അങ്ങനെ റോമാ സഭയോടോ അന്ത്യോഖ്യായോടോ ഒപ്പം പ്രാചീനമായ ഭാരതക്രൈസ്തവരുടെ സഭാ ഭരണ സമ്പ്രദായം പുനസ്ഥാപിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അത് അല്മായര്ക്ക് കൊടുക്കണമെന്നല്ല. ഇവിടെ ഇടവകാംഗങ്ങളെല്ലാം പുരോഹിതരുള്‍പ്പെടെ തുല്യരാണ്. ഇടവകയുടെ ശുശ്രൂഷക്കായി യോഗാംഗങ്ങള്‍ തെരഞ്ഞെടുക്കുന്നവരാണ് പുരോഹിതര്‍. മാര്‍ത്തോമ്മായുടെ നിയമമനുസരിച്ച് ഇടവകയോഗത്തിന്റെ അധ്യക്ഷന്‍ ഇടവകയിലെ പ്രായംകൂടിയ വൈദികനായിരുന്നു. വികാരിമാര്‍ എന്ന ഒരു തസ്തിക പള്ളിഭരണത്തില്‍ ഉണ്ടായിരുന്നില്ല.
2) ഭാരതസഭയുടെ പാരമ്പര്യമനുസരിച്ച് ഭരണസമ്പ്രദായം പുനരുദ്ധരിക്കണമെന്നാണ് ഞാന്‍ വാദിക്കുന്നത്.
3) അപ്പോസ്തലന്മാരെയാണല്ലോ സഭയെ ശുശ്രൂഷിക്കുന്നതിനായി യേശു നിയോഗിച്ചത്. സഭാ ഭരണസമ്പ്രദായത്തെക്കുറിച്ച് അവര്‍ക്കുള്ള അഭിപ്രായം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ഭാരതത്തിലെ സഭ നൂറ്റാണ്ടുകളുടെ ഈ ഘടനാ നിയമത്തിന് കീഴിലാണ് പ്രവര്‍ത്തിച്ചുപോന്നത്. വൈദികള്‍ സഭാശുശ്രൂഷകരാണ്. അവര്‍ മാമോനെ ആരാധിക്കേണ്ടവരല്ല. അല്ലെങ്കില്‍ സ്വത്ത് ഭരിക്കേണ്ടവരല്ല. മറിച്ച് ഇടവകാംഗങ്ങള്‍ സഭാ ശുശ്രൂഷക്കുവേണ്ട പണം പുരോഹിതന് നല്‍കുകയാണ് ചെയ്തുപോന്നത്.
പാശ്ചാത്യ സഭ ഇന്നും ഈ കോണ്സ്റ്റന്റൈന്സഭയായി തുടരുകയാണ്. ഭാരതസഭയെ സംബന്ധിച്ചിടത്തോളം ഒരു കോണ്സ്റ്റൈന്റന്റെയൂം പാരമ്പര്യമില്ല. രാജകീയ മെത്രാന്സ്ഥാനവുമില്ല. പുരോഹിതന് യേശുവിനെപ്പോലെ അല്ലെങ്കില്‍ അപ്പോസ്തലന്മാരെപ്പോലെ സഭയുടെ ശുശ്രൂഷകരായിരുന്നു. ആ ശുശ്രൂഷയില്‍ യോഗത്തെ നേര്‍വഴിക്ക് നയിക്കുന്നതിനും വൈദികന് കടപ്പാടുണ്ടായിരുന്നു. അക്കാലഘട്ടത്തിലും നിര്‍ണായകമായ തീരുമാനങ്ങള്‍ എടുത്തിരുന്നത് പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു. അത്തരം ആധ്യാത്മിക നേതൃത്വം സഭക്ക് ആവശ്യമില്ല എന്ന് ഞാന്‍ പറയുകയില്ല. മറിച്ച് കോണ്‍സ്ന്റൈന്‍ സഭയെപ്പോലെ രാജകീയ പ്രതാപത്തിന്റെ പ്രദര്‍ശനവസ്തുവായി പുരോഹിതര്‍ തുടരാന്‍ പാടില്ല.
4) ഭാരതീയ പാരമ്പര്യമനുസരിച്ചും സഭാ പാരമ്പര്യമനുസരിച്ചും സ്വത്തുക്കളുടെ ഭരണം സഭായോഗത്തില്‍ നിക്ഷിപ്തമായിരക്കണമെന്നും നാം കണ്ടു. കോണ്സ്റ്റന്റൈന് സഭയുടെ സ്വാധീനത്തിനപ്പുറത്ത് നൂറ്റാണ്ടുകളോളം ഈ സഭയെ ഭാരതത്തില്‍ നിലനിര്‍ത്തിയത് പള്ളിഭരണ സമ്പ്രദായമായിരുന്നു. പള്ളി ജനങ്ങളുടേതാണെന്ന ഒരു അറിവ്, ഒരു അഭിമാനം. ഇന്നിത് കാണെക്കാണെ ഇല്ലാതാകുകയാണ്. പള്ളി അച്ചന്റേതാണ്, ഞങ്ങള്‍ക്കെന്ത് കാര്യം? ഈ ചോദ്യം കേരള സമൂഹത്തില്‍ ഇന്ന് ഉയരുന്നുണ്ട്. ഒരുകാലത്ത് ഇവിടുത്തെ ഹിന്ദു ക്ഷേത്രങ്ങളെല്ലാം നമ്പൂതിരിമാരുടേതും രാജാക്കന്മാരുടേതും ജന്മിമാരുടേതുമായിരുന്നു. അവരുടെ ഭരണത്തിന്‍കീഴിലാണ് അമ്പലങ്ങള്‍ ജീര്‍ണിച്ചതും ഹിന്ദുമതം ജാതീമായ വിഭജനത്തിന് വിധേയമായതും. ഇന്ന് നിയമത്താല്‍ നിയന്ത്രിതമായ അമ്പലഭരണം ഹിന്ദുമതത്തെ കൂടുതല്‍ സജീവമാക്കിക്കഴിഞ്ഞു. ഒരു അമ്പത് കൊല്ലങ്ങള്‍ക്ക് മുമ്പ് ശബരിമലയില്‍ പോകുന്ന ഭക്തന്മാര് പതിനായിരത്തില്‍ താഴെയായിരുന്നു. ഇന്ന് അത് ലക്ഷങ്ങളായിക്കഴിഞ്ഞു. ഗുരുവായൂരേയും സ്ഥിതി വേറെയല്ല. പല ഇടിഞ്ഞുപൊളിച്ച അമ്പലങ്ങളും ഇന്ന് ജനങ്ങള്‍ പുനരുദ്ധരിച്ചു.
അത് തങ്ങളുടേതാണെന്ന അവബോധമാണ് ഹൈന്ദവരെ പുനുരുദ്ധരിച്ചത്. ഇന്ന് പഴയ പള്ളികള്‍ പൊളിച്ച് പുതിയ പള്ളികള്‍ പണിയുന്നു. ആരുടേതാണ് ഈ പള്ളികള്‍? മെത്രാന്റെയും അച്ചന്റെയും. വിശ്വാസികള്ക്കെന്താ അവിടെ കാര്യം. പള്ളി അവരുടെ “ആധ്യാത്മിക ശാപ്പാടുശാല’ ‘മാത്രമാണ്. ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചുപോരുന്നവരെപ്പോലെ നാം ഇന്ന് പള്ളിയില്‍ പോയി ആധ്യാത്മികഭക്ഷണം കഴിച്ച് തിരിച്ചുപോരുന്നു. പള്ളിയോടുള്ള കൂറ് കാണെക്കാണെ അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. ഇതാണ് യൂറോപ്പില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വലിയ പള്ളികളൊക്കെ ഇന്ന് പൂട്ടിയിരിക്കുകയാണ്. കാരണം അത് വിശ്വാസികളുടേതാണെന്നുള്ള ബോധ്യം അവര്ക്കില്ലാതായതുകൊണ്ട്.
രണ്ടായിരം കൊല്ലക്കാലം ക്രൈസ്തവര്‍ ഇവിടെ ജീവിക്കുകയും വളരുകയും വികസിക്കുകയും ചെയ്തെങ്കില്‍ അതിന് പ്രചോദനം നല്കിയതും സഹായിച്ചതും പള്ളിക്കൂട്ടായ്മയായിരുന്നു. ആ പള്ളിക്കൂട്ടായ്മകള് പള്ളികളെ ജനകീയമാക്കി. പുരോഹിതര്‍ ബഹുമാന്യരായ ആധ്യാത്മിക ശുശ്രൂഷകരായി ജനങ്ങളുടെയിടയില്‍ പ്രവര്‍ത്തിച്ചുപോന്നു. അവര്‍ മാര്‍ഗദര്‍ശികളായിരുന്നു. ഉടമസ്ഥരായിരുന്നില്ല. യൂറോപ്പില്‍ പള്ളികളുടെ ഉടമസ്ഥത മാര്‍പ്പാപ്പക്കും മെത്രാനുമായി. ജനങ്ങള്‍ ആധ്യാത്മിക ശാപ്പാടുശാലയിലേക്ക് പോകതെയുമായി. ഇത്തരം പരിതോപവസ്ഥ കേരളത്തിലും ഉണ്ടാകാതിരിക്കണമെന്നുണ്ടെങ്കില് പള്ളികള്‍ ഞങ്ങളുടേതാണെന്നുള്ള ബോധ്യം ജനങ്ങള്‍ക്കുണ്ടാകണം.
5) ഏത് നിയമം ഉണ്ടായാലും സമ്പത്ത് കൈകാര്യംചെയ്യുന്നവരുടെ സ്വഭാവം നന്നല്ലെങ്കില്‍ അഴിമതി ഉണ്ടാകും. അല്മായനാണെങ്കിലും അച്ചനാണെങ്കിലും. പക്ഷേ ഇന്ന് അഴിമതി ഉണ്ടായാല്‍ കണ്ടുപിടിക്കാന്‍ മാര്‍ഗങ്ങളില്ല. ശബരിമലയിലും ഗുരുവായൂരും മറ്റ് അമ്പലങ്ങളിലുമെല്ലാം പണം കക്കുന്നവരുണ്ടാം. പക്ഷെ ഏതെങ്കിലും ഒരു വിശ്വാസിക്ക് ഇങ്ങനെ ഒരു തോന്നലുണ്ടായാല്‍ അവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. ശബരിമല വിശ്വാസികള്‍ പലപ്പോഴും ഹൈക്കോടതിയെ സമീപിക്കാറുണ്ട്. ഹൈക്കോടതി ഇടപെട്ട് തിരുത്തുകയും ചെയ്യും. അതുപോലെ പള്ളിയുടെ ഭരണം നിയമാനുസൃതമായാല്‍, അഴിമതി കണ്ടാല്‍ ഏതൊരു വിശ്വാസിക്കുമത് കോടതിയുടെ മുമ്പാകെ അവതരിപ്പിച്ച് തിരുത്താനാകും. ഇന്ന് നിയമാനുസൃതമല്ലാത്തതുകൊണ്ട് മെത്രാന്റെയും അച്ചന്റെയും “തിരുവിഷ്ട”മാണ് നിയമം. നേരെമറിച്ച് ചര്‍ച്ച് ആക്ട് വിഭാവനം ചെയ്യുന്നതുപോലെ ചര്‍ച്ച് ട്രൈബ്യൂണലുകള്‍ ഉണ്ടായാല്‍ തീര്‍ച്ചയായും ആ ട്രൈബ്യൂണലുകളിലൂടെ പരാതികള്‍ പരിഹരിക്കാനാകും.
6) കഴിഞ്ഞ അഞ്ചാറ് കൊല്ലങ്ങളായി പള്ളിനിയമത്തെക്കുറിച്ച് സമൂഹം ഉറക്കെ ചിന്തിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഇന്ന് പള്ളിഭരണം കയ്യാളുന്ന മെത്രാന്മാരോ അച്ചന്മാരോ ഇതേക്കുറിച്ച് ഒരു അഭിപ്രായവും പറയുന്നില്ല എന്നത് ശ്രദ്ധിക്കുക. എന്തുകൊണ്ടാണത്? മാര്‍ത്തോമ്മായുടെ നിയമം എന്തെന്ന് അവര്‍ക്കറിയാം. അപ്പോസ്തലന്മാരുടെ നിയമംഎന്താണെന്നും അവര്‍ക്കറിയാം. തങ്ങള്‍ ഇന്ന് കയ്യേറി ഭരിക്കുന്ന പള്ളികള്‍ യഥാര്‍ത്ഥത്തില്‍ ജനങ്ങളുടേതാണെന്നും അവര്‍ക്കറിയാം. പക്ഷെ അത് പുറത്തുപറയാന്‍ പുരോഹിതരും മടിക്കുന്നു.
എന്റെ വിനീത അഭിപ്രായം ഈ നിയമത്തെക്കുറിച്ച് അത് അക്രൈസ്തവമാണെങ്കില് അത് ചൂണ്ടിക്കാണിക്കാനുള്ള ബാധ്യത മെത്രാന്മാര്ക്കുണ്ട്. ഒരു പൊതുചര്‍ച്ചക്ക് വിധേയമാകണം. ബ്രിട്ടീഷുകാരില്‍നിന്നും ഇന്ത്യ സ്വതന്ത്രയായാല്‍ നിലനില്‍പ്പില്ല എന്ന് വാദിച്ച ബുദ്ധിജീവികളുണ്ടായിരുന്നു. പക്ഷെ ഒരു സമൂഹത്തിന്റെ പുരോഗതി ഇനിമുതലങ്ങോട്ട് ജനാധിപത്യത്തിലാണെന്നും ജനനിയന്ത്രണത്തിലാണെന്നും മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു.
ജോസഫ് പുലിക്കുന്നേല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: