ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജി വച്ച തൃണമൂല്‍ മന്ത്രിമാര്‍ രാഷ്ട്രപതിഭവനിലെത്തി സര്‍ക്കാരിനുള്ള പിന്തുണ പിന്വലിക്കുന്നെന്നറിയിക്കുന്ന കത്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നല്കി. റെയില്‍വെ മന്ത്രി മുകുള്‍ റോയി, സഹമന്ത്രിമാരായ സുദീപ് ബന്ദോപാധ്യായ(ആരോഗ്യം), സുല്‍ത്താന്‍ അഹമ്മദ് (വിനോദസഞ്ചാരം), സുഗത റോയ് (നഗരവികസനം), ശിശിര്‍ അധികാരി(ഗ്രാമവികസനം), സി.എം. ജട്ടൂവ(വാര്‍ത്താവിതരണം) എന്നിവര്‍ ഇന്നലെ വൈകിട്ട് നാലുമണിയോടെ പ്രധാനമന്ത്രിയുടെ വസതിയിലെത്തി രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു. മന്ത്രിമാരുടെ രാജിയില്‍ പ്രധാനമന്ത്രി ദു:ഖമറിയിച്ചതായി സ്ഥാനമൊഴിഞ്ഞ മന്ത്രിമാര്‍ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ നേതാക്കള്‍ വെളിപ്പെടുത്തിയില്ല. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഈ മാസം 30 ന് ദല്‍ഹിയില്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് തൃണമൂല്‍ എംപിമാര്‍ അറിയിച്ചു.
ഡീസല്‍ വിലവര്‍ദ്ധനവിലും സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്ക്കരണത്തിലും പ്രതിഷേധിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ വിട്ടത്. സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി വ്യക്തമാക്കി. പേടിപ്പിക്കാന്‍ നോക്കിയാല്‍ പേടിക്കില്ലെന്നും തന്റെ ജീവിതം തന്നെ പോരാട്ടമാണെന്നും മമത പറഞ്ഞു. മരണം വരെ താനൊരു കടുവയായി ജീവിക്കുമെന്നും അവര്‍ പറഞ്ഞു. പശ്ചിമബംഗാളിലെ ഗായ്ഖട്ടയില് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത.
യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുടക്കം മുതല്‍ ശക്തമായി എതിര്‍ത്തിരുന്ന മമത ബാനര്‍ജി സര്‍ക്കാരിന് എന്നും തലവേദനയായിരുന്നു. ഇന്ധനവിലവര്‍ദ്ധന, ചില്ലറവില്‍പ്പനമേഖലയിലെ വിദേശ നിക്ഷേപം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്‍ മമതയുടെ സന്ധിയില്ലാത്ത നിലപാടിന് മുന്നില്‍ പലപ്പോഴും കേന്ദ്രസര്‍ക്കാരിന് മുട്ടുകുത്തേണ്ടി വന്നിട്ടുണ്ട്. ഇതിന് മുമ്പ് പല തവണയും കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന പ്രശ്നമില്ലെന്ന് മമത വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഡീസല്‍ വില വര്‍ദ്ധനവും സാമ്പത്തിക പരിഷ്ക്കരണ നയങ്ങളും പുന:പരിശോധിക്കാന്‍ മമത സര്‍ക്കാരിന് നല്കിയ 72 മണിക്കൂര്‍ സമയപരിധി കഴിഞ്ഞിട്ടും അനുകൂലമായ പ്രതികരണമുണ്ടാകാഞ്ഞതാണ് ഇക്കുറി മമതയെ പ്രകോപിപ്പിച്ചത്.
സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതില്‍ പാര്‍ട്ടിയില്‍ പലര്‍ക്കും വിയോജിപ്പുണ്ടായിട്ടും തീരുമാനത്തില്‍ നിന്ന് പിന്മാറാന് മമത തയ്യാറായിരുന്നില്ല.
അതേസമയം, യുപിഎ സര്‍ക്കാരിന് പുറമേ നിന്ന് പിന്തുണ നല്‍കുന്നത് തുടരുമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പ്രഖ്യാപിച്ചു. ഇടക്കാല തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനും ബിജെപി അധികാരത്തിലെത്തുന്നത് തടയാനുമാണ് പിന്തുണ തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2014 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം മാത്രമേ മൂന്നാം മുന്നണിയെക്കുറിച്ച് ചിന്തിക്കുന്നുള്ളു എന്നും അടുത്ത തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണി ഭൂരിപക്ഷം നേടുമെന്നും മുലായം പറഞ്ഞു. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്ക്കരണങ്ങളിലുള്ള പ്രതിഷേധം തുടരുമെന്നും മുലായം വ്യക്തമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ചില്ലറ വില്‍പ്പനമേഖലയില്‍ വ്യാപാര കുത്തകകളെ അനുവദിക്കില്ലെന്ന നിലപാടാണ് സമാജ് വാദി പാര്‍ട്ടിയുടേത്. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും പുറമേ നിന്ന് പിന്തുണയ്ക്കുന്നതിനാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിന് തത്ക്കാലം ഭീഷണിയില്ല.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഉദ്ദേശ്യമില്ലെന്നും സൂക്ഷ്മതയോടെ തങ്ങള്‍ കാര്യങ്ങള്‍ വീക്ഷിക്കുകയാണെന്നും ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി തൃണമൂല്‍ മന്ത്രിമാരുടെ രാജിയോട് പ്രതികരിച്ചു. സര്‍ക്കാരിന്റെ സ്ഥിരതയെക്കുറിച്ച് സംസാരിക്കാനില്ലെന്നും ഇടക്കാലതെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രവചിക്കാന്‍ താന്‍ ജ്യോത്സ്യനല്ലെന്നും ഗഡ്കരി മാധ്യമങ്ങളോട് പറഞ്ഞു. ജനവിരുദ്ധ സര്‍ക്കാരില്‍ നിന്ന് അര ഡസനോളം മന്ത്രിമാര്‍ പുറത്തുപോയത് സര്‍ക്കാരിനെ ചുമക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുമെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈന് പറഞ്ഞു. മുങ്ങിക്കൊണ്ടിരിക്കുന്ന യുപിഎ എന്ന കപ്പല്‍ ഉപേക്ഷിച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇതിനിടെ. യുപിഎ സര്‍ക്കാരിന് ബിജെഡി പിന്തുണ നല്‍കുമെന്ന വാര്‍ത്ത ബിജെഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക് നിഷേധിച്ചു. കോണ്‍ഗ്രസുമായി പിന്‍വാതില്‍ ചര്‍ച്ചയില്ലെന്ന് െവൈഎസ്ആര് കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡിയും വ്യക്തമാക്കി. കോണ്‍ഗ്രസ് വൈഎസ്ആര്‍ കോണ്‍ഗ്രസുമായി രഹസ്യധാരണക്ക് ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, സര്‍ക്കാര്‍ ന്യനപക്ഷമല്ലെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. തൃണമൂലിലെ 19 എംപിമാര്‍ പുറത്തുപോയാലും തങ്ങള്‍ക്ക് ആവശ്യത്തിന് ഭൂരിപക്ഷമുണ്ടെന്ന് കേന്ദ്രമന്ത്രിമാരായ സല്മാന് ഖുര്‍ഷിദ്, പവന് കുമാര്‍ ബന്‍സ്വാല്‍, വി.നാരായണ സ്വാമി എന്നിവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: