അങ്കമാലി: കേരളത്തില്‍ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുമ്പോള്‍ ആരും വിട്ടുപോകാതെയായിരിക്കും നടപ്പിലാക്കുകയെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ആള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെയും കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെയും ആലുവ താലൂക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടന്ന കുടുംബസംഗമവും നേത്രദാന സമ്മതപത്രസ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലത്തിന് അനുസൃതമായ മാറ്റങ്ങള്‍ ഉള്കൊള്ളുവാന് നാം തയ്യാറാകണം. സര്‍ക്കാര്‍ സേവനങ്ങള്‍ ഓരോ മനുഷ്യന്റെയും അവകാശമാണ്. തൊഴില്‍ സുരക്ഷ ഉറപ്പാക്കുമ്പോള്‍ മനുഷ്യന്റെ അവകാശങ്ങള്‍ നടപ്പിലാക്കുകയാണ് നാം ചെയ്യുന്നത്. തൊഴിലുറപ്പുപദ്ധതി പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതുമൂലം ഇന്ത്യ പ്രത്യേകിച്ച് കേരളം ലോകത്തിന് മാതൃകയാണ് അദ്ദേഹം പറഞ്ഞു. പൊതുവിതരണ സമ്പ്രദായം കുറ്റമറ്റ രീതയിലും സുത്യാര്യവുമായി കൊണ്ടുപോകാന്‍ റേഷന്‍ വ്യാപാരികള്‍ തയ്യാറാകണം. അല്ലെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അങ്കമാലി വ്യാപാരഭവന് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സെബാസ്റ്റ്യന്‍ മാടന് അദ്ധ്യക്ഷത വഹിച്ചു. ഔഷധി ചെയര്മാന് ജോണി നെല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. അങ്കമാലി നഗരസഭ ചെയര്മാന് സി. കെ. വര്‍ഗീസ്, ആലുവ നഗരസഭ ചെയര്മാന് എം. ടി. ജേക്കബ്, റീത്താ പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: