കോട്ടയം: കുടുംബശ്രീ അനുഭവങ്ങള്‍ സമാഹരിച്ച പുസ്തകങ്ങളുമായി തിരുവനന്തപുരം ഉദയംകുളങ്ങരയില്‍ നിന്നാരംഭിച്ച യാത്ര സെപ്റ്റംബര്‍ 22 മുതല്‍ 25വരെ കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. ജില്ലയിലെ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളായ സ്ത്രീകള്‍ എഴുതിയ 12,000-ല്‍പ്പരം അനുഭവക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകങ്ങള്‍ തയ്യാറായിട്ടുണ്ട്. കുടുംബശ്രീയുടെ 14-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലും പുസ്തകങ്ങള്‍ തയ്യറാക്കിയിരിക്കുന്നത്.
കോട്ടയം ജില്ലയില്‍ ആകെ 12874 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളാണുള്ളത്. ഇതിലെ അംഗങ്ങളായ എല്ലാ സ്ത്രീകളും സ്വന്തം അനുഭവങ്ങള്‍ എഴുതണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയും അവ ഏറ്റെടുത്ത് നടത്തുകയും ചെയ്തപ്പോഴുണ്ടായ വ്യക്തിപരവും സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളാണ് ഇവയില്‍ പ്രതിപാദിക്കേണ്ടിയിരുന്നത്. തയ്യാറാക്കിയ കുറിപ്പുകള്‍ അയല്‍ക്കൂട്ട യോഗങ്ങളില്‍ വായിക്കുന്നതിനും മറ്റുള്ളവര്‍ക്കുകൂടി പ്രയോജനമാകുന്ന കുറിപ്പുകള്‍ തെരഞ്ഞെടുക്കുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.
സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും ഉള്‍പ്പെട്ട എഡിറ്റോറിയല്‍ ബോര്‍ഡും ഇതിനായി രൂപീകരിച്ചു. തിരഞ്ഞെടുത്ത അനുഭവങ്ങള്‍ സി.ഡി.എസ് തലത്തില്‍ പുസ്തകമാക്കി. ഓരോ സി.ഡി.എസും തയ്യാറാക്കിയ പുസ്തകങ്ങള്‍ ഏറ്റുവാങ്ങാനാണ് അനുഭവ സമാഹരണയാത്ര ജില്ലയില്‍ എത്തുന്നത്.
ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും സംഘം പര്യടനം നടത്തും. 22ന് വൈകുന്നേരം നാലിന് കുറിച്ചി, 23ന് രാവിലെ 11ന് പുതുപ്പള്ളി, ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം, വൈകുന്നേരം നാലിന് ഏറ്റുമാനൂര്‍, 24ന് രാവിലെ 11ന് ടി.വി. പുരം, ഉച്ചകഴിഞ്ഞ് രണ്ടിന് കുടുത്തുരുത്തി, നാലിന് പാലാ, 25ന് രാവിലെ 11ന് വാഴൂര്‍, ഉച്ചകഴിഞ്ഞ് രണ്ടിന് തിടനാട് എന്നിങ്ങനെയാണ് സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്.
വിവിധ കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനകാര്യമന്ത്രി കെ.എം. മാണി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, എം.പിമാര്‍ തുടങ്ങിയവര്‍ സ്വീകരണസമ്മേളനങ്ങളില്‍ പങ്കെടുക്കും. എം.എല്‍.എമാരുടെയും മറ്റ് ജനപ്രതിനിധികളുടെയും കുടുംബശ്രീ അംഗങ്ങളുടെയും നേതൃത്വത്തിലാണ് എല്ലാ മണ്ഡലങ്ങളിലും യാത്രാസംഘത്തിന് സ്വീകരണം നല്‍കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും ഗവേണിംഗ് ബോഡി അംഗവുമായ അഡ്വ. ബിന്ദു കൃഷ്ണ, ഗവേണിംഗ് ബോഡി അംഗം പ്രൊഫ. കൊച്ചുത്രേസ്യ എബ്രഹാം, മാധ്യമപ്രവര്‍ത്തകരായ ലീലാ മേനോന്, ഗീതാ ബക്ഷി തുടങ്ങിയ പ്രശസ്ത വനിതകളുടെ സംഘമാണ് സി.ഡി.എസുകളില്‍ നിന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങുക.
ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി പുസ്തകയാത്ര ഒക്ടോബര്‍ ഒന്നിന് എറണാകുളത്ത് സമാപിക്കും. ഇതുവരെയുള്ള കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അത് സമൂഹത്തിനുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും അവബോധമുണ്ടാക്കുകയാണ് അനുഭവക്കുറിപ്പ് സമാഹരണത്തിന്റെ ലക്ഷ്യമെന്ന് അഡ്വ. ബിന്ദു കൃഷ്ണ, പ്രൊഫ. കൊച്ചുത്രേസ്യ എബ്രഹാം, ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ലാ സെക്രട്ടറി എന്‍. ജീവകുമാര്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി.കെ. അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: