കേരളത്തില്‍ വര്‍ധിച്ചുവരുന്ന മദ്യോപയോഗം സമൂഹത്തിലും കുടുംബത്തിലും അസ്വസ്ഥത സൃഷ്ടിക്കുന്നു എന്ന് മാത്രമല്ല കേരളത്തിലെ കരള്‍രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയുമാണ്. കേരളത്തില്‍ ബാര്‍ സമയം വെട്ടിക്കുറക്കണമെന്നും മദ്യഷോപ്പുകള്‍ പഞ്ചായത്ത് തലത്തില്‍ അനുവദിക്കാനുള്ള അധികാരം പഞ്ചായത്ത് സ്വയംഭരണ സംവിധാനത്തിന് വിട്ടുനല്കണമെന്നുമാവശ്യപ്പെട്ട് മദ്യനിരോധന പ്രവര്‍ത്തകര്‍ സമരത്തിലായിട്ട് മാസങ്ങളായി. മദ്യഷോപ്പുകള്‍ ആരാധനാലയങ്ങളില്‍നിന്നും വിദ്യാലയങ്ങളില്‍നിന്നും നിശ്ചിതമായ അകലം പാലിക്കണമെന്ന ആവശ്യവും ശക്തമാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കേണ്ട എന്ന് തീരുമാനിച്ചത്. അല്ലെങ്കില്‍തന്നെ ബിവറേജസ് കോര്‍പ്പറേഷനാണ് കേരള ഖജനാവിന് ഏറ്റവുമധികം വരുമാനം നല്‍കുന്നത്. ബിവറേജസ് ഔട്ട്ലെറ്റുകള് സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ ഉദാരമനസ്ഥിതിയാണ് സ്വീകരിക്കുന്നത്. എന്നിട്ടും ബാര്‍ സമയമെങ്കിലും വെട്ടിച്ചുരുക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നുപോലുമില്ല. കേരള മദ്യനയത്തില്‍ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടന്ന തീരുമാനമാണ് കേരള ഹൈക്കോടതി തടഞ്ഞത്. മദ്യോപയോഗത്തില്‍ തുല്യത നിഷേധിക്കുന്നത് അനീതിയാണെന്ന് ചൂണ്ടിക്കാണിച്ച് ഇതിനെതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു. സുപ്രീംകോടതി മദ്യനയം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ നല്‍കിയില്ല. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം ത്രീസ്റ്റാര്‍ ബാര്‍ ലൈസന്‍സ് അപേക്ഷകള്‍ പരിഗണിക്കണമെന്നാണ്.
ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ എട്ടാഴ്ചക്കകം പരിശോധിച്ച് നിയമാനുസൃതം പരിഗണിച്ച് തീര്‍പ്പ് കല്പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശം. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്നും നിലവിലുള്ള ബാറിന്റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ നഗരങ്ങളിലും മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ ഗ്രാമങ്ങളിലും ലൈസന്‍സ് നല്‍കേണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ തീരുമാനം. കേരളം ഇന്ന് മദ്യോപയോഗത്തില്‍ ഇന്ത്യയില്‍ ഒന്നാമതാണ്. ഇവിടെ പ്രതിശീര്‍ഷ മദ്യോപയോഗം 82 ലിറ്ററാണ്. ഇക്കഴിഞ്ഞ ഓണത്തിന് മലയാളി കുടിച്ചത് നൂറ് കോടിയുടെ മദ്യമാണ്. മാത്രമല്ല ഇന്ന് കുട്ടികളിലെ മദ്യപാനശീലം തുടങ്ങുന്നത് 12 വയസ് മുതലായിക്കഴിഞ്ഞു. മദ്യത്തിന് സമൂഹത്തിലും കുടുംബത്തിലും ആഘോഷങ്ങളിലും അനുശോചന ചടങ്ങുകളിലും ലഭിക്കുന്ന സ്വീകാര്യതയാണ് കുട്ടികളെപ്പോലും മദ്യപാനശീലരാക്കുന്നത്. കേരളം ക്രിമിനല്വല്ക്കരണത്തിലും റോഡപകട മരണങ്ങളിലും ഒന്നാമതാകുന്നതും മദ്യപാനം കൊണ്ടാണ്. ഇന്ന് കേരളത്തിലെ മുഖ്യസംസാര വിഷയം കരള്‍മാറ്റ ശസ്ത്രക്രിയയാണല്ലോ. അമൃത ആശുപത്രിയില്‍ 182 കരള്‍മാറ്റ ശസ്ത്രക്രിയ ചെയ്ത ഡോ. സുബീന്ദ്രന്‍ ജനപക്ഷം നേതാവ് ബെന്നി ജോസഫ് നയിച്ച ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞത് കരള്‍രോഗത്തിന് പ്രധാന കാരണം മഞ്ഞപ്പിത്ത രോഗമാണെങ്കിലും മദ്യോപയോഗവും ഒരു പ്രധാന കാരണംതന്നെയാണ് എന്നാണ്. സ്വാതി എന്ന പെണ്‍കുട്ടിയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് അമൃത ആശുപത്രിയില്‍ ചെലവായത് 11 ലക്ഷമാണെങ്കില്‍ മറ്റൊരു കുട്ടിക്ക് കരള്‍രോഗം വന്ന്, കരള്‍മാറ്റം ആവശ്യമായപ്പോള്‍ ആവശ്യപ്പെട്ട തുക 37 ലക്ഷമായിരുന്നു. ഇത് കൊടുംകൊള്ളതന്നെയാണെന്ന് ഡോ. സുബീന്ദ്രന്‍ പറയുകയുണ്ടായി.
മഞ്ഞപ്പിത്തം പരത്താന്‍ ഒരു കാരണം കൊതുകുകളാണെങ്കിലും മദ്യപാനി കരള്രോഗബാധിതനായാല് ജീവന് രക്ഷിക്കുക എളുപ്പമല്ല. കേരളത്തില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കപ്പെടുന്നതിന്റെ ഒരു കാരണം അത് വിദേശ വിനോദസഞ്ചാരികള്‍ക്ക് അനിവാര്യമാണെന്ന വാദത്തിലാണ്. കേരളത്തിലേക്ക് വിദേശസഞ്ചാരികള്‍ വരുന്നത് മദ്യപാനത്തിനല്ല, മറിച്ച് ആഗോള ഡെസ്റ്റിനേഷനായി കണക്കാക്കപ്പെടുന്ന കേരളത്തിന്റെ പ്രകൃതിമനോഹാരിതയും വന്യഭംഗിയും മറ്റും ആകര്‍ഷിക്കുന്നതിനാലാണ്. ഇപ്പോള്‍ വികസനത്തിന്റെ, ടൂറിസം വികസനത്തിന്റെ പേരില്‍ കോടാലി വീഴുന്നതും ഈ വനനശീകരണത്തിനാണ്. മറ്റൊരു പ്രധാന കാര്യം കൊതുകും മാലിന്യങ്ങളും പെരുകി രോഗങ്ങള്‍ വര്‍ധിക്കുന്നത് ടൂറിസ്റ്റുകളെ പിന്തിരിപ്പിക്കുന്നുവെന്ന ചിന്തയില്ലാതെ വികസനത്തില്‍ ഈ പ്രശ്നങ്ങള്‍ ഉയരാതെ അഴിമതി വളര്‍ത്താനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനാണ്. ഇപ്പോള്‍ ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത് കള്ളുഷാപ്പുകള്‍ നിയന്ത്രിക്കണമെന്നും വ്യാജമദ്യദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള അവസരം സൃഷ്ടിക്കാതിരിക്കണമെന്നുമാണ്. മദ്യോപയോഗത്തില്‍ സുപ്രധാന ഘടകം വ്യാജമദ്യവും അതിന് സഹായിക്കുന്ന സ്പിരിറ്റ് ഒഴുകലും മദ്യമാഫിയകളുടെ വ്യാപനവുമാണ്. മദ്യോപയോഗ നിയന്ത്രണം കേരളത്തില്‍ അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: