കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാര്‍ തന്റെ ഫോണ്‍ ചോര്‍ത്തുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി ആരോപിച്ചു. കൊല്‍ക്കത്തയില്‍ വാര്‍ത്താസമ്മേളനത്തിലാണ് മമത പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചത്.
ചില്ലറ വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതിനെ ശക്തമായി ചെറുക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് നാളെ തൃണമൂല്‍ മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവയ്‌ക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. ഇന്ധന വില വര്‍ധനവിനെതിരായ പശ്ചിമ ബംഗാളിലെ ബന്ദ് വിജയകരമായിരുന്നില്ല. ബന്ദ് രാഷ്‌ട്രീയം ജനവിരുദ്ധമെന്നും ബന്ദ് നടത്തിയാണ് ഇടതുമുന്നണി പശ്ചിമബംഗാളില്‍ തകര്‍ന്നതെന്നും മമതാ ബാനര്‍ജി പറഞ്ഞു.
ഇടതുപാര്‍ട്ടികള്‍ ഓരോ ഏഴു ദിവസം കൂടുമ്പോഴും പണിമുടക്കുകയാണ്. കേന്ദ്രം എന്തെങ്കിലും പ്രഖ്യാപിക്കും, അവര്‍ പണിമുടക്കും പ്രഖ്യാപിക്കും. ബംഗാളില്‍ ഇക്കൊല്ലം അവര്‍ 30 പണിമുടക്കുകള്‍ നടത്തിക്കഴിഞ്ഞു. ഇത്തരം ബന്ദുകള്‍ കൊണ്ട് ഇടതുപക്ഷം ബംഗാളിനെ തകര്‍ക്കുകയാണ് അത് പൊറുക്കാനാവുന്നതല്ലെന്ന് മമത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: