അങ്കമാലി: കുറഞ്ഞ സമയം കൊണ്ട് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്ത് എത്തുന്ന വിധത്തില്‍ നിര്‍മ്മിക്കുന്ന റെയില്‍വേ ഇടനാഴിക്ക് വേണ്ടിയുള്ള സര്‍വ്വേ നടപടികള്‍ക്ക് എതിരെ നെടുമ്പാശ്ശേരി അങ്കമാലി മേഖലയില്‍ പ്രതിഷേധം ശക്തമാകുന്നു. ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി, മൂക്കന്നൂര്‍, കറുകുറ്റി പഞ്ചായത്തുകളിലാണ് പ്രതിഷേധം ശക്തമാകുന്നത്. പ്രക്ഷോഭപരിപാടികളുടെ ഭാഗമായി ഈ പഞ്ചായത്തുകളില്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ സംഘടിച്ച് ബഹുജന കണ്‍വെന്‍ഷനുകള്‍ നടത്തി ആക്ഷന്‍ കൗണ്‍സിലുകള്‍ രൂപീകരിച്ച് കഴിഞ്ഞു.
അതിവേഗ റെയില്‍ ഇടനാഴിക്ക് വേണ്ടി 15 മീറ്റര്‍ വീതയില്‍ സ്ഥലം ഏറ്റെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നെങ്കിലും പല സ്ഥലങ്ങളിലും 110 മീറ്റര്‍ വീതി വരെ സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് മൂലം സര്‍വ്വേ സംബന്ധിച്ച് ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ സംഘടിച്ചിട്ടുള്ളത്. സര്‍വ്വേ നടപടികളുടെ ഭാഗമായി വീടുകളിലും പുരയിടങ്ങളിലും അനുവാദമില്ലാതെ കയറി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ധിക്കാരപരമായിട്ടാണ് പെരുമാറുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതും ജനങ്ങളില്‍ പ്രതിഷേധം ശക്തമാക്കുവാന്‍ കാരണമായിട്ടുണ്ട്. അതിവേഗ റെയില്‍ ഇടനാഴിക്ക് വേണ്ടി സ്ഥലവും വീടും നഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി അതാതു പഞ്ചായത്തുകളില്‍തന്നെ സ്ഥലവും വീടും നല്‍കണമെന്നും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും സ്ഥലവും വീടും നഷ്ടപ്പെടുന്ന ഒരു വീട്ടിലെ ഒരാള്‍ക്കെങ്കിലും റെയില്‍വേയില്‍ തൊഴില്‍ നല്‍കണമെന്നും തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഈ പഞ്ചായത്തുകളിലെ ജനങ്ങള്‍ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് ഒരുങ്ങുന്നത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനും തീരദേശസംരക്ഷണ സേന താവളത്തിനും കൂടുതല്‍ സ്ഥലം എടുത്തിട്ടുള്ളത് കാഞ്ഞൂര്‍, ശ്രീമൂലനഗരം പഞ്ചായത്തുകളില്‍നിന്നാണ്. ഈ പഞ്ചായത്തുകളെ കീറി മുറിക്കുന്ന വിധത്തില്‍ അതിവേഗ റെയില്‍ ഇടനാഴിക്കുവേണ്ടി കൂടി സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാല്‍ ഈ പഞ്ചായത്തുകളില്‍ ഒരു പഞ്ചായത്ത് തന്നെ ഇല്ലാതാകുവാന്‍ സാധ്യതയുണ്ട്. തീരസംരക്ഷണ സേനയുടെയും വിമാനത്താവളത്തിന്റെയും വരവോടെ ശ്രീമൂലനഗരം പഞ്ചായത്തിലെ അടിസ്ഥാന വികസനം പോലും നടക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
കാലടി പഞ്ചായത്തില്‍ ശബരി പാതയ്ക്ക് സ്ഥലം ഏറ്റെടുത്തവര്‍ക്ക് ഇതുവരെയും യാതൊരു ആനുകൂല്യവും നല്കിയിട്ടില്ലായെന്നു മാത്രമല്ല, ശബരിപാത പദ്ധതിയ്ക്കുവേണ്ടി സ്ഥലവും വീടും നല്കിയവര് ഈ പ്രദേശത്ത് വളരെ ദുരിതത്തിലാണ് കഴിയുന്നത്. സ്ഥലവാസം കുറഞ്ഞ സ്ഥലങ്ങളിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി, തുറവൂര്‍, മൂക്കന്നൂര്‍, കറുകുറ്റി പഞ്ചായത്തുകളില്‍ ജനനിബിഡമായ പ്രദേശങ്ങളിലൂടെയാണ് സര്‍വ്വേ നടത്തിയിട്ടുള്ളത്. ഇത് പ്രതിഷേധം ശക്തമാക്കുവാന്‍ കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: