മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ യുപിഎ സര്‍ക്കാരിന് കേവല ഭൂരിപക്ഷമില്ലാതായിരിക്കുകയാണ്. തീവ്രപരിചരണവിഭാഗത്തില്‍ കിടക്കുന്ന രോഗിയെ പോലെയാണിന്ന് മന്മോഹന് സിംഗ് സര്‍ക്കാര്‍. എന്നിട്ടും ജനങ്ങളോട് വെല്ലുവിളി നടത്താന്‍ തരിമ്പും മടി കാണിക്കുന്നുമില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് സര്‍ക്കാരിന്റെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോര്‍ കമ്മറ്റിയുടെ തീരുമാനം. സാമ്പത്തിക ബാധ്യതകള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച ശേഷം പ്രതിഷേധം ശക്തമായപ്പോള്‍ പാചകവാതകത്തിലെ ക്രമീകരണം സംസ്ഥാനത്തിന്റെ ബാധ്യതയാക്കി മാറ്റാന്‍ പോകുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സബ്സിഡി നിരക്കില്‍ ഒമ്പതു സിലിണ്ടര്‍ നല്‍കാനാണ് നിര്‍ദേശം. വര്‍ഷത്തില്‍ ആറു സിലിണ്ടര്‍ നല്കിയാല് മതി എന്ന് തീരുമാനിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളെ കൊണ്ടും ഒമ്പതു സിലിണ്ടര്‍ വീതം കൊടുപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്. പ്രധാനമന്ത്രിയടക്കം പങ്കെടുത്ത യോഗത്തില്‍ മമത ഉന്നയിച്ച പ്രശ്നങ്ങളൊന്നും പരിഹരിക്കാനായില്ല. യുപിഎ നേരിടുന്ന പ്രതിസന്ധിക്ക് കൃത്യമായ പരിഹാരം യോഗത്തില്‍ ഉയര്‍ന്നു വന്നില്ല. യോഗത്തിനിടയില്‍ തന്നെ മമത ബാനര്‍ജിയുമായി ഫോണില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കേന്ദ്ര റെയില്‍വേ മന്ത്രിയും തൃണമൂല്‍ നേതാവുമായ മുകള്‍ റോയ് മുഖേന യോഗ തീരുമാനങ്ങള്‍ മമതയെ അറിയിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുകയും ചെയ്യുന്നു.
ഡീസല്‍ വില പിന്‍വലിക്കുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുമുണ്ട്. സാമ്പത്തിക പരിഷ്കരണ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്നും കോണ്‍ഗ്രസ് തീരുമാനിച്ചത്രെ. കോണ്‍ഗ്രസ് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതോടെ മമത ഇന്ന് രാഷ്ട്രപതിയെ കണ്ട് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യം ഔദ്യോഗികമായി അറിയിക്കാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കേണ്ടിവരും. നേരത്തെ ഭൂരിപക്ഷം തെളിയിക്കേണ്ട സാഹചര്യം വന്നപ്പോള്‍ പണമിറക്കി ജനാധിപത്യത്തെ അട്ടിമറിച്ച ചരിത്രമാണ് മന്‍മോഹന്‍സിംഗിനുള്ളത്. ഒരിക്കല്‍ കൂടി ആ പരീക്ഷണത്തിന് മുതിരുകയല്ല, മാനവും മര്യാദയുമുണ്ടെങ്കില്‍ പ്രധാനമന്ത്രി പദം ഒഴിയുകയാണ് വേണ്ടത്. പ്രധാനമന്ത്രി വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസുമായി ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നില്ലെന്നും മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ പറഞ്ഞിരിക്കുകയാണ്. വിദേശ നിക്ഷേപക്കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും മമത കുറ്റപ്പെടുത്തി. ഡീസല്‍ വില വര്‍ധിപ്പിച്ചതിലും ചില്ലറ വ്യാപാരമേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചതിലും പ്രതിഷേധിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ഇതോടെ 543 അംഗ ലോക്സഭയില്‍ യുപിഎ സര്‍ക്കാരിന്റെ പിന്തുണയ്ക്കുന്ന എംപിമാരുടെ എണ്ണം 254 ആയി. കേവല ഭൂരിപക്ഷത്തിന് 272 പേരുടെ പിന്തുണയാണ് വേണ്ടത്. രാഷ്ട്രപതിയായതിനെ തുടര്‍ന്ന് പ്രണബ് മുഖര്‍ജി രാജി വച്ചതടക്കം ലോക്സഭയില്‍ രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
മമതയുടെ പിന്തുണയില്ലാതെ പ്രണബ് മുഖര്‍ജി രാജി വച്ച ബംഗാളിലെ പാര്‍ലമെന്റ് സീറ്റില്‍ കോണ്‍ഗ്രസിന്റെ മത്സരം കടുത്തതാകുമെന്നു മാത്രമല്ല കെട്ടിവച്ച കാശു പോലും തിരിച്ചു കിട്ടാത്ത അവസ്ഥയാകും ഉണ്ടാകുക. 19 എംപിമാരുള്ള തൃണമൂല്‍ യുപിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ്. ഡീസല്‍ വിലവര്‍ധന ഉള്‍പ്പെടെയുള്ള പരിഷ്കരണനടപടികള്‍ പിന്‍വലിക്കാത്തപക്ഷം കേന്ദ്രമന്ത്രിസഭയില്‍നിന്ന് റെയില്‍മന്ത്രി മുകുള്‍റോയ് അടക്കം ആറു തൃണമൂല്‍ മന്ത്രിമാരും നാളെ രാജിവയ്ക്കും. പുറത്തുനിന്ന് പിന്തുണയ്ക്കാനും തയ്യാറല്ലെന്ന് തൃണമൂല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡീസല്‍ വിലവര്‍ധനയില്‍ മൂന്നുനാലു രൂപയെങ്കിലും കുറവ് വരുത്തുക, സബ്സിഡിയോടെയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12 എങ്കിലുമാക്കി ഉയര്‍ത്തുക, മള്‍ട്ടിബ്രാന്‍ഡ് ചില്ലറവില്‍പ്പനയിലെ വിദേശനിക്ഷേപം പൂര്‍ണമായും പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മമത ഉന്നയിച്ചത്. ഇത് നടപ്പാക്കാന്‍ വെള്ളിയാഴ്ചവരെ കോണ്‍ഗ്രസിന് സമയം നല്‍കിയിട്ടുമുണ്ട്. മമത ഇന്നെടുക്കുന്ന തീരുമാനത്തില്‍ നാളെ ഉറച്ചു നില്‍ക്കുമെന്നൊന്നും പറയാനാകില്ല. ഒട്ടും സ്ഥിരതയില്ലാത്ത വ്യക്തിത്വമാണവരുടെതെന്ന് ഇതിനകം തെളിയിച്ചതാണ്. മമത എന്തു തന്നെ നിലപാടെടുത്താലും ജനങ്ങളോട് പ്രതിബദ്ധതയുള്ള പ്രതിപക്ഷം പ്രത്യേകിച്ച് ബിജെപിയും സഖ്യകക്ഷികളും ശക്തമായ നിലപാടുമായി മുന്നോട്ടു പോകുകയാണ്.
ജനങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന സാമ്പത്തിക നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് ഉടന്‍ വിളിക്കണമെന്നവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. കല്‍ക്കരി കോഴയില്‍ മുങ്ങി വികൃതരായി നാലാളുടെ മുന്നില്‍ നില്ക്കാന് പോലും കോണ്‍ഗ്രസുകാര്‍ക്ക് പറ്റാത്ത അവസ്ഥയായിരുന്നു. അഴിമതിക്കെതിരായ സമരം വിലക്കയറ്റത്തിനെതിരായി തിരിച്ചു വിടാനാണ് തിടുക്കത്തില്‍ സാമ്പത്തിക നടപടികളിലേക്ക് നീങ്ങിയത്. ഏതു ഗംഗയില്‍ കുളിച്ചാലും കോണ്‍ഗ്രസുകാര്‍ക്കും കേന്ദ്രഭരണത്തിനും മോക്ഷം കിട്ടാന്‍ പോകുന്നില്ല. ഈ ഭരണ വൈകൃതം അവസാനിച്ചാലേ ഇനി രാജ്യത്തിനും ജനങ്ങള്‍ക്കും രക്ഷയുള്ളൂ. ലോകത്തിനു മുന്നില്‍ രാജ്യത്തെ നാണം കെടുത്തിയ മന്മോഹന് സര്‍ക്കാരിനെ ഇന്ന് ആശിര്‍വദിക്കുന്നത് അമേരിക്ക മാത്രമാണ്. ഇന്ത്യയെ അവരുടെ സാമന്ത രാജ്യമാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. അതിന് നിര്‍ലജ്ജം വഴങ്ങിക്കൊടുക്കുകയാണ് മന്മോഹന്-സോണിയ കൂട്ടുകെട്ട് ചെയ്യുന്നത്. അമേരിക്കയുടെ ഉച്ഛിഷ്ടം ഭുജിക്കുന്നത് ഇവര്‍ക്ക് സന്തോഷം പകരുന്നതായിരിക്കാം. പക്ഷേ കോടാനുകോടി ഭാരതീയര്‍ക്ക് അതിനു മനസ്സില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കേണ്ട സമയമാണിത്. മന്മോഹന് ഭരണം അവസാനിക്കും വരെ ഉറക്കമില്ലാതെ പ്രയത്നിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയാണ് ആത്മാഭിമാനമുള്ള ഓരോ ഭാരതീയനും ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: