കൊച്ചി: വാഹനപരിശോധനയുടെ പേരില്‍ ടാങ്ക്ലോറികള് വഴിയില്‍ തടഞ്ഞുനിര്‍ത്തി ജീവനക്കാരെ പീഡിപ്പിക്കുകയും ഭീമമായ പിഴ ചുമത്തുകയും കേസെടുക്കുകയും ചെയ്യുന്നതിനെതിരെ സംസ്ഥാനവ്യാപകമായി ടാങ്ക്ലോറികളും എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ട്രക്കുകളും അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ ടാങ്ക് ലോറി ഉടമകളുടെയും ജീവനക്കാരുടെയും സംയുക്ത പ്രവര്‍ത്തകയോഗം തീരുമാനിച്ചു.
കണ്ണൂര്‍ ചാലയില്‍ ഉണ്ടായ ദുരന്തത്തെത്തുടര്‍ന്നാണ് വാഹനപരിശോധന കര്‍ശനമാക്കിയിട്ടുള്ളത്. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും പരിക്കുപറ്റി ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് മെച്ചപ്പെട്ട ചികിത്സയും ലഭ്യമാക്കുകയും ചെയ്യണം. അതോടൊപ്പം ദുരന്തത്തിന് ഇടയാക്കിയ കാരണങ്ങള്‍ കണ്ടെത്തി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണം. ഡിവൈഡറുകള്‍ ശാസ്ത്രീയമായി പുനര്‍നിര്‍മ്മിക്കണം, റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം, ദുരന്തം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും ഭരണപരമായ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം ടാങ്ക്ലോറി ജീവനക്കാരെ പീഡിപ്പിക്കുന്ന നടപടികളാണ് അധികാരികള്‍ സ്വീകരിച്ചുപോരുന്നത്.
പകല്‍സമയങ്ങളില്‍ ഓയില്‍ടാങ്ക് ലോറികള്‍ ഓടാന്‍ പാടില്ലെന്ന് പറഞ്ഞ് കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ടാങ്കര്‍ലോറികള്‍ പകല്‍ ഓടാന്‍ അനുവദിക്കാത്തത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഏകപക്ഷീയമായ ഇത്തരം തീരുമാനങ്ങളില്‍നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും തൊഴിലാളികള്‍ക്ക് നിര്‍ഭയമായി ജോലിചെയ്യാന്‍ സാഹചര്യമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഭാരത് പെട്രോളിയം ട്രാന്‍സ്പോര്‍ട്ട് ഫെഡറേഷന് പ്രസിഡന്റ് എ.ജെ. ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പെട്രോളിയം പ്രൊഡക്ട് ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റ് ടി.ആര്. ഗോപിനാഥ്, കേരള സ്റ്റേറ്റ് ടാങ്ക് ലോറി വര്‍ക്കേഴ്സ് യൂണിയന് ജനറല്‍ സെക്രട്ടറിഎം. ഇബ്രാഹിംകുട്ടി, ലോറിയുടമാ സംഘടനാ നേതാക്കളായ പി.പി. ചാക്കോ, എ.എം. ഡേവിഡ്, കെ.വി. പോള്‍, വര്‍ക്കേഴ്സ് യൂണിയന് നേതാക്കളായ ബി. ഹരികുമാര്‍, എം.എം. ബിജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: