ഇസ്ലാമാബാദ്: പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകളിലെ പുനരന്വേഷണം ആവശ്യപ്പെട്ട് സ്വിറ്റ്സര്‍ലാന്‍ഡ് അധികൃതര്‍ക്ക് കത്തെഴുതാന്‍ തയാറാണെന്ന് പ്രധാനമന്ത്രി രാജ പര്‍വേസ് അഷറഫ് വ്യക്തമാക്കി. ഇത് സംബന്ധിച്ച കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
സര്‍ദാരിക്കെതിരായ കേസ് പരിഗണിക്കവെ ആയിരുന്നു അഷറഫ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ നിയമമന്ത്രി ഫറൂഖ് നയേക്കിനോട് നിര്‍ദേശിച്ചതായും അദ്ദേഹം അറിയിച്ചു. 2009 ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ജനറല്‍ പര്‍വേസ് മുഷാറഫ് ആണ് സര്‍ദാരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അഴിമതിക്കേസുകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ കേസുകള്‍ തുടരന്വേഷിക്കാന്‍ സ്വിറ്റ്സര്‍ലാന്‍ഡ് അധികൃതര്‍ക്ക് കത്തെഴുതാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതോടെയാണ് കേസില്‍ വഴിത്തിരിവായത്.
കോടതിയുത്തരവ് അനുസരിക്കാന്‍ വിസമ്മതിച്ചതിനാല്‍ പ്രധാനമന്ത്രിയായിരുന്ന യൂസഫ് റാസ ഗീലാനിയെ ആ പദവിയില്‍ നിന്നും കോടതി അയോഗ്യനാക്കുകയും ചെയ്തിരുന്നു. പ്രസിഡന്റിന് നയതന്ത്ര ആനുകൂല്യമുണ്ടെന്നായിരുന്നു ഗീലാനിയുടെ വിശദീകരണം.
കോടതിയലക്ഷ്യ നടപടിയുടെ തുടര്‍ച്ചയായിട്ടായിരുന്നു ഗീലാനിയെ കോടതി അയോഗ്യനാക്കിയത്. ഗീലാനിക്ക് പകരക്കാരനായാണ് രാജ പര്‍വേസ് അഷറഫ് ചുമതലയേറ്റത്. പര്‍വേസ് അഷറഫിനോടും കോടതി ഇതേ ആവശ്യമുന്നയിച്ചതോടെ പാക്കിസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുക്കുകയും ചെയ്തിരുന്നു. ഇതിനൊടുവിലാണ് കേസുകളില്‍ തുടരന്വേഷണം ആവശ്യപ്പെടാന്‍ തയാറാണെന്ന് പ്രധാനമന്ത്രി കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
സര്‍ദാരിക്കെതിരായ കേസ് അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എ.ജി സ്വിസ് അധികൃതര്‍ക്ക് എഴുതിയ കത്ത് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും അഷറഫ് സുപ്രീംകോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: