പെരുമ്പാവൂര്‍: കോണ്‍ഗ്രസില്‍ എ-ഐ ഗ്രൂപ്പ് പോര് മുറുകുന്നു. പെരുമ്പാവൂരില്‍ മന്ത്രിമാരേയും എംഎല്‍എമാരേയും പങ്കെടുപ്പിച്ചുകൊണ്ട് എ ഗ്രൂപ്പിന്റെ ശക്തി തെളിയിക്കാന്‍ ടി.എച്ച്.മുസ്തഫ നടത്തിയ ശ്രമം അമ്പേ പരാജയപ്പെട്ടു. മുസ്തഫയുടെ വെട്ടിനെ തങ്കച്ചനും ഐ ഗ്രൂപ്പും കടത്തിവെട്ടിയതിനാലാണ് എംഎല്‍എമാരും മന്ത്രിമാരും വിട്ടുനിന്നതെന്നാണ് ജന സംസാരം. കുന്നത്തുനാട്, പെരുമ്പാവൂര്‍ നിയോജകമണ്ഡലങ്ങളിലെ ഐഎന്‍ടിയുസി തൊഴിലാളികളുടെ മേഖലാ സമ്മേളനമാണ് എ-ഐ ഗ്രൂപ്പ് പോരിന് വേദിയായത്. ഈ യോഗത്തില്‍നിന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ടി.പി.ഹസ്സനേയും യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനേയും ഒഴിവാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്.
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഫിഷറീസ് എക്സൈസ് വകുപ്പ് മന്ത്രി കെ.ബാബു, കേന്ദ്രമന്ത്രി കെ.വി.തോമസ്, എംഎല്‍എ മാരായ വി.പി.സജീന്ദ്രന്, ബെന്നി ബഹനാന് തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ യോഗം തുടങ്ങിയപ്പോള്‍ മന്ത്രിമാരേയും എംഎല്‍എ മാരേയും കാണാതെ വന്നപ്പോഴാണ് സമ്മേളനത്തില്‍ എത്തിയ പല തൊഴിലാളികളും ഇവിടുത്തെ ഗ്രൂപ്പ് പോരിനെക്കുറിച്ച് മനസ്സിലാക്കുന്നത്. അവസാനം ഐഎന്‍ടിയുസിയുടെ സംസ്ഥാന നേതാവ് കെ.പി.ഹരിദാസ് യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി ടി.എച്ച്.മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. ഈ സമയം സദസ്സിലിരുന്ന വനിതകളില്‍ ഭൂരിഭാഗവും സ്ഥലം കാലിയാക്കിയിരുന്നു.
സ്വാഗതസംഘം ചെയര്മാന് എം.പി.രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിച്ച നേതാക്കളെല്ലാം എമര്‍ജിംഗ് കേരളയില്‍ പങ്കെടുക്കുന്നതുകൊണ്ടാണ് മന്ത്രിമാര്‍ എത്താതിരുന്നതെന്നാണ് അറിയിച്ചത്.കാലാവസ്ഥ അനുകൂലമായതിനാല്‍ മന്ത്രിമാര്‍ വന്നില്ലെങ്കിലും കുഴപ്പമില്ല ഈശ്വരന് നമ്മോടൊപ്പമാണെന്നും, മഴ പെയ്യുമെന്ന് കരുതിയ ഐ ഗ്രൂപ്പുകാര്‍ നാണം കെട്ടുവെന്നും പറഞ്ഞാണ് മുഖം രക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: