മട്ടാഞ്ചേരി: പോലീസിലെ ക്രിമിനലുകളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതായുള്ള ഹൈബി ഈഡന്റെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി രംഗത്തിറങ്ങി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ തോപ്പുംപടി പോലീസ് കേസ്സ് എടുത്തതില്‍ പ്രതിഷേധിച്ച് നടന്ന സ്റ്റേഷന് പ്രതിഷേധ മാര്‍ച്ചിലാണ് ഹൈബി ഈഡന് എംഎല്‍എ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ചത്. പോലീസിന് സ്വാതന്ത്ര്യം നല്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പോലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നതായും, പോലീസിനെ നിഷ്പക്ഷമാക്കാന്‍ സംസ്ഥാനത്തെ എംഎല്‍എ മാരെ കുട്ടുപിടിച്ച് നിയമനിര്‍മാണത്തിന് സമ്മര്‍ദ്ദം ചെലുത്തുവാനും ഹൈബി ഈഡന് എംഎല്‍എ പ്രസംഗിക്കുകയും ചെയ്തതാണ് മട്ടാഞ്ചേരികോണ്ഗ്രസ് അംഗങ്ങളെ ചൊടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിലുള്ള ഗ്രൂപ്പ് വഴക്ക് ഭീഷണിയായി മാറിയതിനെതുടര്‍ന്ന് പരാതിയും പോലീസ് നടപടിയുമുണ്ടായിരുന്നു. ഇതില്‍ നിന്ന് ഒഴിവാക്കുവാന്‍ ഇരു ഗ്രൂപ്പ് നേതാക്കളും പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ശക്തമായ സമീപനത്തില്‍ ഹൈബി ഈഡന് പക്ഷം പരാജയപ്പെടുകയും ചെയ്തു. ഇതിനെതുടര്‍ന്നാണ് ഒരു വിഭാഗം പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തിയത്. ഹൈബി ഈഡന് മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയത് ഭരണകക്ഷിയിലെ ഘടകക്ഷികളിലും ഏറെ അമ്പരപ്പുളവാക്കുകയും ചെയ്തിരുന്നു.
ഭരണകക്ഷിയിലെ കോണ്‍ഗ്രസ് എംഎല്‍എ തന്നെ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് കൊച്ചി നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയോഗം പ്രമേയം പാസ്സാക്കിയാണ് രംഗത്തിറങ്ങിയത്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗമായ എംഎല്‍എ പദവിയെയും, സംഘടനയെയും അവഹേളിച്ചതായാണ് യോഗം വിലയിരുത്തിയത്. ബ്ലോക്ക് സെക്രട്ടറി പി.എം.എം.അലി അവതരിപ്പിച്ച പ്രമേയത്തെ ചുള്ളിക്കല്‍ മണ്ഡലം പ്രസിഡന്റ് ഡോ.മാനുവല്‍ പിന്താങ്ങുകയും ചെയ്തു. യോഗത്തില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ഹൈബി ഈഡനെതിരെ രൂക്ഷമായ പരാമര്‍ശവും നടന്നതായും പറയുന്നു. യൂത്ത് കോണ്‍ഗ്രസ്സിന്റെ വിവിധ മണ്ഡലങ്ങള്‍ പ്രകടനം നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: