കൊച്ചി: നാഷണല്‍ ബോര്‍ഡ് ഫോര്‍ ഹയര്‍ മാത്തമാറ്റിക്സിന്റെ (കേന്ദ്രഅണുശക്തി വകുപ്പ്) ആഭിമുഖ്യത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ ഗണിതശാസ്ത്ര വകുപ്പ് സംഘടിപ്പിക്കുന്ന മേഖലാ ഗണിതശാസ്ത്ര ഒളിമ്പ്യാഡ് ഡിസംബര്‍ രണ്ടിന് നടത്തും. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ളതാണ് മത്സരപരീക്ഷ. അടുത്തവര്‍ഷം കൊളംബിയയില്‍ നടക്കുന്ന അന്താരാഷ്ട്ര ഗണിതശാത്ര ഒളിമ്പ്യാഡിന്റെ ഭാരതസംഘത്തിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യഘട്ടമാണിത്. ആദ്യത്തെ അഞ്ച് റാങ്കുകാര്‍ക്ക് കേരള- ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റേയും, പ്രൊഫ.സി.വെങ്കിട്ടരാമന് സ്മാരക ട്രസ്റ്റിന്റെയും പുരസ്ക്കാരങ്ങള്‍ ലഭിക്കും. ഇരിങ്ങാലക്കുട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ കേന്ദ്രങ്ങളിലായിരിക്കും മത്സരപ്പരീക്ഷ നടത്തുന്നതെന്ന് മേഖലാ കോര്‍ഡിനേറ്റര്‍ ഡോ.എം.വിജയകുമാര്‍ അറിയിച്ചു.
അംഗീകൃത സ്കൂളിന്റെ പ്രിന്‍സിപ്പല്‍മാര്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷയില്‍ പേര്, ക്ലാസ്, മേല്‍വിലാസം, ഫോണ്‍, ഇ-മെയില്‍, പരീക്ഷാകേന്ദ്രം എന്നീ വിവരങ്ങള്‍ ഉണ്ടായിരിക്കണം. മേഖലാ കോര്‍ഡിനേറ്റര്‍ (ഐഎന്‍എംഒ)യുടെ പേരില്‍ കൊച്ചി സര്‍വ്വകലാശാല ക്യാംപസിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ മാറാവുന്ന മുപ്പതു രൂപയുടെ ഡ്രാഫ്റ്റ് സഹിതം ഒക്ടോബര്‍ 25-ാം തീയതിക്കകം ഡോ.പി.എം.മാത്യു, ജോയിന്റ് കോര്‍ഡിനേറ്റര്‍, ഗണിതശാത്ര വിഭാഗം, സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി, കോഴിക്കോട് 673008 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ.എ.വിജയകുമാര്‍, മേഖലാ കോര്‍ഡിനേറ്റര്‍ (ഐഎന്‍എംഒ), ഗണിതശാസ്ത്രവകുപ്പ്, കൊച്ചി സര്‍വ്വകലാശാല, കൊച്ചി-682022 ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: