കൊച്ചി: കേന്ദ്രസര്‍ക്കാര്‍ ഡീസല്‍ ലിറ്ററിന് 5 രൂപ വില വര്‍ധിപ്പിച്ച നടപടിയില്‍ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് ശക്തമായി പ്രതിഷേധിച്ചു. വിലവര്‍ധനവ് ഉടന്‍ പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഡീസല്‍ വില വര്‍ധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഹോട്ടല്‍ മേഖലയെയാണ്. കൂടാതെ കമേര്‍സ്യല്‍ ഗ്യാസിന്റെ വില അടിക്കടി എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത് ഹോട്ടല്‍ മേഖലയ്ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. കേരളത്തിലെ ഹോട്ടല്‍വ്യവസായം മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വരുന്ന അരി, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, ഇറച്ചി എന്നിവയെ ആശ്രയിച്ചാണ് നടത്തിക്കൊണ്ടുപോകുന്നത്. ഇവയുടെ വില വര്‍ധനവ് ഇപ്പോള്‍ തന്നെ പല പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഹോട്ടല്‍മേഖലയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകും. അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനവ് മൂലം ഭക്ഷ്യവസ്തുക്കളുടെ വില വില വര്‍ധിപ്പിക്കാന്‍ ഹോട്ടലുടമകള്‍ നിര്‍ബന്ധിതരാകുമെന്ന് പ്രസിഡന്റ് ജി.സുധീഷ്കുമാര്‍, ജനറല്‍സെക്രട്ടറി ജോസ് മോഹന്‍ എന്നിവര്‍ അറിയിച്ചു.
കൊച്ചി: അവശ്യ സാധനങ്ങളുടെ വില വര്‍ധനയ്ക്ക് കാരണമാകുന്ന ഡീസല്‍ വില വര്‍ധന പിന്‍വലിക്കണമെന്നും സബ്സിഡിയോടെയുള്ള പാചക വാതക സിലിണ്ടര്‍ വര്‍ഷത്തില്‍ ആറ് എണ്ണമായി പരിമിതപ്പെടുത്താനുള്ള നടപടികള്‍ ഉപേക്ഷിക്കണമെന്നും എറണാകുളം ജില്ലാ റെസിഡന്റ്സ് അസോസിയേഷന്‍സ് അപക്സ് കൗണ്‍സില്‍ (എഡ്രാക്ക്) സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉദയംപേരൂര്‍ പാചകവാതക പ്ലാന്റ് പ്രവര്‍ത്തനം പുനഃസ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എഡ്രാക്ക് പ്രസിഡന്റ് പി.രംഗദാസപ്രഭു അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.അജിത് കുമാര്‍, ഭാരവാഹികളായ ഡി.ജി.സുരേഷ്, കെ.എ.ഫ്രാന്‍സിസ്, പി.പത്മരാജന്, ജോസ് വിതയത്തില്‍, എ.എ.അബ്ദുള്‍ റഷീദ്, എം.ടി.വര്‍ഗീസ്, ടി.എസ്.മാധവന് എന്നിവര്‍ സംസാരിച്ചു.
കൊച്ചി: ഡീസലിനും പാചകവാതകത്തിനും വില കുത്തനെ ഉയര്‍ത്തി സാധാരണക്കാരന്റെ നടുവൊടിക്കുന്ന നടപടി പിന്‍വലിക്കണമെന്ന് സംസ്ഥാന ഉപഭോക്തൃ ക്ഷേമസമിതി ആവശ്യപ്പെട്ടു. എല്ലാ മേഖലകളിലുമുള്ള വില വര്‍ധനവുകൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന സാധാരണക്കാരന് ഈ വില വര്‍ധനവ് താങ്ങാനാവാത്തതാണ്. ഡീസല്‍ വില വര്‍ധനവ് കൊണ്ടുണ്ടാകുന്ന അധിക വില്‍പ്പന നികുതി കേരള സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനങ്ങള്‍ സമിതി പ്രസിഡന്റ് അഡ്വ.മാത്യു പോള്‍ പ്രധാനമന്ത്രി, പെട്രോളിയം വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നവര്ക്കയച്ചു.
മട്ടാഞ്ചേരി: ഡീസല്‍വിലവര്‍ധനവ് സംസ്ഥാനത്തെ വ്യവസായ- വാണിജ്യമേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഇന്‍ഡസ്ട്രി പ്രസിഡന്റ് പി.എല്‍.പ്രകാശ് ജെയിംസ് പറഞ്ഞു. എമെര്‍ജിംഗ് കേരള പോലുള്ളനിക്ഷേപസംഗമം നടക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഡീസല്‍ വിലവര്‍ധന തിരിച്ചടിയായി മാറ്റും. വില വര്‍ധന ആവശ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഡീസല്‍ വില വര്‍ധനവ് പിന്‍വലിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രകാശ് ജെയിംസ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: