പള്ളുരുത്തി: പള്ളുരുത്തിയില്‍ അടിക്കടിയുണ്ടാകുന്ന അക്രമസംഭവങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പഴയ ഗുണ്ടാത്തലവന്മാരെന്ന് പോലീസ്. പള്ളുരുത്തിയില്‍ ഒരിടവേളയ്ക്കുശേഷം ഇരു സംഘങ്ങളായി തിരിഞ്ഞുള്ള അക്രമസംഭവങ്ങള്‍ വര്‍ധിക്കുമ്പോള്‍ രഹസ്യ കേന്ദ്രങ്ങളില്‍നിന്ന് ഇവരെ നയിക്കുന്നത് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ള ഗുണ്ടാ സംഘത്തലവന്മാരാണ്. ചെറുതും വലുതുമായ അക്രമങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്കി സംഘത്തലവന്മാരുടെ നിര്‍ദ്ദേശപ്രകാരം ഇരകളെ ആക്രമിച്ച് ദൗത്യം നിറവേറ്റുന്ന ഇവരെ പല കാരണങ്ങള്‍കൊണ്ടും പോലീസിന് തൊടാന്‍ കഴിയുന്നില്ല.
ഉന്നതങ്ങളിലെ സ്വാധീനമുപയോഗിച്ചാണ് ഇവര്‍ പലപ്പോഴും രക്ഷപ്പെടുന്നതും ഉദ്യോഗസ്ഥരെ വിറപ്പിക്കുന്നതും. മൂന്ന് ദിവസം മുന്‍പാണ് പള്ളുരുത്തിയില്‍ സുനിര്കുമാറെന്ന ചെറുപ്പക്കാരനെ ക്വട്ടേഷന്‍ സംഘം ആക്രമിച്ചത്. അക്രമി സംഘവുമായി ബന്ധപ്പെട്ട ഒരാള്‍ക്കെതിരെ പരാതി നല്കാന് സഹായിച്ചതിനാണ് സുനില്‍കുമാര്‍ ആക്രമിക്കപ്പെട്ടത്. ഇയാളുടെ ഭാര്യയും അമ്മയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളും ഇയാളുടെ സുഹൃത്തും ആക്രമിക്കപ്പെട്ടു. കൊള്ളപ്പലിശക്കാര്ക്കുവേണ്ടിയും പള്ളുരുത്തിയില്‍ ക്വട്ടേഷന്‍ സംഘം സജീവമായി രംഗത്തുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ അക്രപരമ്പരകള് തന്നെ പ്രദേശത്ത് നടമാടിയിരുന്നു. ചില പോലീസുദ്യോഗസ്ഥന്മാരുടെ സമര്‍ത്ഥമായ ഇടപെടല്‍ മൂലം ഗുണ്ടാസംഘത്തിന്റെ വേരറുത്തെങ്കിലും തങ്ങളുടെ ഇംഗിതത്തിന് വഴങ്ങുന്ന ചിലരുടെ വരവ് ഗുണ്ടാ സംഘത്തിന് തണലൊരുക്കി. മയക്കുമരുന്ന്, പണം തട്ടല്‍, ക്വട്ടേഷന്‍ തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് സജീവമാകുമ്പോഴും ഗുണ്ടകളുടെ രാഷ്ട്രീയ ബന്ധം ഇവര്‍ക്ക് തണലൊരുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: