ജീവിക്കണം എന്ന ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ നാം പല വഴികള്‍ തേടുന്നു. നല്ലതും തീയതുമെന്ന് അതിനെ പലകളത്തില് കറക്കി നിര്‍ത്തുന്നു. ആര് എന്തൊക്കെ പറഞ്ഞാലും ജീവന് ശരീരത്തില്‍ നിലനില്ക്കും വരെ ജീവിക്കയത്രേകരണീയം. അപ്പോള്‍ ജീവന് ശരീരത്തില്‍ നിലനിര്‍ത്താന്‍ എന്തുവേണം? ഭക്ഷണം കഴിക്കണം, വെള്ളം കുടിക്കണം, ഓ ശ്വാസം വലിക്കണം. ഇങ്ങനെയൊക്കെ ചെയ്യണമെങ്കില്‍ ഇന്നത്തെ സാഹചര്യത്തില്‍ അധികാരികളുടെ സഹായം കൂടിയേതീരു. അങ്ങനെ അധികാരികള്‍ അതൊക്കെ നേരെ ചൊവ്വേ തരണമെങ്കില്‍ അവര്‍ക്ക് അലോസരമുണ്ടാക്കുന്ന ഒന്നും ചെയ്തുപോകരുത്. ചെയ്താല്‍ പിന്നത്തെ കഥയെന്ത് ചൊല്ലേണ്ടൂ എന്ന അവസ്ഥയാണ്.
തമിഴ്നാട്ടിലെ കൂടംകുളത്ത് തകൃതിയായി പണിനടക്കുന്ന ആണവനിലയത്തിനെതിരെ പ്രതികരിച്ചവര്‍ക്ക് സര്‍ക്കാരിനെ അട്ടിമറിക്കണമെന്ന ആഗ്രഹമൊന്നുമില്ല. അത്യാവശ്യം മാനം മര്യാദയോടെ,ജീവന് ശരീരത്തില്‍ നില്ക്കുന്നതുവരെ നാട്ടുവര്‍ത്തമാനവും പറഞ്ഞ് കുഞ്ഞുകുട്ടി പരാധീനങ്ങളുമായി കഴിഞ്ഞുകൂടണമെന്നേയുള്ളൂ. ചേരിയിലെ കുട്ടിക്കും കൊട്ടാരത്തിലെ അംബാനിപുത്രനും ഇതേ ആഗ്രഹം തന്നെയേ ഉണ്ടാവൂ. അത്യാവശ്യം ചില മാറ്റങ്ങള്‍ വരും, അത്ര തന്നെ. ജീവന് അഴിച്ചിട്ട കുപ്പായങ്ങളെക്കുറിച്ച് വേവലാതിപ്പെട്ടതുകൊണ്ടോ കണ്ണീര്വാര്ത്തതുകൊണ്ടോ പ്രത്യേകിച്ച് വിശേഷമൊന്നുമില്ല. അതിനുമുമ്പ് എന്തെങ്കിലും ചെയ്താല്‍ അത്രയും നന്ന്. ആ ബോധം ഉള്ളതുകൊണ്ടാണ് കുഞ്ഞുമക്കളും വയോവൃദ്ധരും ഉള്‍പ്പെടെയുള്ള വന്‍കൂട്ടങ്ങള്‍ ആണവരാക്ഷസനെതിരെ ഒറ്റക്കെട്ടായി മുന്നോട്ടു വന്നിരിക്കുന്നത്.
ജനങ്ങള്‍ പെരുകുകയും ആവശ്യത്തിന് പോലും വൈദ്യുതി കിട്ടാതാവുകയും അതുവഴി എല്ലാ പുരോഗതിയും തടസ്സപ്പെടുകയും ചെയ്താല്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയേ നിവൃത്തിയുള്ളൂ. ജനപക്ഷത്തുനിന്ന് മുന്നോട്ടുപോവണമെന്ന് കരുതുന്ന ഏതൊരുസര്ക്കാറും (അതും മനുഷ്യരുടെ കൂട്ടമാണല്ലോ) ചെലവുകുറഞ്ഞ, അപകടസാധ്യത തുലോം പരിമിതമായ പദ്ധതികളെക്കുറിച്ചേ ആലോചിക്കുകയുള്ളൂ. എലിയെ പേടിച്ച് ഇല്ലം ചുടുന്ന ഭരണാധികാരികള്‍ ഒരു രാജ്യത്തിന് അപമാനമാണ്. സംഗതിവശാല്‍ കൂടംകുളം ആണവ നിലയത്തിന് വേണ്ടി ഒത്താശ ചെയ്യുന്ന ഭരണാധികാരികള്‍ അത്തരക്കാരാണ്. ഒരു പറ്റം മനുഷ്യര്‍ക്ക് ആഡംബരപൂര്‍വം ആര്‍ത്തട്ടഹസിക്കാന്‍ മറ്റൊരുപറ്റം മനുഷ്യരെ കൃമികീടങ്ങളായികരുതാന് അവര്‍ക്ക് ഒരു മനസ്സാക്ഷിക്കുത്തുമില്ല. പ്രക്ഷോഭത്തിനെതിരായി ഏതു ശക്തിയും അവര്‍ പ്രയോഗിക്കും. ഇതിനകം പൊലീസ് വെടിവെപ്പില്‍ തൂത്തുക്കുടിയില്‍ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും ചെയ്തു.
കൂടംകുളം നിലയം ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവ് എഴുതിയ ലേഖനം ഏറെ ശ്രദ്ധപിടിച്ചു പറ്റുന്നതാണ്. കൂടംകുളം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ എന്ന ലേഖനം മാതൃഭൂമി (സപ്തം.10) യാണ് പ്രസിദ്ധീകരിച്ചത്. കേവലം രാഷ്ട്രീയ ആരോപണങ്ങളല്ല, മറിച്ച് അതിശക്തമായ വസ്തുതാവിശകലനങ്ങളും നിരീക്ഷണങ്ങളുമാണ് ലേഖനത്തിലുള്ളത്. നോക്കുക: ലോകം മുഴുവന്‍ ആണവോര്ജത്തിലേക്കുമാറുമ്പോള് ഇന്ത്യക്കുമാത്രം മാറിനില്‍ക്കാനാവില്ല എന്ന വാദം വസ്തുതാവിരുദ്ധമാണ്. ഇന്ന് ലോകത്തുള്ള 205 രാജ്യങ്ങളില്‍ 31 രാജ്യങ്ങള്‍ മാത്രമാണ് വൈദ്യുതി ആവശ്യങ്ങള്‍ക്ക് ആണവനിലയങ്ങളെ ആശ്രയിക്കുന്നത്.ലോകത്തിലെ യുറേനിയം നിക്ഷേപത്തിന്റെ 23 ശതമാനം ഓസ്ട്രേലിയയിലാണ്. എന്നാല്‍, അവിടെ ഇതുവരെ ആണവനിലയങ്ങള്‍ ആരംഭിച്ചിട്ടില്ല.ലോകത്തിലെ വൈദ്യുതി ആവശ്യത്തിന്റെ വെറും ഏഴുശതമാനമാണ് ആണവോര്‍ജം വഴി ഉല്‍പ്പാദിപ്പിക്കുന്നത്. ഓസ്ട്രേലിയന്‍ ഭരണകൂടത്തിന് അവിടത്തെ ജനങ്ങളോട് സ്നേഹവും കാരുണ്യവുമുണ്ട്. ഇവിടെ അത് കാരുണ്യ ലോട്ടറിയില്‍ മാത്രമേ ഉള്ളുവെന്ന് സാരം.
മറ്റൊരു ചൂണ്ടിക്കാട്ടല്‍ ഇതാ: 2012 ല്‍ ജപ്പാന് തങ്ങളുടെ 54 ആണവനിലയങ്ങളും ജര്‍മനി തങ്ങളുടെ 17 നിലയങ്ങളും അടച്ചുപൂട്ടി. ഇറ്റലി ആണവനിലയങ്ങള്‍ തന്നെ വേണ്ടെന്നുവെച്ചു. ദുരന്തത്തില്‍ നിന്ന് ഇവര്‍ പാഠം പഠിച്ചപ്പോള്‍ ഇന്ത്യ അതിലേക്ക് നടന്നടുക്കുകയാണ്. മാത്രമോ എന്തുതന്നെ വന്നാലും കൂടംകുളം പദ്ധതി മുന്നോട്ടുകൊണ്ടുപോകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രികട്ടായം പറയുന്നു. പ്രതിപക്ഷ നേതാവിന്റെ സ്വരം ജനമനസ്സുകളിലേക്ക് പടര്‍ന്നു കേറാന്‍ ഇടവെച്ചു പ്രസ്തുത ലേഖനം. പത്രവും പ്രതിപക്ഷ നേതാവും ഒരേ നിലയില്‍ നീങ്ങുമ്പോള്‍ കൈയടിക്കാതിരിക്കുന്നതെങ്ങനെ.
കഥാകൃത്തായ അശോകന് ചരുവില്‍ ചില ചോദ്യങ്ങളൊക്കെ നമ്മോടു ചോദിക്കുന്നുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പ് (സപ്തം 16-22) ലും, ഭാഷാപോഷിണി (സപ്തം) യിലും അതു കാണാം. അങ്ങനെ പാര്‍ട്ടി വിട്ടവര്‍ ചരിത്രം സൃഷ്ടിച്ചിട്ടില്ല എന്നതാണ് മാതൃഭൂമിയിലെ തലക്കെട്ട്. അഭിമുഖം നടത്തിയത് ടി.എം. രാമചന്ദ്രന്. ഭാഷാപോഷിണിയിലെ തലക്കെട്ട് അടഞ്ഞ മുഖങ്ങള്‍. അഭിമുഖകാരന് കെ. എം. വേണുഗോപാല്‍. രണ്ടിന്റെയും സാരാംശം, എന്നു വെച്ചാല്‍ രണ്ടിലും പറയുന്നത് ഒന്നു തന്നെ. ഒഞ്ചിയത്ത് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതില്‍ രാഷ്ട്രീയമില്ല (ഒരു നിമിഷം നില്ക്കണേ, ടി.പി.കാര്യം മാത്രമല്ല ഇതിലുള്ളത്) അവിടെയൊക്കെ കുറേ കാലമായി അരാഷ്ട്രീയം ആടിത്തിമിര്‍ക്കുകയാണ്. ഇനി ടിയാന് വഹ: കേരളത്തിലെ രാഷ്ട്രീയപ്പാര്ട്ടിക്കകത്തു നടക്കുന്ന വിഭാഗീയതയും ഗ്രൂപ്പിസവുമൊന്നും രാഷ്ട്രീയമല്ല. ആശയസമരത്തിന്റെ ഭാഗമല്ല. കേരളത്തിലെ ഗ്രൂപ്പിസം അരാഷ്ട്രീയമാണ്,പാര്‍ലമെന്ററി ഡെമോക്രസിയുടെ ഭാഗമായി വരുന്ന ജീര്‍ണതയുടെ സ്വഭാവമുള്ളതാണ്. എങ്കിലും അത്തരത്തില്‍ സ്വഭാവമുള്ളതാണ് കോഴിക്കോടു ജില്ലയില്‍ ആ ഭാഗത്തു കുറേ നാളുകളായി നടക്കുന്ന സംഘര്‍ഷം എന്നു പറയുന്നത്. ചില സ്ഥാനമാനങ്ങളെയും അധികാരത്തെയും ചൊല്ലിയുള്ള തര്‍ക്കത്തില്‍ നിന്ന് ആരംഭിക്കുന്നതാണ്. എത്രതന്നെ അതിനെ ആദര്‍ശവത്കരിക്കാനും ആശയസമരത്തിന്റെ ഭാഗമാക്കാനും ശ്രമിച്ചാലും അതൊന്നുമല്ല കാര്യം. അപ്പോ ചരുവില്‍ അശോകന്റെ ലൈന്‍ അതാണ്. ആ ലൈനും പാര്‍ട്ടിയുടെ (അതേന്ന് മ്മ്ടെ സി.പി.എമ്മിന്റെ) ലൈനും ഒന്നിച്ചു പോകുന്നതിന്റെ ഗുണം രണ്ടു മൂന്നു വര്‍ഷം കഴിയുമ്പോള്‍ ചരുവിലിന്റെ അടുത്തേക്കുവരും. ഏതായാലും മാതൃഭൂമി യിലെ അഭിമുഖം അവസാനിച്ചിട്ടില്ല. തുടര്‍ഭാഗം അടുത്ത ലക്കത്തില്‍ എന്ന് പത്രാധിപരുടെ ഭീഷണിയുണ്ട്.
ചരുവിലിന്റെ മനോഗതി എന്തുമാകട്ടെ. ഇനിയൊരു സ്വകാര്യം. എന്നു വെച്ചാല്‍ സ്വന്തം കാര്യം. പതിവില്ലാതെ ചിങ്ങം തകര്‍ത്തുപെയ്യുന്നു. അതിനിടെ മഴമടിച്ചു നിന്ന ഒരുസായാഹ്നം . ഓണപ്പതിപ്പുകൊടുക്കാനായി സഹപ്രവര്‍ത്തകനുമൊത്ത് ഒഞ്ചിയത്തെ ടിപിയുടെ വീട്ടിലേക്ക്. മുക്കാളിയില്‍ ബസ്സിറങ്ങി ഓട്ടോതേടി. ഒരോട്ടോക്കാരന്‍ ആദ്യം പോവുന്നില്ല എന്നായി. പിന്നീട് അയാള്‍ വണ്ടിയില്‍ നിന്നിറങ്ങി വന്ന് എങ്ങോട്ടാണെന്നായി. ഒഞ്ചിയത്ത് എന്ന് മറുപടി. ടിപിയുടെ വീട്ടിലേക്കാണോ എന്ന ചോദ്യം. അതേന്ന് മറുപടി. എന്നാല്‍ കയറൂ എന്നുപറഞ്ഞ് വണ്ടി സ്റ്റാര്‍ട്ടാക്കി. ഊടുവഴികളിലൂടെ ഇഴഞ്ഞും ഉലഞ്ഞും തിരിഞ്ഞും പോകവേ അയാളൊന്നും മിണ്ടിയില്ല. രണ്ടു മൂന്നു പോലീസുകാര്‍ വെടിപറഞ്ഞിരിക്കുന്ന പഴഞ്ചന്‍ കെട്ടിടത്തിന്റെ അരികില്‍ വണ്ടി നിര്‍ത്തി. തിരിച്ചുപോരാന്‍ വെറെ വണ്ടികിട്ടാന്‍ പ്രയാസമാണെന്ന ബോധത്താല്‍ കാത്തുനില്ക്കുമോ എന്നാരാഞ്ഞു.അധികം വൈകരുതെന്ന് മറുപടി.
നനഞ്ഞവഴിയിലൂടെ ടിപിയുടെവീടിന്റെ പടിക്കലെത്തിയപ്പോള്‍ മുമ്പില്‍ വേദനയുടെ കൂരമ്പേറ്റുമുറിഞ്ഞ ടിപിയുടെ അമ്മ പത്മിനി ടീച്ചര്‍ ഉമ്മറത്ത് ഇരിക്കുന്നു. മറ്റു രണ്ടു പേര് അരികെ. അടുത്തെത്തിയപ്പോള്‍ അവര്‍ എഴുന്നേറ്റു. കാഴ്ച അധികമില്ലാത്ത കണ്ണില്‍ ചന്ദ്രശേഖരനോടുള്ള വാത്സല്യത്തിന്റെ മിന്നായം ഒരു നിമിഷം പ്രതിഫലിച്ചുവോ! രമയെ കാണണമെന്ന് പറഞ്ഞപ്പോള്‍ അകത്തേക്ക് രമേ എന്ന് നീട്ടി വിളിച്ച് അവര്‍ പതിയെ പോയി.ടി.പി യുടെ അദൃശ്യ സാന്നിധ്യം തുമ്പികളായി പാറിപ്പറക്കുന്നത് കണ്ടുകൊണ്ട് പടിയിറങ്ങിപ്പോരുമ്പോള്‍ പക്ഷേ, അശോകന് ചരുവിലിന്റെ അഭിമുഖം വായിച്ചിട്ടുണ്ടായിരുന്നില്ല. കഥാരചനയുടെ ഏത് കൗശലം കൊണ്ടും മഹത്വവല്ക്കരിക്കാന് കഴിയുന്നതല്ല ആ കൊല ചെയ്യിച്ചവരുടെ രാഷ്ട്രീയം.
കലാകൗമുദിയിലെ അക്ഷരജാലകം ചിലപ്പോള്‍ ഡൈനമൈറ്റ് തന്നെയാകാറുണ്ട്. ഹരികുമാറിന് ഒരു നല്ലനമസ്കാരം (വാരാന്ത്യക്കാരന്‍ ക്ഷമിക്കട്ടെ) ഈ ലക്കത്തില്‍(സപ്തം 16) അദ്ദേഹത്തിന്റെ രണ്ടു വരി ഇങ്ങനെ: മഴ വന്നുവിളിച്ചപ്പോള്‍, പൂക്കുന്നതിന്റെ രഹസ്യം എന്നീ പേരുകളില്‍ പി.കെ. പാറക്കടവ് (മലയാളം വാരിക, ആഗസ്ത് 31) എഴുതിയ കഥകള്‍ പാളി. കഥയെ കുറച്ചുകൂടി ഗൗരവത്തില്കാണണമെന്ന് കഥാകൃത്തിനോട് അഭ്യര്‍ഥിക്കുന്നു. അലസമായി, അലക്ഷ്യമായി എഴുതിയാല്‍ കഥയില്‍ ഒന്നുമുണ്ടാവില്ല. രാജാവ് നഗ്നനാണ് എന്നു പറയാന്‍ കാണിച്ച ആര്‍ജവമാണ് ആണത്തം. ഇത്തവണത്തെ (സപ്തം) ഭാഷാപോഷിണി യില്‍ മൂന്നു കഥകളാണ്പാറക്കടവന് സൃഷ്ടി. ഹരികുമാറിന്റെ വരികള്‍ ഭാഷാപോഷിണി പത്രാധിപര്‍ ഒന്നു വായിച്ചെങ്കില്‍ എന്ന് ആഗഹിച്ചു പോവുന്നു.
തൊട്ടുകൂട്ടാന്‍
ഇടതൂര്‍ന്ന
മൗനത്താലേ
ഛേദിപ്പൂനീ
യുഗങ്ങളെ…
മണമ്പൂര്‍ രാജന്‍ബാബു
കവിത: അനന്തമൗനം
മാധ്യമം ആഴ്ചപ്പതിപ്പ് (സപ്തം. 17)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: