റായ്പൂര്‍: ആര്‍എസ്എസ് മുന്‍ സര്‍സംഘചാലക് കുപ്പഹള്ളി സീതാരാമയ്യ സുദര്ശന് (കെ.എസ്. സുദര്ശന്-81) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെ 6.30 നായിരുന്നു അന്ത്യം.
ഒരു പുസ്തകപ്രകാശനചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ട്ദിവസം മുമ്പ് ഇവിടെ എത്തിയതായിരുന്നു അദ്ദേഹം. രാവിലെ നടക്കാനിറങ്ങിയ സുദര്ശന് തിരികെ വന്ദ്രയിലെ ആര്‍എസ്എസ് കാര്യാലയമായ ജാഗൃതിഭവനിലെത്തി പ്രാണായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
കടുത്ത ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹം മിനിറ്റുകള്‍ക്കുള്ളില്‍ മരിച്ചതായി ഒപ്പമുണ്ടായിരുന്ന ഒരു ആര്‍എസ്എസ് പ്രവര്ത്തകന് പറഞ്ഞു. ആറ് മണിയോടടുത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതായി സുദര്ശന് അറിയിച്ചതിനെത്തുടര്‍ന്ന് ഹൃദ്രോഗ വിദഗ്ധനെ ഉടന്‍ വിളിച്ചുവരുത്തി. എന്നാല്‍ ഡോക്ടര്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. ഒരു ദശാബ്ദം മുമ്പ് അദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്.
മൃതദേഹം പൊതുദര്‍ശനത്തിനായി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് 3 മണിക്ക് നാഗ്പൂരില്‍ നടക്കും. രേശംബാഗ് ഗ്രൗണ്ടില്‍നിന്ന് വിലാപയാത്രയായാണ്മൃതദേഹം കൊണ്ടുപോവുക. അദ്ദേഹത്തിന് ഒരു സഹോദരനും സഹോദരിയുമുണ്ട്.
1931 ജൂണ്‍ 18 ന് കര്‍ണാടകയിലെ കുപ്പഹള്ളി ഗ്രാമത്തില്‍ ഒരു കന്നഡിക ബ്രാഹ്മണ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഒന്‍പതാം വയസില്‍ ആര്‍എസ്എസ് ശാഖയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങി. 1954 ല്‍ സംഘത്തിന്റെ മുഴുവന്‍ സമയ പ്രചാരകനായി. റായ്ഗഡ് ജില്ലയുടെ ചുമതലയാണ് ആദ്യം ലഭിച്ചത്. അന്ന് ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്ന മാധവസദാശിവ ഗോള്‍വള്‍ക്ക (ഗുരുജി)റുടെ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു. ആറ് പതിറ്റാണ്ടോളം ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തിച്ച സുദര്ശന് 2000 ത്തില്‍ രാജേന്ദ്രസിംഗി (രജ്ജുഭയ്യ)ന്റെ പിന്‍ഗാമിയായി സര്‍സംഘചാലക് പദവിയിലെത്തി. 2009 ല്‍ പദവി ഒഴിഞ്ഞശേഷം ഭോപ്പാല്‍ കേന്ദ്രമാക്കി സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു.
കര്‍ണാടയിലെ കുപ്പഹള്ളി എന്ന ചെറുഗ്രാമത്തില്‍നിന്ന് സ്വപ്രയത്നം കൊണ്ട് സര്‍സംഘചാലക് വരെയെത്തിയ സംഭവബഹുലമായ ജീവിതമായിരുന്നു സുദര്‍ശന്റേത്. സംഘപ്രവര്‍ത്തനത്തില്‍ വ്യാപൃതനായതിനൊപ്പം ഉന്നത വിദ്യാഭ്യാസം നേടുന്നതിലും അദ്ദേഹം ശ്രദ്ധ പുലര്‍ത്തി. സാഗര്‍ സര്‍വകലാശാലയില്‍നിന്ന് ടെലികമ്മ്യൂണിക്കേഷന്‍സില്‍ എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കി. അഗാധമായ പാണ്ഡിത്യത്തിന് ഉടമയായിരുന്ന സുദര്ശന് 13 ഭാഷകള്‍ വശമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളുമായി അടുത്തിടപഴകാന്‍ ഇത് അദ്ദേഹത്തെ ഏറെ സഹായിച്ചു. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ചിരുന്നു. ആധുനികവും പുരാതനവുമായ ശൈലികളെ കോര്‍ത്തിണക്കിയുള്ള പ്രവര്‍ത്തനശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ആയുര്‍വേദത്തിലും ജ്യോതിശാസ്ത്രത്തിലും അതീവ തല്പരനായിരുന്നു. ആധുനിക ചിന്താഗതിയും ഒപ്പം മാനുഷിക പരിഗണനകളും ശീലമാക്കിയ സുദര്‍ശന്റെ ഫലിതബോധവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്വദേശി നയത്തിന്റെ ശക്തനായ വക്താവായിരുന്നു. അയോധ്യയിലെ രാമക്ഷേത്രവും സാമ്പത്തിക പരമാധികാരവും അദ്ദേഹം ഊന്നിപ്പറഞ്ഞ കാര്യങ്ങളാണ്.
കഴിഞ്ഞ കുറെ നാളുകളായി കുടുംബാംഗങ്ങള്‍ക്കൊപ്പം മൈസൂറിലാണ് താമസിച്ചിരുന്നത്. ഛത്തീസ്ഗഢില്‍നിന്നുള്ള രാജ്യസഭാംഗമായ ഗോപാല്‍ വ്യാസ് രചിച്ച പുസ്തകത്തിന്റെ പ്രകാശനത്തിനാണ് സുദര്ശന് ഇവിടെയെത്തിയത്. വെള്ളിയാഴ്ചയായിരുന്നു പ്രകാശനച്ചടങ്ങ്.
രാജ്യത്തിനും സമൂഹത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വമായിരുന്നു സുദര്ശനനെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി അനുശോചനസന്ദേശത്തില്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വേര്‍പാട് രാജ്യത്തിനുതന്നെ തീരാനഷ്ടമാണ്.
മഹാനായ ദാര്‍ശനികനായിരുന്നു സുദര്ശനനെന്ന് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി വ്യക്തമാക്കി. തികഞ്ഞ ദേശീയവാദിയായിരുന്ന അദ്ദേഹം ജീവിതം പൂര്‍ണമായും രാഷ്ട്രസേവനത്തിനായി മറ്റീവ്ക്കുകയായിരുന്നു. സ്വദേശി, ജൈവ ഇന്ധനം, ബദല്‍ ഊര്‍ജസ്രോതസ്സുകള്‍ തുടങ്ങിയവക്കായി ശക്തമായി വാദിച്ച അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിനായി പാശ്ചാത്യ സാമ്പത്തിക മാതൃകകളെ അനുകരിക്കാതെയുള്ള പദ്ധതികളും മുന്നോട്ടുവെച്ചിരുന്നു. രാജ്യപുരോഗതിക്കായി സ്വന്തമായ കാഴ്ചപ്പാടുകളും ഉണ്ടായിരുന്ന സുദര്‍ശന്റെ വേര്‍പാടോടെ സംഘപരിവാറിലെ ഒരു കാലഘട്ടത്തിനാണ് അന്ത്യംകുറിച്ചിരിക്കുന്നതെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി.
സംഘത്തിനും ഭാരതത്തിനും സ്വഭാവ, രാഷ്ട്രനിര്മാണത്തിനുമായി ജീവിതം സമര്‍പ്പിച്ച സുദര്ശന് 81-ാം വയസിലും ഒട്ടേറെ രോഗങ്ങളുമായി സമൂഹസേവനത്തില്‍ വ്യാപൃതനായിരുന്നുവെന്ന് വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. പ്രവീണ്‍ തൊഗാഡിയ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: