സനാതന ധര്‍മ്മത്തിന്റെ സങ്കല്പ്പങ്ങളില് പലതും കാവ്യശോഭ വഴിഞ്ഞൊഴുകുന്നവയാണ്. സമൂഹ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന അധര്മമൂര്ത്തികളെ നിഗ്രഹിച്ച് ശാന്തിയും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്താന്‍ ഭഗവാന് വന്നവതരിക്കുന്നുവെന്ന സങ്കല്‍പ്പത്തിന്റെ കാവ്യശോഭ ദശാവതാരങ്ങളില്‍ നിറഞ്ഞുനില്ക്കുന്നു. വ്യക്തിസ്വത്വമാര്ന്നും പ്രപഞ്ചപ്രതിഭാസമാര്ന്നുമൊക്കെയുള്ള ഈ ഈശ്വരലീലയുടെ ആധുനിക ഭാഷ്യമല്ലെ ആര്‍എസ്എസ് എന്ന മഹാ പ്രസ്ഥാനം എന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട്.
ഇതിഹാസപുരാണങ്ങളില്‍ വിവരിക്കുംപോലെ ആസുരികശക്തികളുടെ ആധിക്യത്തില്‍ സ്വര്‍ഗതുല്യമായ ഒരു രാഷ്ട്രം നരകസമാനമായ കഷ്ടതകളിലേക്ക് നിപതിച്ചുപോയപ്പോഴുണ്ടായ സംഘടനാ സ്വരൂപത്തില്‍ സംഭവിച്ച ഈ ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന ദേവറസ്ജിയെപ്പോലുള്ളവര് പറയുന്നത് ‘ദേവദുര്‍ലഭമായ കാര്യകര്ത്തൃഗണ’മാണ് സംഘത്തില്‍ ഉള്ളത് എന്നാണല്ലൊ. പക്ഷെ സാധാരണ പ്രവര്‍ത്തകരില്‍പോലും ഈശ്വരീയ മനോഭാവം സൃഷ്ടിക്കുന്ന ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തിന്റെ സംഘടനാ സംവിധാനത്തേയും കാര്യപദ്ധതിയെയുമല്ലെ നാം യഥാര്‍ത്ഥത്തില്‍ നമസ്ക്കരിക്കേണ്ടത്. ഈ വിശുദ്ധകാര്യപദ്ധതിയുടെ ഉപജ്ഞാതാവായ ഡോക്ടര്‍ജിയെ എത്ര വന്ദിച്ചാലാണ് മതിവരുക. ആദര്‍ശവിശ്വാസങ്ങളുടെ ആള്രൂപങ്ങളെ സൃഷ്ടിക്കുന്ന സ്പര്ശമണികളായിരുന്നു സര്‍സംഘചാലക പദങ്ങളിലെത്തിച്ചേര്ന്ന ഓരോ വ്യക്തികളുമെന്ന് സര്‍സംഘചാലക പരമ്പരകളെ നിരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാക്കാം.
ബഹുമുഖ പ്രതിഭ എന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കുന്ന വ്യക്തിത്വമായിരുന്നു സുദര്‍ശന്‍ജിയുടേത്. സംഘപ്രസ്ഥാനത്തിന്റെ വ്യത്യസ്ത ചുമതലകളെ ആയാസരഹിതമായി വഹിക്കാനുള്ള അദ്ദേഹത്തിന്റെ പാടവം ഇനി ചരിത്രത്തിന്റെ ഭാഗമാണ്. കാര്യപദ്ധതിയുടെ മുഖ്യകാര്യവിഭാഗങ്ങളായ ശാരീരിക്കിന്റേയും ബൗദ്ധിക്കിന്റേയും അഖിലഭാരതീയ ചുമതല നിര്‍വഹിച്ചിട്ടുള്ള വ്യക്തിയായിരുന്നു സുദര്‍ശന്‍ജി. 1990 മുതല്‍ സഹസര്‍കാര്യവാഹ് എന്ന നിലയില്‍ ദേശവിദേശങ്ങളില്‍ സംഘദൗത്യവും പേറി അവിരതം സഞ്ചരിച്ചു. അടിമുടി സ്വദേശിവ്രതധാരിയായിരുന്ന ഇദ്ദേഹം ധരിക്കുന്ന വസ്ത്രത്തിലും സഞ്ചരിക്കുന്ന വാഹനത്തിലും വരെ സ്വദേശി നിഷ്ഠപുലര്‍ത്തിയിരുന്നു.
ആര്‍എസ്എസിനെപ്പോലെ ലോകത്തെ എന്നും അത്ഭുതപ്പെടുത്തിയിട്ടുള്ള സംഘടനാ സംവിധാനമുള്ള ഒരു പ്രസ്ഥാനം വേറെ ഉണ്ട് എന്ന് തോന്നുന്നില്ല. മുഖ്യശിക്ഷകന്‍ മുതല്‍ സര് സംഘചാലകന്വരെയുള്ള ചുമതലകള്‍ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നത് അവരുടെ പ്രവര്‍ത്തന പരിചയത്തിന്റെയും ആത്മാര്‍ത്ഥതയുടേയും ഒക്കെ മാനദണ്ഡത്തിലായിരിക്കണമെന്ന നിഷ്ക്കര്‍ഷ സംഘം വച്ചുപുലര്‍ത്തുന്നു. ചുമതലാ കൈമാറ്റമാകട്ടെ വളര്‍ച്ചയുടെ നൈസര്‍ഗിക ഭാവത്തോടെയും സ്വാഭാവികതയോടെയും ആയിരിക്കും. ഉയര്‍ന്ന ഉത്തരവാദിത്വങ്ങള്‍ കടമയുടെ ഭാരം കൂട്ടുമെന്നല്ലാതെ അധികാരത്തിന്റെ യാതൊരാര്ഭാടങ്ങളിലേക്കും അത് വഴുതിവീഴുന്നില്ല എന്ന് സംഘം ഉറപ്പുവരുത്താറുണ്ട്. ഭരണഘടന എന്നതിനേക്കാള്‍ കീഴ്വഴക്കങ്ങളിലാണ് സംഘംനിലനില്ക്കുന്നത്. സുദര്‍ശന്‍ജി സര്‍സംഘചാലക പദവി ഏറ്റെടുക്കുന്നത് ഒരു പുതിയ കീഴ്വഴക്കത്തിന്റെ തുടര്‍ച്ചയോടെയായിരുന്നു.
ഒരു സര്‍സംഘചാലകന്റെ കാലശേഷം അടുത്ത ആ പദവിയിലേക്ക് വരുക എന്ന സമ്പ്രദായത്തിന് വിരുദ്ധമായി ബാലസാഹേബ് ദേവറസ്ജി തന്റെ ജീവിതകാലത്തു തന്നെ രാജേന്ദ്രസിംഗ്ജിയെ പുതിയ സര്‍സംഘചാലക് പദവിയിലേക്ക് നയിച്ചു. ഇതിന്റെ ഒരാവര്‍ത്തനമാണ് സുദര്ശന്ജിയിലും കണ്ടത്. പുജനീയ രജ്ജുഭയ്യാജി തന്റെ കാലത്തില്‍ തന്നെ സുദര്‍ശന്‍ജിയെ സര്‍സംഘചാലകനായി അവരോധിക്കുകയാണുണ്ടായത്. 2000 ല്‍ പുതിയ സര്‍സംഘചാലക പദവിയിലെത്തിയ സുദര്‍ശന്‍ജി പിന്നീട് നടത്തിയ യാത്രകളും മാര്‍ഗദര്‍ശനങ്ങളുമൊക്കെ സര്‍സംഘചാലക പദവിയുടെ ഗരിമ ഉള്‍ക്കൊള്ളും വിധേയമായിരുന്നു. ലോകം ഉറ്റുനോക്കുന്ന മഹനീയ സ്ഥാനത്ത് അവരോധിതനായ സുദര്‍ശന്‍ജി പലപ്പോഴും പറയാറുണ്ടായിരുന്ന ഒരു കാര്യം I am not an intellectual, rather I am an implementer of the ideas from great intellectuals എന്നായിരുന്നു.
എന്നാല്‍ ദാര്‍ശനിക ബൗദ്ധികവാദങ്ങളില് എന്നും തന്റേതായ സ്ഥാനമുറപ്പിച്ച ഒരു മഹാപ്രതിഭയായിരുന്നു അദ്ദേഹം. ഹിന്ദുത്വ ഭീകരവാദമെന്ന ശബ്ദം കുബുദ്ധിജീവികള്‍ ഇന്നത്തേതുപോലെ ഉയര്‍ത്താതിരുന്ന കാലത്ത് സത്യാ ഫൗണ്ടേഷന്റെ സെക്രട്ടറിയും പത്രപ്രവര്‍ത്തകനുമായിരുന്ന ചേതന്‍ ഉപാധ്യായ സുദര്‍ശന്‍ജിയുമായുള്ള ഒരു അഭിമുഖത്തില്‍ ഉന്നയിക്കുകയുണ്ടായി- ”What do you think of Hindu terrorism?” എന്ന ചോദ്യത്തിന് വളരെ വ്യക്തമായ ഉത്തരമായിരുന്നു സുദര്‍ശന്‍ജിയുടേത്- “A hindu can never be a terrorist” ഒരു ദീര്‍ഘദര്‍ശിയുടെ പ്രവചനാത്മകത മുഴങ്ങുന്ന ഉത്തരമായിരുന്നു അത്.
കോഴിക്കോട്ട് വച്ച് 2001 ഡിസംബര്‍ 2 ന് നടന്ന ആര്‍എസ്എസ് റവന്യൂ ജില്ലാ സാംഘിക്കില്‍ അദ്ദേഹം നടത്തിയ ബൗദ്ധിക് രാഷ്ട്രസുരക്ഷയും സാമൂഹ്യ സുരക്ഷയും സംബന്ധിച്ച സംഘത്തിന്റെ കാഴ്ച്ചപ്പാട് വിളംബരം ചെയ്യുന്നതായിരുന്നു. “സൈനികമായും സാമ്പത്തികമായും ഭാരതം സുശക്തമാകണം. സമാജത്തിന്റെ ഉല്‍ക്കടമായ ദേശഭക്തി വളര്‍ത്തണം. സുസംഘടിതമായ സമാജശക്തിയാണ് രാഷ്ട്രത്തിന്റെ ഗ്യാരണ്ടി”. സൈനികവും സാമ്പത്തികവുമായ ശക്തിയായി ഭാരതം വളരണമെങ്കില്‍ സുസംഘടിത സമാജം കൂടിയേ തീരൂവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. പരിസ്ഥിതി നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വാചാലനാകുന്നതോടൊപ്പം പരിഹാരകര്മ്മമെന്ന നിലയില്‍ വൃക്ഷങ്ങള്‍ നടുന്നതിന്റെ ആവശ്യകതയും അദ്ദേഹം പറഞ്ഞിരുന്നു. ഭാരതം നേരിടാന്‍ പോകുന്ന ഭാവി ഭീഷണി എന്ന നിലയില്‍ നക്സല്‍ തീവ്രവാദത്തെ രാജ്യത്തിന്റെ ശ്രദ്ധയില്‍ ആദ്യം കൊണ്ടുവന്ന ദേശീയ നേതാവ് പൂജനീയ സുദര്‍ശന്‍ജിയായിരുന്നു. സ്വദേശി ആര്‍ഥിക വ്യവസ്ഥയിലൂടെ വളരുന്ന ഒരു സാമ്പത്തിക ശക്തിയായി ഭാരതം മാറണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.
കേരളത്തിന്റെ സംഘ വളര്‍ച്ചയില്‍ ഏറെ ഔല്‍സുക്യം പ്രദര്‍ശിപ്പിച്ചിരുന്ന സുദര്‍ശന്‍ജി അദ്ദേഹത്തിന്റെ കേരള യാത്രകളിലൊക്കെ പ്രവര്‍ത്തകര്‍ക്ക് സൂക്ഷ്മവും ആധികാരികവുമായ മാര്‍ഗദര്‍ശനങ്ങള്‍ പകര്‍ന്നുനല്‍കിയിരുന്നു. 2004 ല്‍ കൊല്ലം ആശ്രാമം മൈതാനിയില്‍വച്ച് നടന്ന പ്രാന്തീയ കാര്യകര്ത്തൃശിബിരത്തില് നടത്തിയ ബൗദ്ധിക്കില്‍ സുദര്‍ശന്‍ജി സംഘത്തിന്റെ അടിസ്ഥാന ദര്‍ശനങ്ങളെ ഒരിക്കല്‍കൂടി ഊന്നി ഉറപ്പിച്ചുകൊണ്ട് ഇപ്രകാരം പറയുകയുണ്ടായി.. “വിഭിന്നതകള്‍ക്കിടയിലും എല്ലാത്തിനേയും ഏകോപിപ്പിക്കുന്ന ഒരു ഏക സൂത്രതയുണ്ട്. അത് രാജനൈതികമല്ല, പ്രസ്തുത സാംസ്ക്കാരികമാണ്. ആ സംസ്കൃതിയാണ് അനേകായിരം വര്‍ഷങ്ങളായി വിവിധതകള്‍ക്കിടയിലും ഏകത്വത്തെ പ്രതിഫലിപ്പിച്ചത്. നിറവും സുഗന്ധവും രൂപവും വ്യത്യസ്തമായ പുഷ്പങ്ങളെ കോര്‍ത്തിണക്കി മനോഹരമായ ഹാരമുണ്ടാക്കുന്ന ചരടുപോലെ ഹിന്ദുത്വമാകുന്ന ചരട് വിവിധതകളെ കോര്‍ത്തിണക്കി മനോഹരമായ പുഷ്പഹാരമാക്കിത്തീര്ക്കുന്നു”- സംഘത്തിന്റെ പ്രവര്‍ത്തന സിദ്ധാന്തത്തെ ഇതിലും ലളിതമായി ഇനി വ്യാഖ്യാനിക്കേണ്ടതില്ല.
സംഘടനയുടെ സൈദ്ധാന്തിക ഭൂമികയെ ദൃഢീകരിക്കുന്നതോടൊപ്പം പ്രതിയോഗികളുടെ ആശയങ്ങളെ കടന്നാക്രമിക്കുന്നതിനും ദാക്ഷിണ്യമില്ലാതിരുന്ന മേധാശക്തിയായിരുന്നു സുദര്‍ശന്‍ജിയുടേത്. പലപ്പോഴും സംവാദങ്ങളില്‍ ആരോഗ്യകരമായി ഇടപെടുവാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. വിദ്യാഭ്യാസം, ചരിത്രം, പരിസ്ഥിതി, സാമ്പത്തികശാസ്ത്രം, രാഷ്ട്രമീമാംസ, ശാസ്ത്രം, തത്വശാസ്ത്രം എന്നിങ്ങനെ ആ പ്രതിഭ വ്യാപരിക്കാത്ത മണ്ഡലങ്ങള്‍ ഉണ്ടായിരുന്നില്ല.
സംഘത്തിന്റെ പ്രവര്‍ത്തനലക്ഷ്യത്തെ വ്യക്തമായി നിര്‍വചിക്കുന്നതിനും അത് പ്രവര്‍ത്തകന്റെ അന്തഃകരണത്തില്‍ ആലേഖനം ചെയ്യുന്നതിനും കിട്ടിയ എല്ലാ അവസരങ്ങളിലും അദ്ദേഹം ശ്രദ്ധ വെച്ചിരുന്നു. ഉത്തര കേരളത്തില്‍ വച്ച് നടന്ന മുതിര്‍ന്ന കാര്യകര്ത്താക്കന്മാരുടെ ശിബിരത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ സംഘധ്യേയത്തിന്റെ കാച്ചിക്കുറുക്കിയ വചനതീര്ത്ഥമായിരുന്നു.- “സമൂഹത്തിന് പ്രേരണ നല്‍കുകയാണ് സംഘത്തിന്റെ കര്‍ത്തവ്യം… നല്ല ശാഖകള്‍ കൊണ്ടും നല്ല പ്രവര്‍ത്തകരെക്കൊണ്ടും സമാജത്തില്‍ സ്ഥായിയായ മാറ്റം വരുത്തുകയാണ് സംഘത്തിന്റെ പ്രവര്‍ത്തനലക്ഷ്യം….” സംഘപ്രവര്‍ത്തനത്തിന്റെ ചരിത്രവഴിയിലെ സുദര്‍ശന ദീപ്തിയായിരുന്നു പഞ്ചമ സര്‍സംഘ ചാലകന്റെ കാലഘട്ടമെന്ന് നിസ്തര്‍ക്കം രേഖപ്പെടുത്താം.
എന്‍.ആര്.മധു (ആര്‍എസ്എസ് പ്രാന്തീയ സഹപ്രചാര്‍ പ്രമുഖാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: