നിരന്തരവും നിദാന്തവുമായ കര്‍മ്മ സപര്യയിലൂടെ തന്നിലേല്‍പ്പിക്കപ്പെട്ട ധര്മ്മദൗത്യത്തെ പൂര്‍ത്തീകരിച്ച് ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്ന പൂര്‍വ്വ സര്‍സംഘചാലക് പൂജനീയ സുദര്‍ശന്‍ജി സംഘനിഷ്ഠയുടെ ഉജ്ജ്വല സംവാഹകനും വ്രതവിശുദ്ധിയെഴുന്ന അനുപമ സംഘാടകനുമായിരുന്നു. വളരെ ചെറുപ്പം മുതല്‍ സംഘശാഖയിലൂടെ സംസ്കരിക്കപ്പെടാന്‍ ഭാഗ്യം ലഭിച്ച അദ്ദേഹം തന്റെ ജീവിതലക്ഷ്യം രാഷ്ട്രസേവനമാണെന്ന് തിരിച്ചറിഞ്ഞത്കൊണ്ടാണ് എഞ്ചിനീയറിംഗ് ബിരുദം എടുത്ത ശേഷവും വ്യക്തിപരമായ ജീവിതപ്രയാണങ്ങള്ക്ക് വിരാമമിട്ട് സംഘ പ്രചാരകനായി പ്രവര്‍ത്തനനിരതനായത്. 1954 ല്‍ ആരംഭിച്ച പ്രചാരകജീവിതം സംഘാടനത്തിന്റെ മികവും മിഴിവും പ്രവര്‍ത്തനത്തിന്റെ കഴിവും കരുത്തും വിളിച്ചോതുന്നതായിരുന്നു. 10 വര്‍ഷം കൊണ്ട് മദ്ധ്യഭാരതത്തിന്റെ പ്രാന്തപ്രചാരകനായി മാറിയ അദ്ദേഹത്തിന് സംഘത്തിന്റെ കാര്യ പദ്ധതികളുടെ സമഗ്രതയെ സ്വാംശീകരിക്കുവാനും പ്രയാസമുണ്ടായില്ല.അഖില ഭാരതീയ തലത്തില്‍ ശാരീരിക ശിക്ഷണത്തിന്റെയും ബൗദ്ധിക ശിക്ഷണത്തിന്റെയും ചുമതലക്കാരനായിനിന്ന് കൊണ്ട് ആ രണ്ട് കാര്യവിഭാഗങ്ങളെയും മാര്‍ഗ്ഗദര്‍ശനം ചെയ്യാനുള്ള തന്റെ കഴിവ് തെളിയിച്ച അദ്ദേഹം സഹസര്‍കാര്യവാഹക് എന്ന നിലയിലും തുടര്‍ന്ന് സംഘത്തിന്റെ മാര്‍ഗ്ഗ ദര്‍ശകനും ദാര്ശ്ശനികനും സമഞ്ജസമായി സമ്മേളിക്കുന്ന പരമപൂജനീയ സര്‍സംഘചാലകനെന്ന ചുമതലയും വഹിച്ച് കൊണ്ട് ബൗദ്ധികസംഘര്ഷത്തിന്റെ കോളിളക്കങ്ങളിലും മതതീവ്രവാദ അക്രമങ്ങളുടെ പ്രകമ്പനങ്ങളിലും ആടിയുലയാതെ സംഘടനൗകയെ അനവരതം അതിസൂക്ഷ്മം മുന്നോട്ടു നയിക്കുന്നതില്‍ സംപൂര്ണ്ണവിജയം കൈവരിയ്ക്കുകയുണ്ടായി. ശാരീരിക പ്രശിക്ഷണം നല്‍കുന്നതിനുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മതയും അവധാനതയും അനന്യ സവിശേഷതകളായി നിലനില്ക്കെതന്നെ ബൗദ്ധികതയുടെ ക്ഷാത്ര വീര്യത്താല്‍ ആശയസംഘര്ഷമേഖലയിലും ആര്‍ജ്ജവത്തോടെ ഇടപെടുന്നതില്‍ അദ്ദേഹം നിരന്തരം ശ്രദ്ധചെലുത്തുകയുണ്ടായി.
ഹിന്ദുസമാജത്തോടൊപ്പം ദേശീയ മുഖ്യധാരയിലേക്ക് ഭാരതീയ ഇസ്ലാം- ക്രൈസ്തവ സമൂഹങ്ങളെയും കൊണ്ടുവരേണ്ടതിനെക്കുറിച്ച് പൂജനീയ ഡോക്ടര്‍ജിയുടെയും പൂജനീയ ഗുരുജിയുടെയും കാലം മുതല്‍തന്നെ ചിന്തിക്കുകയും ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തി ഈ വിഭാഗങ്ങളിലെ ചില വ്യക്തികളുമായി ബന്ധങ്ങള്‍ വളര്‍ത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ കാലത്തിന്റെ മുന്നേറ്റത്തില്‍ സംഘശക്തിയുടെ വ്യാപ്തിയും അംഗീകാരവും വികസിതമായ ഈ സന്ദര്‍ഭത്തില്‍ ഇതര മതവിഭാഗങ്ങളില്‍ വ്യക്തിപരമായി മാത്രമല്ല സാമൂഹ്യമായിതന്നെ ഈ പരിവര്‍ത്തനത്തിന്റെ അനുരണനങ്ങള്‍ സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ ഒരനിവാര്യതയാണെന്ന തിരിച്ചറിവാണ് സംഘം ക്രിസ്ത്യന്‍- മുസ്ലീം സംവാദങ്ങള്‍ നടത്തുവാന്തയ്യാറായത്. സംഘത്തിന്റെ സാംസ്കാരിക ദേശീയതയും സംഘടനാ വീക്ഷണവും ഹിന്ദുസമാജത്തിനപ്പുറത്ത് ഇതരമതവിഭാഗങ്ങളിലേയ്ക്കും എത്തിക്കാനുള്ള പരിശ്രമം നടത്തുകയെന്നത് അഞ്ചായമത്തെ സര്‍സംഘചാലകനായിരുന്ന സുദര്‍ശന്‍ജിയില്‍ സംഘടനക്ക് വേണ്ടി കാലമേല്പ്പിച്ച പ്രത്യേക ദൗത്യമായിരുന്നു. പൊതുവായ സംഘടനാപ്രവര്‍ത്തന വികാസത്തിനിടയില്‍ ഓരോ ഘട്ടത്തിലും ഓരോ സര്സംഘചാലകന്മാര്ക്കും പ്രത്യേകമായി നിര്‍വ്വഹിക്കേണ്ട ചില ചരിത്രദൗത്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.
തന്നിലേല്‍പ്പിക്കപ്പെട്ട ഈ ചരിത്രദൗത്യം നിര്‍വ്വഹിക്കുന്നതില്‍ നല്ല തുടക്കം കുറിക്കുവാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മൂലം സാധിച്ചു. രാഷ്ട്രം അപകടകരവും ദേശീയവിരുദ്ധവുമായ ഒട്ടനവധി സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഈ നിര്‍ണായക മുഹൂര്‍ത്തത്തില്‍ പൂജനീയ സുദര്ശന്ജിയെപ്പോലെ ധിഷ്ണശാലിയും സൂക്ഷ്മദൃക്കുമായ ഒരു സംഘകാര്യകര്‍ത്താവിന്റെ മാര്‍ഗ്ഗദര്‍ശകന്റെ. വേര്‍പാട് സംഘടനക്കും സമാജത്തിനും നഷ്ടം തന്നെയാണ്. എങ്കിലും വ്യക്തികളല്ല ആദര്‍ശമാണ് പ്രധാനമെന്ന് വിശ്വസിക്കുന്ന സംഘത്തിനും അതിന്റെ പ്രവര്ത്തകന്മാര്ക്കും അദ്ദേഹം ജീവിച്ചു കാണിച്ച മഹനീയ മാതൃക പിന്തുടര്ന്ന് ലക്ഷ്യത്തെ സാക്ഷാത്കരിക്കുവാനാകും. പൂജനീയ സുദര്‍ശന്‍ജിയുടെ ആത്മാവിന് സര്‍വശക്തനായ ഭഗവാന് നിത്യശാന്തി നല്കട്ടെ.
പി. ഗോപാലന് കുട്ടി മാസ്റ്റര്‍ (ആര്‍എസ്എസ് പ്രാന്തകാര്യവാഹ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: