കൊച്ചി : ഐ ഒ സിയുടെ കൊച്ചിയിലെ എല്‍ പി ജി ബോട്ടിലിങ് പ്ലാന്റ് എത്രയും വേഗം പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ഐ ഒ സി അധികൃതര്‍ അറിയിച്ചു. പെസോ(എക്സ്പ്ലോസെവ് വകുപ്പ്), ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് എന്നിവയുടെ ഇടക്കാല ഉത്തരവിനെത്തുടര്‍ന്ന് നിറുത്തിവച്ച ബോട്ടിലിങ് പ്ലാന്റിന്റെ പ്രവര്‍ത്തനം ഈ ഉത്തരവ് നീക്കുന്നതിനുപിന്നാലെ പുനരാരംഭിക്കും.
ട്രക്ക് ഡ്രൈവറുടെ വീഴ്ചമൂലമാണ് ഈയിടെ പ്ലാന്റില്‍ എല്‍ പി ജി ചോര്‍ച്ചയ്ക്ക് വഴിവച്ചത്. ഈ ഡ്രൈവറെ പിന്നീട് അറസ്റ്റുചെയ്തു. മറ്റു ഡ്രൈവര്‍മാര്‍ ഇതോടെ പ്രതിഷേധിക്കുകയും എല്‍ പി ജി ട്രക്കുകള്‍ പ്ലാന്റിനുള്ളിലും പുറത്തുമായി കൂട്ടംകൂട്ടിയിടുകയും ചെയ്തു. ഇതോടെ ഈ മാസം 12ന് രാവിലെ ആറുമുതല്‍ പ്ലാന്റ് താല്‍ക്കാലികമായി അടച്ചിടാന്‍ പെസോ(എക്സ്പ്ലോസെവ് വകുപ്പ്)യും ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പും ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഐ ഒ സിയില്‍ തന്നെയുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ വിനിയോഗിച്ച് ആ മേഖലയില്‍ യാതൊരു തീപിടിത്തവുമുണ്ടാക്കാതെ കമ്പനിയുടെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ ചോര്ച്ചയടച്ചിരുന്നു. എങ്കിലും ട്രക്കുകള്‍ പ്ലാന്റിനുള്ളിലും പുറത്തും കൂട്ടംകൂട്ടിയിട്ടതോടെ പ്ലാന്റ് താല്‍ക്കാലികമായി അടച്ചിടുകയും കൊച്ചിയിലും പരിസരപ്രദേശങ്ങളിലും എല്‍ പി ജി വിതരണം ഭാഗികമായി തടസപ്പെടുകയും ചെയ്തിരുന്നു.
നിലവില്‍ കൊച്ചി, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിലുള്ള മൂന്ന് ബോട്ടിലിങ് പ്ലാന്റുകളാണ് ഇന്ത്യന്‍ ഓയിലിനുള്ളത്. സംസ്ഥാനത്തിന്റെ തെക്ക്, വടക്ക്, മധ്യഭാഗങ്ങളിലുള്ള 38 ലക്ഷത്തോളം ഇന്‍ഡേന്‍ ഉപയോക്താക്കള്‍ക്ക് എല്‍ പി ജി ലഭ്യമാക്കുന്നത് ഇവിടെ നിന്നാണ്. മൂന്നു പ്ലാന്ുകള്ക്കും കൂടി മൊത്തം 345 തൗസന്റ് മെട്രിക് ടണ്‍ (ടി എം ടി) പ്രതിവര്‍ഷ ഉല്പാദന ശേഷിയുണ്ട്. 2017 -18 നുള്ളില്‍ കോഴിക്കോട് പ്ലാന്റിന്റെ ബോട്ടിലിങ് ശേഷി 75 ടി എം ടി കൂടി വര്‍ധിപ്പിക്കാന്‍ പദ്ധതികള്‍ നടപ്പാക്കിവരികയാണ്.
കൊല്ലത്തും കോഴിക്കോടുമുള്ള പ്ലാന്റുകള്‍ ഇപ്പോള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ തെക്ക്, വടക്കു മേഖലകളില്‍ അതിനാല്‍ എല്‍ പി ജി വിതരണം സാധാരണതോതില്‍ തുടരുന്നുമുണ്ട്്.
ഈയിടെ ചാലയിലുണ്ടായ റോഡ് അപകടം മംഗലാപുരത്തുനിന്നും കൊച്ചിയില്‍നിന്നും ഐ ഒ സി, ബി പി സി, എച്ച് പി സി എന്നിവയുടെ വിവിധ ബോട്ടിലിങ് പ്ലാന്റുകളിലേക്കുള്ള ബള്‍ക്ക് എല്‍ പി ജി നീക്കത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രക്ക് ജീവനക്കാര്‍ക്കെതിരെ പ്രാദേശിക തലത്തില്‍ പ്രക്ഷോഭം ഉണ്ടായതിനെത്തുടര്ന്നാണിത്. ജില്ലാ ഭരണകൂടങ്ങള്‍ ട്രക്ക് ജീവനക്കാര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നുണ്ടെങ്കിലും ജീവനക്കാര്‍ക്ക് തങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കയുണ്ട്. അതാണ് ട്രക്ക് ഓടിക്കാന്‍ വിസമ്മതിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
കൊച്ചിയിലെ എല്‍ പി ജി ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ട്രക്കുകള്‍ കൂട്ടംകൂട്ടിയിട്ടതും സാഹചര്യം കൂടുതല്‍ വഷളാക്കി. ട്രക്ക് നീക്കം പുനസ്ഥാപിക്കുന്നതിന് ഈ മാസം 12 ന് കൊച്ചിയില്‍ ട്രാന്‍സ്പോര്‍ട്ടര്‍മാരുമായി കമ്പനി ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷം എല്‍ പി ജി വിതരണം എത്രയും വേഗം സാധാരണഗതിയിലാക്കാന്‍ ട്രക്ക് ജീവനക്കാരെ പ്രേരിപ്പിച്ചുവരികയാണ്.
ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ചില കേന്ദ്രങ്ങളിലെ എല്‍ പി ജി ഉപയോക്താക്കള്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഐ ഒ സി ഖേദം പ്രകടിപ്പിച്ചു. ട്രക്കര്‍മാര്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ വിതരണം സാധാരണ നിലയില്‍ തുടരുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പെസോ(എക്സ്പ്ലോസെവ് വകുപ്പ്), ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് എന്നിവയുടെ ക്ലിയറന്‍സ് വാങ്ങാനും ശ്രമം നടന്നുവരികയാണെന്ന് ഐ ഒ സി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: