കൊച്ചി: പ്രമേഹാനുബന്ധരോഗങ്ങളുടെ ചികിത്സയില്‍ നൂതന രീതികള്‍ അവലംബിക്കണമെന്നും, ഗവേഷണ പഠനരീതികള്‍ പ്രോത്സാഹിപ്പിക്കണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ എന്‍ഡൊക്രൈനോളജി വിഭാഗം പ്രമേഹാനുബന്ധരോഗങ്ങളുടെ നൂതന ചികിത്സാ രീതികളെക്കുറിച്ച് നടത്തുന്ന ത്രിദിന ശില്‍പ്പശാല ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ പ്രമേഹം ആശങ്കാജനകമായി വര്‍ദ്ധിച്ചു വരുന്നു. ചൈന കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. 2030ല്‍ ഇന്ത്യയില്‍ ഏകദേശം 79 മില്ല്യണ്‍ പ്രമേഹരോഗികള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ആധുനിക നഗരവല്‍ക്കരണവും, ദേഹാദ്ധ്വാനത്തിന്റെ കുറവ്, വര്‍ദ്ധിച്ചു വരുന്ന ഫാസ്റ്റ്ഫുഡ് ക്ഷണങ്ങള്‍ എന്നിവയാണ് ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ പ്രമേഹം വര്‍ദ്ധിച്ചു വരാനുള്ള പ്രധാന കാരണങ്ങള്‍. ഏകദേശം 15ശതമാനത്തോളം പ്രമേഹരോഗികള്‍ക്ക് പാദരോഗവും വര്‍ദ്ധിച്ചുവരുന്നതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. പ്രമേഹം ആന്തരികാവയവങ്ങളേയും നശിപ്പിക്കുന്നതിനാല്‍ കൂടുതല്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ ജനങ്ങളില്‍ എത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമ്യതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. സംഘര്‍ഷഭരിതമായ ജിവിതത്തില്‍ സ്നേഹം, കാരുണ്യം, ദയ ഇത്തരം കഴിവുകള്‍ വളര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് സ്വാമിജി പറഞ്ഞു. യുഎസ്എ, ബെല്‍ജിയം, ഡെന്മാര്ക്ക് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ദ്ധ എന്ഡോക്രൈനോളജിസ്റ്റുകളായ പ്രൊഫ. അഡ്രിയാന്ഡാലി, റോബര്‍ട്ട് ഫ്രിബെര്ക്ക്, ഡോ: ആന്റണി ലോറിയോ, ഡോ: അപ്രജിതനഖ്ര എന്നിവര്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു
മെഡിക്കല്‍ ഡയറക്ടര്‍ ഡോ: പ്രേംനായര്‍, എന്‍ഡോക്രൈനോളജി വിഭാഗം മേധാവി ഡോ:ഹരിഷ്കുമാര്, അമൃത സ്കൂള്‍ ഓഫ് മെഡിസിന് പ്രിന്‍സിപ്പല്‍ ഡോ:പ്രതാപന് നായര്‍, ഡോ: വസന്തനായര്‍, ഡോ: ആര്.വി. ജയകുമാര്‍, ഡോ: എ.ജി.ഉണ്ണിക്യഷ്ണന്, ഡോ: അജിത്കുമാര്‍ വര്‍മ്മ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: