കറുകച്ചാല്‍: നെടുംകുന്നം, കറുകച്ചാല്‍, മേഖലകളില്‍ സുരക്ഷാമാനദണ്ഡങ്ങളില്ലാതെ പാറമടകള്‍ പ്രവര്‍ത്തിക്കുന്നു. ഏതെങ്കിലും ഒരു പാറമടയുടെ അനുമതിയുടെ മറവില്‍ നിരവധി പാറമടകളാണ് പ്രവര്‍ത്തിക്കുന്നത്. കറുകച്ചാല്‍ പഞ്ചായത്തിലെ ശൂലിപ്പുറം ഭാഗത്ത് ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്ത് യന്ത്രോപകരണങ്ങളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് പാറപൊട്ടിക്കുന്നതായി പരാതിയുണ്ട്. ശൂലിപ്പുറം-മലങ്കോട്ട റോഡില്‍ വൈ.എം.സി.എ ക്കു സമീപമാണ് പാറപൊട്ടിക്കല്‍ നടക്കുന്നത്. നിരവധി ടിപ്പറുകള്‍ പാറകളുമായി പോകുന്നതോടെ കോണ്‍ക്രീറ്റ് ചെയ്ത റോഡും താറുമാറായി.
ടിപ്പറുകളുടെ മരണപ്പാച്ചിലും നാട്ടുകാര്‍ക്കു ഭീഷണിയായിരിക്കുകയാണ്. ശൂലിപ്പുറം റസിഡന്റ്സ് അസോസിയേഷന് പഞ്ചായത്ത് റവന്യൂ, മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് എന്നിവര്‍ക്കു പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നു പറയുന്നു. ഇതിനെതിരെ പ്രത്യക്ഷസമരപരിപാടികള് ആവിഷ്കരിച്ചതായി നാട്ടുകാര്‍ പറയുന്നു. നെടുംകുന്നം പഞ്ചായത്തിലും നിരവധി പാറമടകളാണ് ഉള്ളത്. ഏതാനും വര്‍ഷം മുമ്പ് മാന്തുരുത്തി ഊഞ്ഞപ്പാറയില്‍ പാറമട ദുരന്തത്തില്‍ മൂന്നുപേരാണ് മരിച്ചത്. യാതൊരുസുരക്ഷാമാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇവയുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുനടപടിയും എടുക്കുന്നില്ലെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: