എരുമേലി: സര്‍ക്കാര്‍വക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആശുപത്രിയുടെ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികള്‍ തുടങ്ങി. 97 ലക്ഷം രൂപയുടെ പദ്ധതിക്ക് ആധുനിക സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇതു സംബന്ധിച്ചുള്ള സൈറ്റ് പിഡബ്ല്യൂഡിക്ക് കൈമാറുന്നതിനുള്ള റിപ്പോര്‍ട്ട് ഡിഎംഒയില്‍ നിന്നും കിട്ടിയാലുടന്‍ പണികള്‍ തുടങ്ങുമെന്നും സിഎച്ച്സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്ദുലാല്‍ പറഞ്ഞു. സ്ത്രീ പുരുഷന്മാര്ക്കുള്ള വാര്‍ഡുകള്‍, എക്സ്റേ യൂണിറ്റ്, ഓപ്പറേഷന് തീയറ്റര്‍, ഓപ്പറേഷനു മുമ്പും ശേഷവും രോഗികളെ കിടത്തുന്നതിനുള്ള സൗകര്യം, ഒബ്സര്‍വേഷന്‍ റൂം അടക്കം വലിയ സൗകര്യങ്ങളാണ് പദ്ധതിയില്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിഡബ്ല്യൂഡി ബില്‍ഡിംഗ് വിഭാഗത്തില്‍ ചങ്ങനാശ്ശേരിയില്‍ നിന്നുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ട്രസിയുടെ നേതൃത്വത്തിലുള സംഘം ഇന്നലെ എരുമേലിയിലെത്തി ആശുപത്രി സ്ഥലവും മറ്റും സന്ദര്‍ശിച്ചിരുന്നു.
പദ്ധതി നിര്‍വ്വഹണം കരാര്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉടനെ പണികള്‍ തുടങ്ങുമെന്നും ട്രസി പറഞ്ഞു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുള്ള വികസന പദ്ധതികളാണ് അധികൃതര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള എരുമേലി സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായിരുന്നതിനിടയിലാണ് പുതിയ കെട്ടിട നിര്‍മ്മാണ പദ്ധതിക്ക് തുടക്കമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: