കൊച്ചി: സംസ്ഥാനത്തിനായി പുതിയ വികസനപദ്ധതികളൊന്നും പ്രഖ്യാപിക്കാതെ രണ്ടുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മടങ്ങിയപ്പോള്‍ ബാക്കിയായത് നിരാശമാത്രം. ഇരുപത്തഞ്ച് മണിക്കൂര്‍ പ്രധാനമന്ത്രി കൊച്ചിയില്‍ തങ്ങിയിട്ടും കാര്യമായ നേട്ടങ്ങള്‍ സംസ്ഥാനത്തിനായി നേടിയെടുക്കാനാവാതെ സംസ്ഥാന സര്‍ക്കാരും അപഹാസ്യരായി. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും സംസ്ഥാനമന്ത്രിമാരും നേരിട്ടഭ്യര്‍ത്ഥിച്ചിട്ടും ഒരു രൂപയുടെപോലും വികസന പദ്ധതികള്‍ പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ് കൊച്ചി നേവല്ബോസില്നിന്നും ഇന്നലെ ഉച്ചയ്ക്ക് 12മണിക്ക് ദല്‍ഹിക്കു വിമാനം കയറിയതെന്നത് ശ്രദ്ധേയമായി.
ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കാതെയുള്ള നഗരവല്ക്കരണംമൂലം ചേരികള്‍ രൂപപ്പെടുന്നതടക്കമുള്ള ഗുരുതരമായ വെല്ലുവിളികള്‍ രാജ്യത്തിന് അഭിമുഖീകരിക്കേണ്ടിവരുന്നുണ്ടെന്ന് പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് മറൈന്‍ഡ്രൈവില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു. കാര്യക്ഷമമായ പൊതുഗതാഗതസംവിധാനം നഗരങ്ങളുടെ വികസനത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതക്കുരുക്ക്, വായു മലിനീകരണം, അപകടങ്ങള്‍ എന്നിവ കുറക്കാന്‍ മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് കഴിയും. വിവിധ ഗതാഗത മാര്‍ഗങ്ങള്‍ സമന്വയിപ്പിക്കുന്ന ബഹുതല സംവിധാനമാണ് നഗരങ്ങള്‍ക്ക് അഭികാമ്യം. മെട്രോ റെയില്‍, ബസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം, ജനറം പദ്ധതിക്ക് കീഴില്‍ സിറ്റി ബസുകള്‍ എന്നിവ നഗരവികസന മന്ത്രാലയം നടപ്പാക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്. നഗരങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്ക് കേന്ദ്രം എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ഇരുപത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള രാജ്യത്തെ 19 നഗരങ്ങളില്‍ മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി വിശദമായ പഠന റിപ്പോര്‍ട്ട് തയാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുണ നല്‍കും. ഇതിനകം 12 നഗരങ്ങളില്‍ റിപ്പോര്‍ട്ട് തയാറായിട്ടുണ്ട്. ഏഴ് നഗരങ്ങളില്‍ പദ്ധതി നിര്‍വഹണ ഘട്ടത്തിലാണ്. ഈ പദ്ധതികള്‍ പ്രാവര്‍ത്തികമാകുന്നതോടെ 476 കിലോമീറ്റര്‍ മെട്രോ റെയില്‍ ശൃംഖലയാണ് രൂപപ്പെടുക. മൊത്തം 1.15 ലക്ഷം കോടി രൂപയാണ് മെട്രോറെയില്‍ പദ്ധിതകള്ക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവിടുന്നത്. ദല്‍ഹി മെട്രോയിലൂടെ ദിവസവും 22 ലക്ഷം ജനങ്ങളാണ് സഞ്ചരിക്കുന്നത്.
രാജ്യത്തെ 11 നഗരങ്ങളിലായി 437 കിലോമീറ്ററില്‍ നടപ്പാക്കുന്ന ബസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം പദ്ധതിക്ക് 5500 കോടി രൂപയാണ് ചെലവ്. ജനറം പദ്ധതിക്ക് കീഴില്‍ 15000 ലോ ഫ്ലോര്‍, സെമി ഫ്ലോര്‍ ബസുകളാണ് 4700 കോടി രൂപ മുതല്‍ മുടക്കില്‍ വിവിധ നഗരങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്നത്. കൊച്ചിക്ക് മാത്രം 200 ബസുകള്‍ അനുവദിച്ചു. ജനറം ബസുകള്‍ക്കായി രണ്ടായിരം കോടി രൂപ കൂടി അനുവദിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കൊച്ചി മെട്രോ റെയില്‍ കോര്പ്പറേഷന് മെട്രോ പദ്ധതി കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുമെന്നാണ് പ്രതീക്ഷ. മെട്രോ അടക്കമുള്ള പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി കൊച്ചി മാറുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി, കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി, കേന്ദ്ര നഗരവികസന മന്ത്രി ജി. കമല്‍നാഥ്, കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രൊഫ. കെ.വി. തോമസ്, സംസ്ഥാന ഗതാഗത മന്ത്രി ആര്യാടന് മുഹമ്മദ്, കൊച്ചി മെട്രോ റെയില്‍ കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍, ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്,ഡിഎംആര്‍സി മുന്‍ ചെയര്മാന് ഇ.ശ്രീധരന് എന്നിവര്‍ പങ്കെടുത്തു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: