തിരുവനന്തപുരം: ദേശീയപാതയില്‍ ആറ്റിങ്ങലിനും കഴക്കൂട്ടത്തിനും ഇടയ്ക്ക് വാഹനാപകടത്തില്‍ സുഹൃത്തുക്കളായ മൂന്ന് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 1.45ന് തോന്നയ്ക്കല്‍ വില്ലേജോഫീസിനു സമീപത്ത് കാറും കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാര്‍ ഓടിച്ചിരുന്ന തിരുവനന്തപുരം പേട്ട പള്ളിമുക്ക് നികുഞ്ജം അപ്പാര്‍ട്ട്മെന്റ് 6-ബിയില്‍ താമസിക്കുന്ന അടൂര്‍ സ്വദേശി ഷാരോണ്‍ (22), സുഹൃത്തുക്കളായ കോഴിക്കോട് സ്വദേശി ജൂനിയര്‍ ഉണ്ണികൃഷ്ണന് (21), കണ്ണൂര്‍ സ്വദേശി പ്രവീണ്‍ (21) എന്നിവരാണ് മരിച്ചത്. കാറിന്റെ മുന്‍വശത്ത് യാത്ര ചെയ്തിരുന്ന ഷാരോണും ഉണ്ണികൃഷ്ണനും തത്ക്ഷണം മരിച്ചു. പ്രവീണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സര്‍ജിക്കല്‍ ഐ.സിയുവില്‍ വച്ചാണ് മരിച്ചത്.
തിരുവല്ല കാവുംഭാഗം സ്വദേശി ജോര്‍ജ്ജ് (21), തിരുവനന്തപുരം കുമാരപുരം ഗംഗാധരഭവനില് ജിഷ്ണു (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എന്‍ജിനീയറിംഗ് കോളേജിലെ നാലാം വര്‍ഷ ഓട്ടോമൊബെയില്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. തിരുവനന്തപുരത്ത് നിന്ന് മൂന്നാറിലേക്ക് പോയ സൂപ്പര്‍ഫാസ്റ്റും വര്‍ക്കലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. വര്‍ക്കലയില്‍ നിന്നും വരികയായിരുന്ന ഇവര്‍ മുമ്പേ പോയ മാരുതി കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സൂപ്പര്‍ഫാസ്റ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാണ്.
രാത്രിയായിരുന്നതിനാലും തിരക്ക് വളരെ കുറവായിരുന്നതിനാലും കാര്‍ അമിതവേഗത്തിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് മുന്വശത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്.
കഴക്കൂട്ടം, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ നിന്നുമെത്തിയ അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസില്‍ സഞ്ചരിച്ചിരുന്ന ആര്‍ക്കും പരുക്കില്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഉണ്ണികൃഷ്ണന്റെയും പ്രവീണിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം സ്വദേശത്തേക്കു കൊണ്ടുപോയി. ഷാരോണിന്റെ മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കരമന മേലാറന്നൂര്‍ ഗവ. ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സെക്രട്ടേറിയറ്റിലെ സെക്ഷന്‍ ഓഫീസര്‍ ഷിനി ജോര്‍ജിന്റെ മകനാണ് ഷാരോണ്‍. കോഴിക്കോട് പേരാമ്പ്ര കണന്തൂര് പുളിയന്‍കോട് ഹൗസില്‍ ഉണ്ണികൃഷ്ണന്റെയും ഗിരിജയുടെയും മകനാണ് ഉണ്ണികൃഷ്ണന് ജൂനിയര്‍. കണ്ണൂര്‍ ചിറയ്ക്കല്‍ പാണംകാവ് പാലോട്ട് വയലില്‍ പവിത്രസില് പി.പി.പവിത്രന്റെയും എ.രമണിയുടെയും മകനാണ് പ്രവീണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: