മൂവാറ്റുപുഴ: എംസി റോഡ് വികസനത്തിന്റെ ഭാഗമായി അശാസ്ത്രീയമായി നിര്‍മ്മിച്ച വെള്ളൂര്‍ക്കുന്നത്തെ ട്രാഫിക് സിഗ്നല്‍ ജംഗ്ഷനില്‍ സ്ഥിരമായുണ്ടാകുന്ന അപകടങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ.വി.കെ.ഷമീര്‍ മൂവാറ്റുപുഴ മൊബെയില്‍ അദാലത്തിന് പരാതി നല്കി. പെരുമ്പാവൂര്‍ ഭാഗത്തു നിന്നും മൂവാറ്റുപുഴ ടൗണിലേക്ക് പ്രവേശിക്കുന്നതിന് റോഡില്‍ സിഗ്നല്‍ ജംഗ്ഷനില്‍ വീതി കുറവും അതേസമയം മൂവാറ്റുപുഴ ഭാഗത്തു നിന്നും പെരുമ്പാവൂര്‍ എറണാകുളം ഭാഗത്തേക്ക് പോകുന്നവര്‍ക്ക് കൂടുതല്‍ സൗകര്യവുമായപ്പോഴാണ് അപകടങ്ങള്‍ ദിനം പ്രതി ഉണ്ടാകുന്നത്. സിഗ്നല്‍ പുനക്രമീകരിച്ചാല്‍ അപകടം ഒഴിവാക്കുവാന്‍ കഴിയുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
പരാതി പരിഗണിച്ച മൊബെയില്‍ അദാലത്ത് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയറോട് സെപ്തംബര്‍ 26ന് മുനിസിപ്പല്‍ ഓഫീസില്‍ നടക്കുന്ന ലീഗല്‍ ക്ലിനിക്കില്‍ ഹാജരാകുവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്കി. വാഴപ്പിള്ളിയില്‍ ലോറി അപകടത്തില്‍ കാനകള്‍ പണിതിരിക്കുന്നത് തകരാറിലാകുകയും വാഹന ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നത് ചൂണ്ടിക്കാട്ടി കലൂര്‍ ഗോപന് നല്കിയ പരാതി രണ്ട് മാസത്തിനുള്ളില്‍ പരിഹരിക്കുവാന്‍ കഴിയുമെന്ന് മൂവാറ്റുപുഴ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അദാലത്തിനെ അറിയിച്ചു. മാര്‍ക്കറ്റിലും പെരുമറ്റത്തും പൈപ്പ് ലൈന്‍ പൊട്ടികുടിവെള്ളം നഷ്ടമാകുന്നത് പരിഹരിക്കണമെന്നും മൂവാറ്റുപുഴ നഗരസഭ ശുചീകരണ പ്രവര്‍ത്തനത്തില്‍ കാണിക്കുന്ന വീഴ്ച ചൂണ്ടിക്കാട്ടിയും ഗതാഗതക്കുരുക്കിനെക്കുറിച്ചും അദാലത്തില്‍ പരാതിയായി വന്നു.
അദാലത്തില്‍ തീര്‍ക്കാന്‍ കഴിയാത്ത പരാതികള്‍ ഈ മാസം 26ന് വീണ്ടും പരിഗണിക്കും. മൊബെയില്‍ അദാലത്ത് ബെഞ്ചില്‍ കേസുകള്‍ പരിഗണിച്ചത് റിട്ടയേര്‍ഡ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അഡ്വ.ടി.പി.ജോസഫ്, അഡ്വ.എന്‍.പി.തങ്കച്ചന്, അഡ്വ.എസ്.എസ്.ഷായിഷ എന്നിവര്‍ ചേര്‍ന്നായിരുന്നു.
മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയില്‍ മൊബെയില്‍ അദാലത്തിന്റെ ഉദ്ഘാടനം വാഴപ്പിള്ളി ജെബിഎസ് സ്കൂള്‍ അങ്കണത്തില്‍ വച്ച് മൂവാറ്റുപുഴ ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.എന്‍.പി.തങ്കച്ചന് നിര്‍വഹിച്ചു. മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.ജി.അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ അഡ്വ.ടി.പി.ജോസഫ്, അഡ്വ.എസ്.എസ്.ഷായിഷ, ബാര്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് അഡ്വ.സി.കെ.ആരിഫ്, കെല്‍സ സെക്രട്ടറി വി.കെ.നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.
മൂവാറ്റുപുഴ ടൗണ്‍ ക്ലബ്ബിന്റെ സഹകരണത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. ടൗണ്‍ ക്ലബ്ബ് പ്രസിഡന്റ് യൂസഫ് അന്‍സാരി, കോര്‍ഡിനേറ്റര്‍ ടി.യു.അലിയാര്, കൗണ്‍സിലര്‍മാരായ പി.കെ.നവാസ്, പി.കെ.അനില്‍, എം.കെ.ദിലീപ്, പ്രേംജിത്ത്, ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.എന്‍.സന്തോഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈകിട്ട് മൂവാറ്റുപുഴ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നടന്ന അദാലത്തിന് മുനിസിപ്പല്‍ ചെയര്മാന് യു.ആര്.ബാബു നേതൃത്വം നല്കി.
മൂവാറ്റുപുഴ താലൂക്കിലെ 16 പഞ്ചായത്തുകളിലും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലും കഴിഞ്ഞ ഒരാഴ്ചകൊണ്ടാണ് മൊബെയില്‍ അദാലത്തിന്റെ ആഭിമുഖ്യത്തില്‍ ജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിച്ചത്. 190 കേസുകള്‍ പരിഗണിച്ചതില്‍ 85 കേസുകള്‍ തീര്‍പ്പാക്കി. പരിഹാരം കാണാത്ത പരാതികള്‍ അതാതു പഞ്ചായത്തുകളില്‍ നടക്കുന്ന ലീഗല്‍ ക്ലിനിക്കുകളില്‍ വീണ്ടും പരിഹരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: