കൊച്ചി: കൊച്ചി മെട്രോ റയില്‍ പദ്ധതിക്കു പ്രധാനമന്ത്രി മന്മോഹന് സിങ് തറക്കല്ലിട്ടു. കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് പിന്തുണ നല്‍കുമെന്ന് പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. നിരവധി ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും നടുവിലാണ് പ്രധാനമന്ത്രി മെട്രോ റെയില്‍ പദ്ധതിക്ക് തറക്കല്ലിട്ടത്.
മറൈന്‍ഡ്രൈവില്‍ രാവിലെ പത്തിനു നടന്ന ചടങ്ങില്‍ കേന്ദ്ര നഗരകാര്യ മന്ത്രി കമല്‍ നാഥ് അധ്യക്ഷത വഹിച്ചു. ആദ്യഘട്ടം ആലുവ മുതല്‍ പേട്ട വരെ 25 കീലോമീറ്റര്‍ ദൂരത്തിലാണ് മെട്രോ റെയില്‍ നിര്‍മ്മിക്കുന്നത്. പദ്ധതിയുടെ നിര്‍മാണചെലവ് 5146 കോടി രൂപയാണ്. 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും മെട്രോ ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കമല്‍നാഥ് പറഞ്ഞു. കേരളത്തിന്റെ ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണത്തിന് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
നഗരങ്ങളിലെ ഗതാഗതക്കുരുക്ക് മാറ്റുന്നതിനായി ഗതാഗത സംവിധാനങ്ങള്‍ പരിഷ്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മെട്രോ പദ്ധതികള്‍ നടപ്പാക്കുന്നത്. മോണോ റെയില്‍ പദ്ധതികളും ഇതിന്റെ ഭാഗമാണ്. കേരളത്തില്‍ കോഴിക്കോടും തിരുവനന്തപുരവും മോണോ റെയില്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിട്ടുള്ള വിവരവും അദ്ദേഹം ഓര്‍മിപ്പിച്ചു. മോണോ റെയില്‍ പദ്ധതിയും മുന്ഗണനയിലെടുക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.
ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന് (ജെഎന്‍യുആര്‍എം) ആരംഭിച്ചതോടെ നഗരങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. 2005 ല്‍ ആരംഭിച്ച പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പറഞ്ഞ മന്ത്രി ഇതില്‍ കേരളത്തിനായി 36 പദ്ധതികള്‍ വകയിരുത്തിയിട്ടുണ്ടെന്നും പറഞ്ഞു. 14025 കോടി രൂപ വരുന്ന പദ്ധതികളില്‍ കൊച്ചിയില്‍ മാത്രം ആറ് പദ്ധതികളാണ് വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖരമാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവ ഇതില്‍ ഉള്‍പ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര മന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്, ഇ.അഹമ്മദ്, സംസ്ഥാന മന്ത്രി ആര്യാടന് മുഹമ്മദ്, മേയര്‍ ടോണി ചമ്മണി, കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് ചെയര്മാന് കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ചടങ്ങില്‍ നിന്നും വിട്ടു നിന്നു. ധൃതിപിടിച്ച് തറക്കല്ലിടല്‍ ചടങ്ങ് നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് വിഎസ് വിട്ടുനിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: