പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ ആദര്‍ശപരിവേഷത്തിന് കളങ്കം ചാര്‍ത്തിയാണ് ഭൂമിദാന കേസില്‍ അദ്ദേഹത്തെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ആദര്‍ശം വാക്കുകളില്‍ മാത്രമൊതുക്കി, പ്രതിഷേധം ക്രിയാത്മകമായ തലത്തിലേക്കെത്തിക്കാതെയുള്ള പ്രതിപക്ഷ നേതാവിന്റെ പൊറാട്ടു നാടകത്തിന് തിരശ്ശീല വീഴുകയാണോ? ടിപി വധക്കേസിലും സിബിഐ അന്വേഷണത്തിലും ഇപ്പോള്‍ കൂടംകുളം വിഷയത്തിലും വി.എസ്.ചൊരിയുന്ന പ്രതിഷേധ-ആദര്‍ശ വാഗ്ധോരണി പൊള്ളയാണെന്ന സത്യമാണോ പുറത്തുവരുന്നത്? കേരളത്തിലെ അണ്ണാ ഹസാരെയായി രാഷ്ട്രീയ അഴിമതിക്കെതിരെ, എമര്‍ജിംഗ് കേരളക്കെതിരെ ഭൂമാഫിയക്കെതിരെ, എല്ലാം വിമര്‍ശനം ഉയര്‍ത്തി ഐസ്ക്രീം കേസ്, ഇടമലയാര്‍ കേസ്, പാമോലിന്‍ കേസ്-മുതലായവ സജീവമാക്കി നിലനിര്ത്തിക്കൊണ്ടിരിക്കുന്നയാളാണ് ഇപ്പോള്‍ കേസില്‍പ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ വിഎസിന്റെ ബന്ധുവായ ടി.കെ. സോമന് കാസര്‍കോട് ജില്ലയിലെ എന്മകജെ പഞ്ചായത്തിലെ ഷോണി വില്ലേജില്‍ 2.33 ഏക്കര്‍ പതിച്ചുനല്‍കിയത്.
വിരമിച്ച സൈനികരില്‍ സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും മുപ്പതിനായിരം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്കും ലഭ്യമാകേണ്ടുന്ന നിയമം ദുരുപയോഗം ചെയ്തതാണ് അതിന് അര്‍ഹതയില്ലാത്ത തന്റെ വലിയച്ഛന്റെ മകനായ ടി.കെ.സോമന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാ തോമസിന്റേയും മുന്‍മന്ത്രി പി.കെ.രാജേന്ദ്രന്റേയും ഒത്താശയോടെ ഭൂമി നല്‍കിയത്. സോമന് ആലപ്പുഴയില്‍ 2.1 ഏക്കര്‍ ഭൂമി, 30 സെന്റില്‍ രണ്ടുനിലവീട്, ഫാന്‍സി സ്റ്റോര്‍ എന്നിവ സ്വന്തമായുണ്ട്. രണ്ട് മക്കള്‍ വിദേശത്തുമാണ്. അര്‍ഹരായവരുടെ അപേക്ഷകള്‍ മാറ്റിവച്ച് 36 വര്‍ഷം മുമ്പ് അസാധ്യമായ നടപടികള്‍ തിരുത്തി വില്പ്പനാവകാശത്തോടെയാണ് സോമന് ഭൂമി നല്‍കിയത്. അച്യുതാനന്ദന് നേരിട്ട് ഇടപെട്ടാണ് ഇത് ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നു. അഴിമതി നിരോധന നിയമത്തിലെ 13 (2) 13 (ഡി), ഐപിസി 420, 201, 120 (ബി) എന്നീ വകുപ്പുകളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. വിഎസും അന്നത്തെ റവന്യൂമന്ത്രി കെ.പി. രാജേന്ദ്രനും ഗുഢാലോചന നടത്തി മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചാണ് ഈ തീരുമാനമെടുത്തതെന്നും വിജലന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇനി വിഎസിന് സ്വന്തം കേസിനുവേണ്ടി കോടതി കയറിയിറങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: