മരട്: എമര്‍ജിംഗ് കേരള 2012 നിക്ഷേപക സംഗമത്തിനെതിരെ പ്രതിഷേധ സമരങ്ങളുമായി നിരവധി സംഘടനകള്‍ ഇന്നലെ തെരുവിലിറങ്ങി. കൊച്ചി നഗരത്തിലും ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില ജംഗ്ഷന്, കുണ്ടന്നൂര്‍ ജംഗ്ഷന് എന്നിവിടങ്ങളിലാണ് വിവിധ യുവജന സംഘടനകളുടെയും പരിസ്ഥിതി, സാമൂഹ്യ സാംസ്ക്കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നത്.
പ്രതിഷേധസമരങ്ങള്‍ കര്‍ശനമായി തടയണമെന്ന് പോലീസിന് നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് സമരം നടത്തുന്ന സംഘടനകളുടെ നേതാക്കളെ രഹസ്യാന്വേഷണ വിഭാഗം പ്രത്യേകം നിരീക്ഷിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ ഭീഷണി അവഗണിച്ചുകൊണ്ടാണ് നിക്ഷേപക സംഗമത്തിനെതിരെ സംഘടനകള്‍ സമരവുമായി രംഗത്തിറങ്ങിയത്. ഭാരതീയ ജനതായുവമോര്ച്ചയാണ് വൈറ്റില ജംഗ്ഷനില്‍ ആദ്യംസമരത്തിന് തുടക്കം കുറിച്ചത്. വൈറ്റില തമ്മനം റോഡ് ജംഗ്ഷനു സമീപത്തുനിന്നും യുവമോര്‍ച്ച എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഹ്വാന പ്രകാരം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് അരുണ്‍ കല്ലാത്ത്, ജനറല്‍ സെക്രട്ടറി രാജീവ് മുതിരക്കാട്, ശൈലേഷ്കുമാര്‍, പി.എ.അജീഷ് കുമാര്‍ (ജില്ലാ സെക്രട്ടറിമാര്‍) എന്‍.ജി.അഭിലാഷ്, ശ്രീകാന്ത് കൃഷ്ണന് (ജില്ലാ വൈസ് പ്രസിഡന്റുമാര്‍) തുടങ്ങിയവര്‍ നേതൃത്വം നല്കി. പ്രതിഷേധ പ്രകടനം വൈറ്റില ജംഗ്ഷനുസമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അരുണ്‍ കല്ലാത്ത് പ്രസംഗിച്ചു. പരിസ്ഥിതിയേയും മറ്റും ദോഷകരമായി ബാധിക്കുന്ന വികസനത്തിന്റെ പേരിലുള്ള മേളകള്‍ സംസ്ഥാനത്തിന് ദോഷകരമാണെന്ന് അരുണ്‍ കല്ലാത്ത് പറഞ്ഞു.
എഐവൈഎഫ്, എഐഎസ്എഫ് എന്നീസംഘടനകളുടെ നേതൃത്വത്തില്‍ വൈറ്റിലയില്‍ എമര്‍ജിംഗ് കേരളക്കെതിരെ പ്രതിഷേധ സമരം നടത്തി. വൈറ്റില ജംഗ്ഷനില്‍നിന്നും ആരംഭിച്ച പ്രകടനം പവര്‍ഹൗസിനു സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: