പയ്യന്നൂറ്: കേരളത്തില്‍ വളര്‍ന്നു വരുന്ന മതതീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടുന്നതിനായി ജനാധിപത്യ വിശ്വാസികള്‍ സംഘടിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് അഭിപ്രായപ്പെട്ടു. കഴിഞ്ഞദിവസം പയ്യന്നൂരില്‍ എന്‍ഡിഎഫ് ഭീകരര്‍ തകര്‍ത്ത ബിജെപി, സിപിഎം ഓഫീസുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിണ്റ്റെയും ബിജെപിയുടെയും ഓഫീസുകള്‍ അക്രമിച്ചത് ബിജെപിയെയും സിപിഎമ്മിനെയും തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനും നാട്ടില്‍ അക്രമം പടര്‍ത്താനുമുള്ള ശ്രമത്തിണ്റ്റെ ഭാഗമാണ്. മതതീവ്രവാദികളുടെ ഈ ശ്രമം വിലപ്പോവില്ലെന്ന് അക്രമസ്ഥലം സന്ദര്‍ശിച്ച ശേഷം ബിജെപി നേതാക്കള്‍ പ്രസ്താവിച്ചു. വളരെക്കാലമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന് തന്നെ എന്ന നിലയില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അക്രമിക്കുകയെന്ന ഗൂഡലക്ഷ്യമാണ് മതതീവ്രവാദികള്‍ ഉദ്ദേശിച്ചിരുന്നത്. പയ്യന്നൂരില്‍ അക്രമം നടത്തിയവരെ ഉടന്‍ പിടിക്കാന്‍ കഴിഞ്ഞതാണ് അക്രമം പടരാതിരിക്കാന്‍ ഇടയാക്കിയതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. നേരത്തെ അക്രമം നടന്ന സിപിഎം പയ്യന്നൂറ് ഏരിയാ കമ്മറ്റി ഓഫീസ് ബിജെപി നേതാക്കളായ കെ.രഞ്ചിത്ത്, യു.ടി.ജയന്തന്, സി.കെ.രമേശന് മാസ്റ്റര്‍, എ.കെ.രാജഗോപാലന്‍ മാസ്റ്റര്‍, ഗംഗന് തായിനേരി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. പയ്യന്നൂറ് ഏരിയാ കമ്മറ്റി ഓഫീസായ എകെജി മന്ദിരത്തിലെത്തിയ ബിജെപി നേതാക്കളെ ഏരിയാ സെക്രട്ടറി ടി.ഐ.മധൂസൂദനന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.നാരായണന്, ഏരിയാ കമ്മറ്റിയംഗം ജി.ഡി.നായര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. ഓഫീസിന് നേര്‍ക്ക് നടന്ന അക്രമങ്ങളെക്കുറിച്ച് ഏരിയാ സെക്രട്ടറി ബിജെപി സംഘത്തിന് വിശദീകരിച്ചുകൊടുത്തു. എന്‍ഡിഎഫ് അക്രമം നടന്ന പയ്യന്നൂരിലെ ബിജെപി ഓഫീസായ മാരാര്‍ജി മന്ദിരവും അന്നൂരിലെ പട്ടന്മാര് കൊവ്വലിലെ ബിജെപി സ്തൂപവും നേതാക്കള്‍ സന്ദര്‍ശിച്ചു. ബിജെപി ഓഫീസ് അക്രമത്തില്‍ പയ്യന്നൂറ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സ്തൂപവും ഓഫീസും അക്രമിച്ചതില്‍ പതിനായിരം രൂപയുടെ നഷ്ടമുണ്ടെന്ന് കാണിച്ച് ഗംഗന് തായിനേരി നല്കിയ പരാതിയിലാണ് അന്വേഷണം. അക്രമത്തില്‍ പ്രതിഷേധിച്ച് പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: