തിരുവനന്തപുരം: കര്‍മശേഷിയുടെയും ആധ്യാത്മിക ഔന്നിത്യത്തിന്റെയും ആള്‍ രൂപമായിരുന്ന സ്വാമി വിവേകാനന്ദനെ സ്മരിക്കാന്‍ സമാനസ്വഭാവമുള്ള പരിപാടി സംഘടിപ്പിച്ച് വിവേകാനന്ദ സ്വാധ്യായ സമിതി ശ്രദ്ധേയമായി. വിവേകാനന്ദ സ്വാധ്യായ സമിതി പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ച സാമൂഹിക സൂര്യനമസ്കാരമാണ് വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ടത്. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ വാര്‍ഷിക ദിനമായ ഇന്നലെ രാവിലെ ആയിരുന്നു പരിപാടി.
ഭാരതം ലോകത്തിനു സമ്മാനിച്ച സന്ന്യാസി വര്യനെ അനുസ്മരിച്ചു കൊണ്ട് ആയിരത്തോളം വിദ്യാര്‍ഥികള്‍ ലോകത്തിന് ഭാരതത്തിന്റെ സംഭാവനയായ സൂര്യനമസ്കാരം അനുഷ്ഠിച്ചു. വിവിധ കേന്ദ്രങ്ങളിലും സ്ഥലങ്ങളിലും നടന്ന പരിശീലനത്തിനു ശേഷം എത്തിയവര്‍ ഒരേ താളത്തില്‍ ഒരേ മനസ്സോടെ സൂര്യനമസ്കാരം ചെയ്തപ്പോള്‍ അത് ഭംഗിയും ഭക്തിയുമുള്ള കാഴ്ചയുമായി. സ്വാമി വിവേകാനന്ദന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗം കൂടിയായി നടത്തിയ പരിപാടി വീക്ഷിക്കാന്‍ സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖരും എത്തിയിരുന്നു.
സൂര്യനമസ്കാരത്തിനു ശേഷം നടന്ന ചടങ്ങില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ മുഖ്യപ്രഭാഷണം നടത്തി. ചിക്കാഗോയില്‍ ഭാരതത്തിന്റെ സൂര്യനുദിച്ച ദിവസമായിരുന്നു 1893 സപ്തംബര്‍ 11 എന്ന് പി.പരമേശ്വരന്‍ പറഞ്ഞു. അന്നാണ് സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയിലെ മതമഹാ സമ്മേളനത്തില്‍ പ്രസംഗിച്ചത്.
സ്വതന്ത്രഭാരതത്തെ സ്വാമി വിവേകാനന്ദന്‍ വിഭാവനം ചെയ്ത രീതിയില്‍ മാറ്റിയെടുക്കുക എന്നതാണ് യുവാക്കളുടെ ഉത്തരവാദിത്വം. അദ്ദേഹം ഒരു വലിയ തീപ്പന്തമായിരുന്നു.
അതില്‍ നിന്നുള്ള തീപ്പൊരി ഓരോയുവാവിന്റെയും മനസ്സില്‍ ഉണ്ടാകണം. അതിന് നമ്മുടെ മനസ്സിനുള്ളിലെ ദൈവീകതയെ ഉണര്‍ത്തുകയാണ് വേണ്ടത്. ദാരിദ്ര്യം മുതല്‍ ഭീകരവാദം വരെയുള്ള രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇത്തരത്തിലുള്ള യുവതലമുറയ്‌ക്കേ കഴിയൂ. രാഷ്‌ട്രത്തിനായി സമര്‍പ്പണം ചെയ്യാനുള്ള മനസ്സാണ് 150-ാം വാര്‍ഷികത്തില്‍ ഓരോരുത്തര്‍ക്കും ഉണ്ടാകേണ്ടതെന്നും പി.പരമേശ്വരന്‍ പറഞ്ഞു. ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി തത്ത്വരൂപാനന്ദ, കെ.വി.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ.രംഗനാഥ് കൃഷ്ണ സ്വാഗതവും അഭിദേവ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: