ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ചന്ദ്രശേഖരന്റെ വിധവ കെ.കെ.രമയുടെ ആവശ്യത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പിന്താങ്ങിയപ്പോള് സിപിഎം സംസ്ഥാന നേതൃത്വവും ഇപ്പോള്‍ പൊളിറ്റ്ബ്യൂറോയോഗത്തില് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ഈ ആവശ്യത്തെ നിരാകരിച്ചിരിക്കുകയാണ്. ടിപി വധവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണെന്നും പാര്‍ട്ടി അംഗങ്ങള്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പ്രസ്താവിച്ച പ്രകാശ് കാരാട്ടാണ് സ്വന്തം വാക്കുകള്‍ വിഴുങ്ങി കേരള സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സിബിഐ അന്വേഷണത്തിനെതിരെ രംഗത്തുവന്നത്. നേരത്തെ പിബി അംഗം സീതാറാം യെച്ചൂരി പ്രസ്താവിച്ചത് ഏത് ഏജന്‍സിയെക്കൊണ്ടും കേസ് അന്വേഷിപ്പിക്കാമെന്നായിരുന്നു. ഇതോടെ സംസ്ഥാന നേതൃത്വത്തില്‍ മാത്രമല്ല പിബിയിലും ടിപി വധവുമായി ബന്ധപ്പെട്ട് വിഭാഗീയത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. അന്വേഷണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്ലെന്നും സിപിഎം ആരോപിക്കുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി, രണ്ട് സംസ്ഥാന സമിതി അംഗങ്ങള്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ഏരിയ, ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവരടക്കം 76 പേര്‍ക്കെതിരെ പോലീസ് കുറ്റപത്രം നല്‍കിക്കഴിഞ്ഞു. ഇവരില്പ്പെടാത്തവരെക്കൂടി കുടുക്കാനാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നാണ് സിപിഎം ആരോപണം.
കൊന്നവരെ മാത്രമേ പിടികിട്ടിയിട്ടുള്ളൂ എന്നും കൊല്ലിച്ചവര്‍ ഇനിയും വെളിയിലാണെന്നും പോലീസ് വിശദീകരിച്ചിരുന്നു. പോലീസ് അന്വേഷണം ഗൂഢാലോചനയിലേക്ക് നീങ്ങിയ വേളയിലാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയതും കേസന്വേഷണം നിശ്ചലമായതും. ഇത് ഉയര്‍ത്തിയ സംശയമാണ് ചന്ദ്രശേഖരന്റെ പാര്‍ട്ടിയായ ആര്‍എംപിയെയും വിധവ രമയെയും സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ത്താന്‍ പ്രേരിപ്പിച്ചത്. ഈ ആവശ്യത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ന്യായീകരിക്കുകയും ചെയ്തു. ഇപ്പോള്‍ പിബി പ്രസ്താവനയില്‍ പറയുന്നത് കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയവരെ കുരുക്കാനാണ് സിബിഐ അന്വേഷണ ആവശ്യം ഉയര്‍ത്തുന്നത് എന്നാണ്. ടി.പി.ചന്ദ്രശേഖരന് വധത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പ്രസ്താവിച്ചപ്പോള്‍ അന്നം കഴിക്കുന്ന ആരും അത് വിശ്വസിക്കില്ലെന്ന് വിഎസ് പറയുകയുണ്ടായി. ടിപി വധം പാര്‍ട്ടിയുടെ പ്രതിഛായ കേരളത്തില്‍ തകര്‍ത്തുവെന്നതിന് നെയ്യാറ്റിന്‍കരയിലെ പരാജയം തെളിയിക്കുന്നുണ്ട്. ടിപിയെ വധിക്കാന്‍ 2009ല്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി കൊലയാളികളിലൊരാളായ ഷിജിത്ത് സമ്മതിച്ചിരുന്നു. പിന്നീടാണ് വധച്ചുമതല പി.കെ.കുഞ്ഞനന്തനില്‍ നിക്ഷിപ്തമായതും അത് നിഷ്ഠുര വിജയം കൈവരിച്ചതും.
പാര്‍ട്ടി പൊളിറ്റ്ബ്യൂറോ സിബിഐ അന്വേഷണാവശ്യം നിരാകരിച്ചപ്പോള്‍ അതാണ് പാര്‍ട്ടിയുടെ നിലപാടെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക് പ്രസ്താവിക്കുമ്പോള്‍ പിബി അവരുടെ നിലപാട് പറഞ്ഞുവെന്നും താന്‍ തന്റെ നിലപാട് വിശദീകരിച്ചുവെന്നുമാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പാര്‍ട്ടിയിലെയും പിബിയിലെയും ഭിന്നത തുടരുകയാണ്. ഇതിനിടെ ടിപി കുടുംബസഹായഫണ്ട് ശേഖരണത്തില്‍ സഹകരിച്ചതിന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നാലംഗങ്ങളെ പുറത്താക്കിയിരിക്കുകയാണ്. ഇതില്‍ രണ്ട് മുന്‍ എസ്എഫ്ഐ നേതാക്കളും ഉള്‍പ്പെടുന്നു. എസ്എഫ്ഐയില്‍നിന്നും വന്‍ കൊഴിഞ്ഞുപോക്ക് ബംഗാളിലും കേരളത്തിലും സംഭവിക്കുന്നുവെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഈ പുറത്താക്കല്‍. ടി.പി.ചന്ദ്രശേഖരനെ 51 വെട്ടുകളേല്പ്പിച്ച് വധിച്ചത് പാര്‍ട്ടിയിലെ മനുഷ്യത്വം മരിച്ചിട്ടില്ലാത്ത അംഗങ്ങളില്‍ വെറുപ്പുളവാക്കിയിരുന്നു. ഇപ്പോള്‍ ടിപിയുടെ ഭാര്യ രമയെ സഹായിക്കാന്‍ രംഗത്തുവരുന്നവരെക്കൂടി പുറന്തള്ളി സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് പാര്‍ട്ടിയെ പിന്നെയും പ്രതിക്കൂട്ടില്‍തന്നെ നിര്‍ത്തുമെന്നുറപ്പാണ്.
ബഹിരാകാശത്തെ
ഇന്ത്യന്‍ സെഞ്ച്വറി
ബഹിരാകാശത്ത് സെഞ്ച്വറിയടിച്ച് പിഎസ്എല്‍വി-സി21 വിക്ഷേപണത്തോടെ ഐഎസ്ആര്‍ഒ ഉപഗ്രഹ വിക്ഷേപണത്തില്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. 1975 ഏപ്രിലില്‍ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചുകൊണ്ട് ഇന്ത്യ തുടങ്ങിയ ബഹിരാകാശ പദ്ധതികളിലെ നാഴികക്കല്ലാണിതെന്ന് വിക്ഷേപണത്തിന് സാക്ഷ്യംവഹിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രസ്താവിക്കുകയുണ്ടായി. പിഎസ്എല്‍വിയുടെ 22 വിക്ഷേപണങ്ങളില്‍ 21-ാമത്തെ വിജയം കൂടിയാണിത്. 62 ഉപഗ്രഹങ്ങളും 37 വിക്ഷേപണ വാഹനങ്ങളും ഒരു സ്പേസ് കാപ്സ്യൂള്‍ റിക്കവറി പരീക്ഷണവും ഉള്‍പ്പെടെയാണിത്. ബഹിരാകാശ ഗവേഷണത്തിനുവേണ്ടി ഇന്ത്യ പ്രത്യേക സമിതിയെ നിയോഗിച്ചതിന്റെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ തന്നെയാണ് ഈ ചരിത്രനേട്ടം എന്നതും ശ്രദ്ധേയമാണ്. ഒരു രാജ്യത്തിന്റെ വികസനത്തിന്റെ അടയാളമാണ് ടെക്നോളജിയിലുള്ള മുന്നേറ്റമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഐഎസ്ആര്‍ഒയുടെ അടുത്ത ലക്ഷ്യം ചൊവ്വാ ദൗത്യമാണ്. ഈ വിജയങ്ങള്‍ ഐഎസ്ആര്‍ഒ മേധാവികളുടെ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കാന്‍ സഹായകരമാണ്. 2013 നവംബറോടുകൂടിയാണ് ചൊവ്വാ ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നത്. ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തിയ ഇന്ത്യയുടെ ചാന്ദ്രയാന്‍ ദൗത്യവും ചരിത്രമാണല്ലോ. ഇപ്പോള്‍ ഇന്ത്യക്ക് റിമോട്ട് സെന്‍സറിംഗ് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കാന്‍ വിദേശ ടെക്നോളജിയെ ആശ്രയിക്കേണ്ടതില്ല. ഐഎസ്ആര്‍ഒ മൂന്ന് ടണ്‍ ഭാരമുള്ള മൂന്ന് വാര്‍ത്താ വിക്ഷേപണ ഉപഗ്രഹങ്ങളും വിക്ഷേപിച്ചിരുന്നല്ലോ. ഭാരിച്ച ചെലവുള്ളതാണെങ്കിലും ഇത് ഇന്ത്യയുടെ സാങ്കേതികമികവിന് അടിവരയിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: