ജയറാം രമേശിനെതിരെ കെ.സി. ജോസഫ്
തിരുവനന്തപുരം: സിപിഎമ്മിന്റെ പിടിയലമര്‍ന്ന കുടുംബശ്രീയെ കേന്ദ്രമന്ത്രി പ്രോത്സാഹിപ്പിക്കുന്നതായി കോണ്‍ഗ്രസ്. കേന്ദ്രമന്ത്രി ജയറാം രമേശിനെതിരെ പരാതിയുമായി മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും രംഗത്തിറങ്ങി. കുടുംബശ്രീയെ നിയന്ത്രിക്കാനുള്ള നീക്കം ജയറാം രമേശ് തടസപ്പെടുത്തിയെന്നാരോപിച്ച് ഗ്രാമവികസനമന്ത്രി കെ.സി. ജോസഫ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയയ്ക്ക് പരാതി നല്കി. ദേശീയ ഗ്രാമീണ ഉപജീവന പദ്ധതിയുടെ നടത്തിപ്പു ചുമതല കുടുംബശ്രീയെ ഏല്പിച്ചതാണ് മന്ത്രി കെ.സി.ജോസഫിനെ പ്രകോപിപ്പിച്ചത്. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ വഴി നടപ്പാക്കേണ്ട പദ്ധതി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നത് പഞ്ചായത്തീരാജ് നിയമത്തിന് എതിരാണെന്ന് കെ.സി.ജോസഫ് ചൂണ്ടിക്കാട്ടി. ഇടതു സര്‍ക്കാര്‍ രൂപവത്കരിച്ച കുടുംബശ്രീയില്‍ ഇടത് ആഭിമുഖ്യമുള്ളവരാണ് കൂടുതലെന്നും മന്ത്രി ആരോപിക്കുന്നു.
എന്നാല്‍ കുടുംബശ്രീ മാതൃക മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്നാണ് കേന്ദ്രഗ്രാമവികസനവകുപ്പിന്റെ നിലപാട്. ഇതേത്തുടര്‍ന്നാണ് കെ.സി.ജോസഫ് സോണിയയ്ക്ക് പരാതി നല്‍കിയത്. കേന്ദ്ര ഗ്രാമവികസന വകുപ്പിലെ ഇടതുപക്ഷ ആഭിമുഖ്യമുള്ള മലയാളി ഉദ്യോഗസ്ഥരാണ് ഈ നീക്കത്തിനു പിന്നിലെന്നും കേന്ദ്രമന്ത്രി ഇവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും കെ.സി.ജോസഫ് കത്തില്‍ കുറ്റപ്പെടുത്തി.
കുടുംബശ്രീയെ മാര്‍ക്സിസ്റ്റു വത്കരിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ കേന്ദ്രമന്ത്രി പ്രോത്സാഹിപ്പിക്കുകയാണത്രെ. ദേശീയ തൊഴിലുറപ്പു പദ്ധതിയിലും ഗ്രാമീണ റോഡ് വികസന പദ്ധതിയിലും കേരളത്തിലെ നേതൃത്വം അതൃപ്തി അറിയിച്ചിട്ടുണ്ട്. കുടുംബശ്രീക്ക് നല്കുന്ന പരിഗണന ജനശ്രീക്ക് ലഭിക്കാത്തതിലുള്ള അമര്‍ഷവും ഇതിന്റെ പിന്നിലുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.
ജയറാം രമേശിന് പക്വതയും പാകതയും ഇല്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കേന്ദ്രമന്ത്രിസഭയില്‍ താന്‍പോരിമ കാട്ടുന്ന പ്രകൃതക്കാരനാണ് ജയറാം രമേശെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. ഊര്‍ജവകുപ്പു മന്ത്രിയായിരുന്ന ജയറാം രമേശിനെ കഴിഞ്ഞ മന്ത്രിസഭാ പുനസ്സംഘടനയിലാണ് മാറ്റിയത്. താരതമ്യേന ഗ്ലാമറില്ലാത്ത വകുപ്പായ ഗ്രാമവികസന വകുപ്പിലേക്ക് ഇദ്ദേഹത്തെ മാറ്റിയത് കോണ്‍ഗ്രസിനകത്തെ ഭിന്നത മൂലമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: