ഒരു സബ്മേര്ജില് നിന്ന് ഒരാള്‍ രക്ഷപ്പെടുത്തിയ സ്ഥലമാണ് നമ്മുടെ കേരളം എന്ന് ഐതിഹ്യം. അതില്‍ കഥയുണ്ടോ കാര്യമുണ്ടോ എന്നത് അവിടെ നില്ക്കട്ടെ. ആ സ്ഥലത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കാനും ചെകുത്താന്റെ വിളയാട്ട കേന്ദ്രമാക്കാനും ശ്രമിക്കുന്നവര്‍ ഇവിടത്തുകാര്‍ തന്നെയെന്നതിന് ഒരു സംശയവുമില്ല. ഓരോ കാര്യത്തിനു പിന്നിലും സുവ്യക്തമായ ഒരജണ്ടയുണ്ടായിരിക്കും. അത് ന്യായാന്യായതകളോടെ ചൂണ്ടിക്കാട്ടി ജനങ്ങളെ പ്രബുദ്ധരാക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രശ്നങ്ങള്‍ അനേകം. സംസ്ഥാനത്തിന്റെ നേട്ടം പാര്‍ട്ടിയുടെയും അതുവഴി സ്വന്തക്കാരുടെയും നേട്ടമായി മാറുന്നത് കണ്ടിരിക്കുന്നവര്‍ക്ക് അത് പിടിച്ചെന്നുവരില്ല. ഓരോരുത്തരും കൊതിക്കുന്നത് ആത്യന്തികമായി സ്വന്തം നേട്ടം തന്നെ. അതില്‍ ചെറിയതും വലിയതുമായ താല്‍പ്പര്യങ്ങള്‍ വന്നുകൂടുമെന്നേയുള്ളൂ. ചെറിയനേട്ടം(ച്ചാല്‍ കുടുംബനേട്ടം എന്ന് കൂട്ടിക്കോളിന്‍) ലക്ഷ്യമിടുന്നവരെ വെറുക്കുമ്പോള്‍ വലിയ നേട്ടം (സംസ്ഥാനം, രാജ്യം അങ്ങനെയങ്ങനെ) ലക്ഷ്യമിടുന്നവരെ മഹാന്ഗണത്തില് പെടുത്തി ആദരിച്ച് പൂജിക്കും. ഇതൊക്കെ അങ്ങനത്തെ ചില ഏര്‍പ്പാടുകളാണ്.
ഇവിടെയിപ്പോള്‍ കേരളത്തെ കരകയറ്റാനുള്ള ഏര്‍പ്പാടാണ് നടക്കാന്‍ പോകുന്നത്. മൂന്നുദിവസത്തെ മഹാമഹം വഴി കേരളം ഹിമാലയവളര്ച്ച നേടുമെന്ന് ഒറ്റ എമര്ജിങ്കാരും വിശ്വസിക്കുന്നില്ല. ചില്ലറ പുരോഗതി ഉണ്ടായെന്നും ഇല്ലായെന്നും വന്നേക്കാം. എന്നുകരുതി ആ വഴിക്ക് ഒരു നടത്തം തന്നെ വേണ്ടെന്ന് വെക്കുന്നത് വിഡ്ഢിത്തമല്ലേ? അതേസമയം മണ്ണും വിണ്ണും വെള്ളവും നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് തീറെഴുതിക്കൊടുക്കണമെന്ന് പറഞ്ഞാലോ? അനുവദിക്കാനാവുമോ? അക്കാര്യത്തില്‍ ദേഷ്യപ്പെട്ട് വായില്‍ തോന്നിയത് പറയാമോ? എമര്‍ജിങ് കേരളയുടെ പേരില്‍ വിത്തെടുത്ത് കുത്തി കഞ്ഞികുടിക്കരുതെന്ന നിലപാട് തീവ്രവാദികളുടേതിനു തുല്യമാണെന്നൊക്കെ ആരോപിക്കുന്നത് കടന്ന കൈയാണ്. എല്ലാം നേരായ വഴിക്കുതന്നെ പോയാല്‍ അതില്‍ നൈര്മല്യമുണ്ടാവും. പരസ്യം വഴിയല്ലാതെ തന്നെ സംസ്ഥാനം ദൈവത്തിന്റെ സ്വന്തം നാടായി മാറും. ഇല്ലെങ്കില്‍ ഒരു കാലത്തും ഗതിപിടിക്കാത്ത, പിച്ചച്ചട്ടിയുടെ നാടായി കേരളം മാറും.
2003 ജൂണില്‍ അന്താരാഷ്ട്രനിക്ഷേപകസംഗമം എന്ന പേരില്‍ ജിം എന്നൊരു മാമാങ്കം നടന്നു. അന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. അഴിമതി കറുപ്പോ വെളുപ്പോ എന്നറിയാത്ത ആ പാവം അതിന്റെ പേരില്‍ ഒരുപാട് കേട്ടു. പക്ഷേ, പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ സംഭവിച്ചതോ. 11159.45 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ ലക്ഷ്യമിട്ട ജിം ഒടുവില്‍ ടിം (ടോട്ടല്‍ ഇഡിയറ്റ് മീറ്റ്) ആയി. ആരാണുത്തരവാദിയെന്ന് ഇരുമുന്നണികളും പരസ്പരം വിരല്‍ചൂണ്ടുമ്പോള്‍ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ക്ക് മനസ്സിലാവുന്നു. 2006ല്‍ യുഡിഎഫ് മന്ത്രിസഭ അധികാരം വിട്ടൊഴിയുമ്പോള്‍ വട്ടപ്പൂജ്യമായിരുന്നു ജിം കൊണ്ടുവന്നത്. അല്ലറചില്ലറ റിസോര്‍ട്ടുകളും തുണിക്കടകളും അതുവഴി വന്നകാര്യം മറക്കുന്നില്ല. അതിന് നിക്ഷേപകസംഗമം തന്നെ വേണമെന്നില്ലല്ലോ. ഇപ്പോള്‍ത്തന്നെ സ്വര്ണക്കടകളായും തുണിക്കടകളായും കോഴിക്കടകളായും എന്തെന്തൊക്കെ വഹകളാണ് നാട്ടില്‍ കൂണുപോലെ പൊട്ടിമുളയ്ക്കുന്നത്.
ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങളെന്ന് കവി ഭാവനചെയ്ത നദികള്‍, പുഴകള്‍, പൂവനങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്നതിനെതിരെ വന്‍ പ്രതിഷേധങ്ങളാണ് ജിം കാലത്ത് ഉയര്‍ന്നുവന്നത്. അന്നത്തെ അതേ സ്ഥിതിയാണ് ഇന്നുമെന്ന് പറയുന്നു മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ ചിലരും. അക്കാര്യത്തില്‍ പ്രതിപക്ഷത്തെ പൊരിക്കാന്‍ ഇറങ്ങിപ്പുറപ്പെടും മുമ്പ് കാര്യങ്ങള്‍ ഒന്ന് മനസ്സമാധാനത്തോടെ നോക്കാന്‍ തിരുമനസ്സിന് കനിവുണ്ടാവുമെങ്കില് അതാവും നന്നാവുക. ജിമ്മില്‍ വിമര്‍ശനത്തിന്റെ കൂരമ്പേറ്റ് ശരീരത്തില്‍ നിന്ന് നിണം വാര്‍ന്നൊഴുകിയ മഹാന് ഇന്ന് ഇന്ത്യാമഹാരാജ്യത്തിന്റെ പ്രതിരോധ നായകനായ സ്ഥിതിക്ക് ഉമ്മന്‍ചാണ്ടിയ്ക്കും വരും ഒരു നല്ലകാലം എന്ന് ആശംസിക്കുന്നവരും കുറവല്ല. ഏതായാലും കേരളകൗമുദി (സപ്തം. 4)യില്‍ സുജിത് വരച്ചിട്ടതിലെ കളിയും കാര്യവും നന്നായിത്തന്നെ ജനങ്ങളെ രസിപ്പിക്കുന്നു. ഹരിതരാഷ്ട്രീയവും ചെഞ്ചോര രാഷ്ട്രീയവും ഒന്നിക്കുന്നതിലെ അപകടത്തെക്കുറിച്ച് ധാരണ പോരെങ്കില്‍ ചീഫ് സെക്രട്ടറിയെക്കൊണ്ട് ഒന്ന് ഭാവന ചെയ്ത് നോക്കാന്‍ പറയുക. ചന്ദനലേപസുഗന്ധം പരത്തുന്ന കാര്യങ്ങളാവില്ല അദ്ദേഹത്തിന് എഴുതിത്തരാനുണ്ടാവുക.
നമ്മുടെ മന്‍മോഹന്‍സിങ് ആള് മഹാകേമനാണെന്നാണല്ലോ സോണിയാ പാര്‍ട്ടിയും അവരുടെ ഒത്താശക്കാരും പറയുന്നത്. അങ്ങനെ കേമനായ ഒരാള്‍ക്ക് കളവ് പറയാനാവുമോ? ചെയ്യാനാവുമോ? ഇല്ലേയില്ല. പിന്നെയെന്തിനാണ് കല്‍ക്കരിപ്പാടത്തിന്റെ പേരില്‍ ആ മനുഷ്യനെ ഇങ്ങനെ പ്രതിപക്ഷം കൊല്ലാക്കൊല ചെയ്യുന്നത്. സത്യം സത്യമായിത്തന്നെ നിലനില്ക്കും എന്നതിനാല്‍ ടിയാന് ആദ്യം ഒന്നും മിണ്ടിയതേയില്ല. എന്റെ മൗനം ആയിരം വാക്കുകളേക്കാള്‍ ശക്തം എന്ന് പിന്നീട് പറയുകയും ചില കണക്കുകളും മറ്റും മേശപ്പുറത്ത് വെക്കുകയും ചെയ്തു. മടിയില്‍ ഘനമുള്ളവനേ വഴിയില്‍ ഭയം തോന്നേണ്ട കാര്യമുള്ളൂ എന്നോ മറ്റോ പഴമക്കാര്‍ പറഞ്ഞിട്ടുണ്ട്. ആ വഴിയിലാണ് മന്മോഹന്. അദ്യം പ്രാപ്തി കുറഞ്ഞ വ്യക്തിയാണെന്ന് ഒബാമയുടെ മാധ്യമ സിന്‍ഡിക്കേറ്റില്‍പ്പെട്ട വാഷിങ്ങ്ടണ്‍ പോസ്റ്റ് പറഞ്ഞത് വിട്ടേക്കുക. സ്വന്തം പ്രസിഡന്റല്ലാത്തവരൊക്കെ അവര്‍ക്ക് പ്രാപ്തി കുറഞ്ഞവരാണ്.
പക്ഷേ, ഇവിടെ ഒരു കാര്യത്തില്‍ നമുക്ക് മന്മോഹനനെ ഉപദേശിക്കേണ്ടിവരും. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന സിഎജി എന്ന സ്ഥാപനത്തെ പ്രധാനമന്ത്രിക്ക് കണ്ണെടുത്താല്‍ കണ്ടുകൂട. കല്‍ക്കരിപ്പാടം സംബന്ധിച്ച കണക്കുകളില്‍ വലിയ തട്ടിപ്പു നടന്നിട്ടുണ്ടെന്ന് പറഞ്ഞതുകൊണ്ടാണത്. സിഎജി പറയുന്നത് വസ്തുതാവിരുദ്ധമാണ്, (ച്ചാല്‍ കള്ളമെന്ന്) പിഎസി വഴി അത് ചോദ്യം ചെയ്യും എന്നൊക്കെ വീരവാദം മുഴക്കി ടിയാന്. സാധാരണക്കാരും കരുതും, മൂപ്പര് പറയുന്നത് ശരിയല്ലേ എന്ന്. അങ്ങനെയുള്ളവര്‍ക്ക് സിഎജി ആരാണ്, എന്താണ് അതിന്റെ പ്രാധാന്യം, എങ്ങനെയാണ് ആ സ്ഥാപനത്തെ ബഹുമാനിക്കേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തതയുണ്ടാവാന്‍ ശ്ശി വിഷമമാണ്. എന്നാല്‍ അതിനുള്ള വഴിയൊരുക്കുന്നു ദ ഹിന്ദു പത്രം. അവരുടെ സപ്തം. 4ന്റെ ലക്കത്തില്‍ ഏറാചെഴിയന് എഴുതിയ ഒരു ലേഖനമുണ്ട്. സകലരും അത് വായിച്ച് മനസ്സിലാക്കേണ്ടതാണ്. പൊതുവെയുള്ള ഭാഷാകട്ടിയൊന്നും അതിനില്ല. ഡോണ്ഡ് അണ്ടര്‍മൈന്‍ ദ ഓഡിറ്റര്‍ എന്നാണ് തലക്കെട്ട്. കണക്കെഴുത്തുകാരനെ വിലകുറച്ചു കാണരുത് എന്ന് വേണമെങ്കില്‍ മൊഴിമാറ്റാം.
ഭരണഘടനാശില്പിയായ ഡോ. ബി.ആര്. അംബേദ്കര്‍, രാജേന്ദ്രപ്രസാദ്, സര്‍വേപ്പള്ളി രാധാകൃഷ്ണന്, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, 1962ല്‍ സ്പീക്കറായിരുന്ന സര്‍ദാര്‍ ഹുക്കുംസിങ് എന്നിവരൊക്കെ എത്രമാത്രം മഹനീയ സ്ഥാനമാണ് സിഎജിക്ക് കൊടുത്തതെന്ന് അത് വായിച്ചാല്‍ വ്യക്തമാകും. എത്ര വലിയവനെപ്പറ്റിയായാലും സത്യം പറയുന്ന കാര്യത്തില്‍ ഒരു പരുങ്ങലും ആവശ്യമില്ല എന്നാണ് എസ്. രാധാകൃഷ്ണന് 1954 ജൂണില്‍ മദിരാശിയിലെ ഒരു പരിപാടിക്കിടെ അഭിപ്രായപ്പെട്ടത്. ജുഡീഷ്യറിയെക്കാള്‍ സ്വാതന്ത്ര്യം സിഎജിക്ക് വേണമെന്ന് അംബേദ്കര്‍ 1949 മെയ് 30ന് അഭിപ്രായപ്പെട്ടു. സി.എ.ജിക്കുവേണ്ടിയുള്ള കെട്ടിടത്തിന് തറക്കല്ലിടവേ 1954 ജൂലായില്‍ അന്നത്തെ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പറഞ്ഞത് ഇങ്ങനെ: പലതരത്തിലുള്ള ക്ഷേമ പദ്ധതികള്‍ക്കുമായി വന്‍ ചെലവാണ് സര്‍ക്കാറിനുള്ളത്. അതിനാല്‍ ഓരോ ഉറുപ്പികയുടെയും കൃത്യമായ കണക്ക് സിഎജി വെക്കണം. അത് സര്‍ക്കാറിന് വിഷമമുണ്ടാക്കുമെന്നോ മറ്റോ കരുതരുത്. ഭയംകൂടാതെ, പ്രീണനം കൂടാതെ ഉത്തരവാദിത്തം നിറവേറ്റണം. രാജ്യത്തിന്റെ വിശാല താല്‍പ്പര്യമേ കണക്കിലെടുക്കാവൂ.
1965ല്‍ സിഎജി റിപ്പോര്‍ട്ട് വിവാദത്തിലായപ്പോള്‍ പ്രധാനമന്ത്രി നെഹ്റു പാര്‍ലമെന്റില്‍ ഒരംഗത്തോട് പറഞ്ഞത് ഇങ്ങനെ: സര്‍ക്കാറിനെക്കുറിച്ച് സിഎജി ബോധവാനാകേണ്ട കാര്യമില്ല. റിപ്പോര്‍ട്ടിലൂടെ അവര്‍ക്ക് വിമര്‍ശിക്കാം. പാര്‍ലമെന്റില്‍ സിഎജിയെ വിമര്‍ശിക്കുകയെന്നാല്‍ ആ സ്ഥാപനത്തിന്റെ പ്രത്യേകാധികാരത്തെ കുറച്ചു കാണുന്നു എന്നാണര്‍ത്ഥം. അങ്ങനെ ആയാല്‍ നിഷ്പക്ഷമായി ജോലി ചെയ്യാന്‍ അവര്‍ക്കാവില്ല.
1962ല്‍ പ്രതിരോധരംഗത്തെ വീഴ്ചകളെക്കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായപ്പോള്‍ അന്നത്തെ പ്രതിരോധമന്ത്രി കൃഷ്ണമേനോന് ക്ഷുഭിതനായി രംഗത്തുവന്നു. സാമ്പത്തിക കാര്യവും ഭരണനിര്‍വഹണവും പരിശോധിക്കല്‍ സിഎജിയുടെ പണിയല്ല എന്നായിരുന്നു മേനോന്റെ പക്ഷം. സ്പീക്കര്‍ സര്‍ദാര്‍ ഹുക്കുംസിങ് ഇരുപക്ഷത്തെയും സാന്ത്വനിപ്പിച്ചു. പിഎസി കാര്യം പരിശോധിക്കട്ടെ എന്ന വ്യവസ്ഥ വെക്കുകയും ചെയ്തു. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷമുള്ള അന്ന് സിഎജിയെക്കുറിച്ച് പഠിക്കാന്‍ സീനിയര്‍ കോണ്‍ഗ്രസ് നേതാവായ മഹാവീര്‍ ത്യാഗി ചെയര്‍മാനായ പിഎസി രൂപീകൃതമായി.
നാനാവശങ്ങള്‍ പഠിച്ച കമ്മിറ്റി സിഎജിയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍വാത്മനാ മതിപ്പു രേഖപ്പെടുത്തുകയും കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കണമെന്ന ശുപാര്‍ശയോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. മാത്രമല്ല ഭാരിച്ച ചെലവുവരുന്ന സ്ഥിതിഗതിയില്‍ സൂക്ഷ്മമായി കണക്കുകള്‍ പാര്‍ലമെന്റിനെ ബോധ്യപ്പെടുത്താന്‍ സിഎജി ശ്രമിക്കണമെന്നും അതിന് എല്ലാ സൗകര്യവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
വസ്തുതകളെക്കുറിച്ച് വ്യക്തമായി ധാരണയുള്ള ഏറാചെഴിയന് ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി ലേഖനം അവസാനിപ്പിക്കുംമുമ്പ് മന്മോഹന്റെ സിഎജി വിരുദ്ധവാദം തന്നെ ഭീകരമായി പേടിപ്പെടുത്തുവെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നു. സിഎജിയുടെ നിഗമനങ്ങള്‍ പിഎസിക്കു മുമ്പാകെയെത്തുമ്പോള് ചോദ്യം ചെയ്യുമെന്ന മന്മോഹനന്റെ നിലപാടാണ് 1971-73 കാലത്ത് പിഎസി ചെയര്‍മാനായിരുന്ന ലേഖകനെ ഞെട്ടിക്കുന്നത്. കാര്യകാരണസഹിതം ഇത്രയും മികച്ച ഒരു ലേഖനം കൊടുക്കുക വഴി ഹിന്ദുവിന്റെ മഹിതപാരമ്പര്യമാണ് ഒരിക്കല്‍ക്കൂടി തെളിഞ്ഞത്. ഇതിന് നന്ദിയല്ല, നെഞ്ചോട് ചേര്‍ക്കുകയാണ് വേണ്ടത്. കല്‍ക്കരിപ്പാടം വിറ്റു തുലച്ചതിന്റെ പേരില്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്ന സാഹചര്യത്തില്‍ ഈ ലേഖനം പ്രസ്ഫുരിപ്പിക്കുന്ന വികാരം ഓരോ ഭാരതീയന്റെയും അഭിമാനമാണ്.
തൊട്ടുകൂട്ടാന്‍
അധര്‍മ്മം നീക്കും സത്യഘോഷത്തിന് വിളംബരം
വാക്കുതിര്ക്ക; നാടിന്ജംബകവ്യഥയതു തീര്‍ക്ക
അല്ലെങ്കില്‍ വാതുറന്നൊന്നു കരയുക നേതാവേ!
മാറ്റിയേക്കാം കൊള്ളയടിക്കാരന്റെ മനസ്സത്
ശമിപ്പിച്ചേക്കാം ചിലപ്പോള്‍ നരനായാട്ടും പോരും
വാക്കിനെ വക്രരേഖയാക്കി വിഴുങ്ങുന്നോരോര്ക്ക
നിലവിളിയ്ക്ക് മഹാമൗനം മറുപടിയല്ല.
പി.എസ്. വെണ്മണി
കവിത: വ്യഥയുടെ ഇന്ദ്രപ്രസ്ഥം
പവിത്രഭൂമി മാസിക, കാഞ്ഞങ്ങാട് (സപ്തംബര്‍)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: