ഇസ്ലാമാബാദ്: ഇന്ത്യാ – പാക് വിസാ നിയമത്തില്‍ ധാരണയായി. വിസാ ചട്ടത്തില്‍ ഇളവ് വരുത്തുന്ന കരാറില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പാക്കിസ്ഥാനിലെത്തിയ വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയും പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലികുമാണ് കരാറില്‍ ഒപ്പുവെച്ചത്. കരാറിന്റ വിശദാംശങ്ങള്‍ പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖറുമായി നടത്തുന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.
ദശകങ്ങള്‍ പഴക്കമുള്ള വിസാ നിയമത്തില്‍ ഇളവ് വരുത്തിയത് ഇരു രാഷ്ട്രങ്ങള്‍ക്കിടയിലുമുള്ള നാഴികക്കല്ലാണെന്ന് പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് പറഞ്ഞു. വിസാ നിയമം ഇളവ് വരുത്തുന്നതോടെ വിദേശികള്‍ക്കും, ഉന്നത പൗരന്മാര്ക്കും ഇതിന്റെ ഫലം ലഭിക്കും. ആറ് മാസം കാലാവധിയുള്ള ഒരു സന്ദര്‍ശന വിസയില്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ തങ്ങാന്‍ സാധിക്കില്ലെന്നും പുതിയ നിയമത്തില്‍ പറയുന്നു. പുതിയ വിസാ നിയമം രണ്ട് ദിവസത്തിനുള്ളില്‍ നിലവില്‍ വരും. വിസാ ചട്ടങ്ങളില്‍ ഇളവ് വരുത്തുന്നത് ഇരു രാഷ്ട്രങ്ങളിലേയും സാധാരണ പൗരന്മാര്ക്ക് ഫലപ്രദമാകുമെന്നും ആരുടേയും പക്കല്‍നിന്ന് ഒന്നും നഷ്ടപ്പെടില്ലെന്നും മാലിക് പറഞ്ഞു.
അതേസമയം, മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ലഷ്കര്‍ ഭീകരരുടെ വിചാരണ എളുപ്പത്തിലാക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ യാതൊരുവിധ ചര്‍ച്ചയും നടത്തിയില്ല. അടുത്തിടെ അതിര്‍ത്തിയിലുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ലംഘനത്തെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി. ഇരു രാഷ്ട്രങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ച വിജയകരമായിരുന്നുവെന്നാണ് പാക് പത്രങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യുന്നത്. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും, പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫുമായി കൃഷ്ണ നടത്തിയ കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങള്‍ മിക്ക പത്രങ്ങളും ഒന്നാം പേജില്‍ നല്കി. ഇരു നേതാക്കളും തമ്മില്‍ നടത്തിയ ആദ്യ വട്ട ചര്‍ച്ച വിജയകരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന ലഷ്കര്‍ ഭീകരുടെ വിചാരണ മാറ്റിവെച്ചു. ഒരാഴ്ച്ചത്തേക്കാണ് വിചാരണ നീട്ടിയത്. സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ സാധിക്കാത്തതിനാലാണ് വിചാരണ മാറ്റിവെച്ചതെന്ന് ജഡ്ജ് ചൗധരി ഹബീബ് ഉര് റഹ്മാന് അറിയിച്ചു. കേസ് ഈ മാസം 15 ന് വീണ്ടും പരിഗണിക്കും. വിചാരണ വേഗത്തിലാക്കണമെന്ന ഇന്ത്യയുടെ ആവശ്യം നിലനില്‍ക്കുന്നതിനിടയിലാണ് ഇത്തരമൊരു ഉത്തരവ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ലഷ്കര്‍ ഭീകരന് സഖീര്‍ റഹ്മാന് ലക്വി ഉള്‍പ്പെടെ ഏഴ് പേരുടെ വിചാരണയാണ് പാക്കിസ്ഥാനിലെ ഭീകരവിരുദ്ധകോടതിയില്‍ നടക്കുന്നത്. സാക്ഷികളില്‍ നാല് പേര് രാജ്യത്തിന് പുറത്തായതിനാല്‍ അവരുടെ മൊഴി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ അറിയിച്ചിരുന്നു. സെപ്തംബര്‍ ഒന്നിന് ചേര്‍ന്ന കോടതി നേരത്തെ വിചാരണ മാറ്റിവെച്ചിരുന്നു. ഇത് മൂന്നാമത്തെ തവണയാണ് കേസിന്റെ വിചാരണ കോടതി മാറ്റി വെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: