തിരുവനന്തപുരം: എമേര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടിക്കത്ത് അയച്ചു. മൂന്ന് പദ്ധതികളെക്കുറിച്ച് വിഎസ് ആവശ്യപ്പെട്ട വിശദാംശങ്ങളും രേഖകളും നല്കാന് തയ്യാറാണെന്ന് കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
പെട്രോളിയം കെമിക്കല്‍സ് ആന്റ് പെട്രോ കെമിക്കല്‍ ഇന്‍വെസ്റ്റ്മെന്റ് റീജിയന്, കൊച്ചി-പാലക്കാട് നിംസ് പദ്ധതി, കൊച്ചി ആമ്പല്ലൂര്‍ ഇലക്ട്രോണിക് ഹബ് എന്നീ പദ്ധതികളുടെ വിശദാംശങ്ങളാണ് വിഎസ് ആവശ്യപ്പെട്ടത്. ഈ പദ്ധതികള്‍ക്കെല്ലാം തുടക്കമിട്ടത് ഇടതുസര്‍ക്കാരാണെന്ന് കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പദ്ധതികളില്‍ രണ്ടെണ്ണം വിഎസ് സര്‍ക്കാരിന്റെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. ഇക്കാര്യം മറച്ചുവച്ച് ഇവ പുതുതായി ആവിഷ്കരിച്ച പദ്ധതികളാണെന്നും ഇതില്‍ ദൂരൂഹതകള്‍ ഉണ്ടെന്നുമുള്ള മട്ടില്‍ നടത്തിയ പ്രചാരണങ്ങള്‍ ഖേദകരമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പദ്ധതികളുടെ ചരിത്രവും കത്തില്‍ പറഞ്ഞിട്ടുണ്ട്. പദ്ധതികള്‍ സംബന്ധിച്ച രേഖകള്‍ വി.എസിന് നല്‍കാമെന്നും സൂചിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ വികസന പ്രക്രിയയ്ക്ക് ആക്കം കൂട്ടാന്‍ വേണ്ടിയാണ് ഇടതുസര്‍ക്കാര്‍ ഈ പദ്ധതികള്‍ക്ക് തുടക്കമിട്ടതെന്ന് കരുതുന്നുവെന്നും യു.ഡി.എഫ് സര്‍ക്കാര്‍ അതുമായി മുന്നോട്ടുപോകുക മാത്രമാണ് ചെയ്യുന്നതെന്നും ഉമ്മന്‍ചാണ്ടി കത്തില്‍ പറയുന്നു.
ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വലിയ സംരംഭമാണ് എമര്‍ജിംഗ് കേരള. അതിന് പ്രതിപക്ഷത്തിന്റെ എല്ലാ സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നു എന്നു പറഞ്ഞാണ് വി.എസിനുള്ള മുഖ്യമന്ത്രിയുടെ കത്ത് അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: