ചെന്നൈ: ശിവകാശി മുതലപ്പെട്ടിയില്‍ 56 പേരുടെ മരണത്തിനിടയാക്കിയ പടക്കനിര്‍മ്മാണശാലയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് പന്ത്രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിര്‍മ്മാണയൂണിറ്റ് പാട്ടത്തിനെടുത്ത് നടത്തിയിരുന്ന പോള്‍ പാണ്ടി എന്നയാള്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. സംഭവം നടന്നതിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന അഞ്ചംഗ പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഇവര്‍ക്കെതിരെ മനപൂര്‍വ്വമായ നരഹത്യയ്ക്ക് കേസെടുത്തു. പുലര്‍ച്ചെ എട്ടുമണിയോടെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഫാക്ടറി നിയമവിരുദ്ധമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.അളവില്‍ കവിഞ്ഞ സ്ഫോടക വസ്തുക്കള്‍ ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം . അപകടത്തെ തുടര്‍ന്ന് ഫാക്ടറിയുടെ ലൈസന്‍സ് റദ്ദാക്കി. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. മരിച്ചവരില്‍ അധികവും ഫാക്ടറി ജോലിക്കാരാണ്.കത്തിയമര്‍ന്ന ഫാക്ടറിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് കണ്ടെടുത്തത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. സ്ഫോടനത്തില്‍ 56 പേര് മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
എഴുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ മധുര,ശിവകാശി,വിരുതനഗര്‍,എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ അന്‍പതിലകം പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇനിയും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. അത്യാഹിതം സംഭവിക്കുമ്പോള്‍ പടക്കശാലയിലെ നിരവധി ചെറിയ മുറികളിലായി മുന്നൂറിലേറെ തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ടായിരുന്നു.കെട്ടിടത്തില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നും എത്രപേര്‍ രക്ഷപ്പെട്ടു എന്നും വ്യക്തമല്ല.അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി ദുരന്തങ്ങളില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക രണ്ട് ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് കളക്ടര്‍ ഹരിഹരന് വ്യക്തമാക്കി.
ദീപാവലി ആഘോഷത്തിന് വേണ്ടി വന്‍തോതില്‍ പടക്കനിര്‍മ്മാണം നടക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. പടക്കങ്ങളുടെയും പടക്കനിര്‍മ്മാണത്തിനുള്ള രാസവസ്തുക്കളുടെയും വലിയ ശേഖരമാണ് പൊട്ടിത്തെറിച്ചത്. എഴുന്നൂറോളം പടക്കനിര്മ്മാണശാലകളാണ് തമിഴ്നാട്ടിലെ വിരുതനഗര്‍ ജില്ലയില്‍പ്പെട്ട ശിവകാശി നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിച്ചുവരുന്നത്.രാജ്യത്ത് പടക്കനിര്‍മ്മാണത്തിന്റെ 90 ശതമാനവും ഇവിടെ നിന്നാണ്. അരലക്ഷത്തോളം പേരാണ് ഇവിടുത്തെ പടക്കനിര്‍മ്മാണശാലകളില്‍ തൊഴിലെടുക്കുന്നത്. ഒരു ലക്ഷത്തിലേറെപ്പേര്‍ക്ക് പരോക്ഷമായി ഈ മേഖല തൊഴില്‍ നല്കുന്നു.1500-2000 കോടി രൂപയാണ് വാര്‍ഷികവിറ്റുവരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: