പള്ളുരുത്തി: കൊച്ച് ശ്രീഹരിക്ക് ഇനി നിവര്ന്നുനില്ക്കാം അഭിമാനത്തോടെ, കൊച്ചു കൂട്ടുകാര്‍ നല്കിയ ചെറുകൈ സഹായം തന്റെ ജീവിതം തന്നെയായിരുന്നുവെന്ന തിരിച്ചറിവോടെ. കുമ്പളങ്ങി അഴിക്കകത്ത് പുത്തന്‍പുരയ്ക്കല്‍ ബാബുവിന്റേയും ഷീബയുടെയും മൂത്തമകനായ ശ്രീഹരി കഴിഞ്ഞ നാല് വര്‍ഷമായി ഒരു അപൂര്‍വ്വ രോഗത്തിന്റെ പിടിയിലാണ്. നട്ടെല്ലിലെ എല്ലുകള്‍ ക്രമമല്ലാതെ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കുമ്പളങ്ങി സെന്റ്പീറ്റേഴ്സ് സ്കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന ശ്രീഹരി പഠിക്കാനും മിടുക്കനാണ്. ഒന്ന് നിവര്ന്നുനില്ക്കുന്നതിനോ കിടക്കാനോ കഴിയുന്നില്ല. നാട്ടുംപുറത്ത് കൂലിപ്പണിയെടുത്ത് ജീവിക്കുന്ന ശ്രീഹരിയുടെ അച്ഛന് ബാബുവിന് കുട്ടിയുടെ ചികിത്സ നടത്തുവാനുള്ള ചുറ്റുപാടുകളുമില്ലായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ അമൃത ഹോസ്പിറ്റലിലെത്തിക്കുകയായിരുന്നു. നാല് ലക്ഷം രൂപ ചികിത്സിക്കായി മാത്രം വേണ്ടിവരുമെന്ന് ആശുപത്രി അധികൃതരും അറിയിച്ചതോടെ ബാബു കടുത്ത പ്രതിസന്ധിയിലായി. ഈ സാഹചര്യത്തില്‍ ശ്രീഹരിയുടെ സഹപാഠികള്‍ കൂട്ടുകാരനെ സഹായിക്കുന്നതിനായി രംഗത്തിറങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ മാത്രം കഴിഞ്ഞ ഒരാഴ്ചയായി അതിനുള്ള ശ്രമത്തിലുമായിരുന്നു. ഏതാണ്ട് ഒരുലക്ഷത്തോളം രൂപ അവര്‍ കൂട്ടുകാരന്റെ ചികിത്സക്കായി പിരിച്ചെടുത്തു.
സ്വന്തം വീട്ടില്‍നിന്നും, തങ്ങളുടെ ചെറു സമ്പാദ്യത്തില്നിന്നുമൊക്കെയായിരുന്നു അവര്‍ ഈ തുക കണ്ടെത്തിയത്. ഇതിനിടയില്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി ശ്രീഹരിയും വീട്ടിലെത്തിയിരുന്നു. അധ്യാപകരും നാട്ടുകാരും കുട്ടിയുടെ ചികിത്സാ സഹായത്തിനായി രംഗത്തിറങ്ങി.
വ്യാഴാഴ്ച ശ്രീഹരിയുടെ ചികിത്സാ സഹായനിധി പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയുടെ വീട്ടുകാര്‍ക്ക് കൈമാറി. അധ്യാപകരുടെയും നാട്ടുകാരുടെയും വിഹിതമായി 68,000 രൂപയും ചേര്‍ത്ത് കുട്ടിയുടെ രക്ഷാകര്‍ത്താക്കളെ ഏല്‍പ്പിക്കുകയായിരുന്നു. എം.പി.രത്തന്‍, പി.എ.പീറ്റര്‍, വാര്‍ഡ് മെമ്പര്‍ ജൂഡി റോയി, ജയ്സണ്‍ ടി.ജോസ്, കെ.കെ.സുരേഷ് ബാബു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: