കൊച്ചി: കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി കൈമാറ്റം ചെയ്ത് നല്കിയ മുഖ്യമന്ത്രി ചെയര്മാന് കൂടിയായ സംയുക്ത സംരംഭം അടച്ചുപൂട്ടി. ആലുവയ്ക്ക് സമീപം കടുങ്ങല്ലൂര്‍ ആസ്ഥാനമായി ആരംഭിച്ച കേരള അക്വാവെന്‍ച്വര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (കെഎവിഐഎല്) എന്ന പൊതു-സ്വകാര്യമേഖലാ സംയുക്ത സംരംഭമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടികള്‍ വിലമതിക്കുന്ന ഭൂമി സ്വന്തമാക്കിയിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച പദ്ധതി ഇപ്പോള്‍ പാതിവഴിയില്‍ നിലച്ച മട്ടാണ്.
അലങ്കാരമത്സ്യങ്ങളുടെ ഉല്‍പ്പാദനവും വിപണനവും ലക്ഷ്യം വച്ചാണ് അക്വാ ടെക്നോളജി പാര്‍ക്ക് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി സംയുക്തസംരംഭം ആരംഭിച്ചത്. പൊതു-സ്വകാര്യ സംയുക്ത സംരംഭമെന്നായിരുന്നു ആശയമെങ്കിലും സര്‍ക്കാര്‍ നിയന്ത്രണത്തിന് വിധേയമായി പ്രവര്‍ത്തിക്കേണ്ടതില്ലാത്ത നോണ്‍-ഗവണ്മെന്റ് കമ്പനിയാണ് ‘കാവില്‍’ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
മുഖ്യമന്ത്രി ചെയര്‍മാനും ഫിഷറീസ് വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായ സംരംഭത്തില്‍ ഫിഷറീസ് സെക്രട്ടറി ഇഷിതാ റോയ്, ഫിഷറീസ് ഡയറക്ടര്‍, ‘കുഫോസ്’ വൈസ് ചാന്‍സലര്‍ മധുസൂദനക്കുറുപ്പ് തുടങ്ങിയവരാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഡയറക്ടര്‍മാര്‍. കോണ്‍ഗ്രസ് അനുഭാവമുള്ള ‘ജയ്ഹിന്ദ്’ ടെലിവിഷന്‍ ചാനല്‍ ഡയറക്ടര്‍ ഫെലിക്സ് സൈമണ്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് സ്വകാര്യ നിക്ഷേപകരായി സംയുക്ത സംരംഭത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍.
മത്സ്യഫെഡ്, കെഎസ്ഐഡിസി, ബിഎഫ്ഐ, ത്രീസ്റ്റാര്‍ എന്റര്‍പ്രൈസസ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഷെയര്‍ഹോള്‍ഡര്‍മാരാണ്. പൊതു-സ്വകാര്യ സംയുക്ത സംരംഭത്തിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ടെക്നോളജി പാര്‍ക്കിനും അനുബന്ധ സംവിധാനങ്ങള്‍ക്കുമായി ‘ഫിര്‍മ’ എന്ന സര്‍ക്കാര്‍ ഏജന്‍സി വഴിയാണ് 30 കോടിയോളം വിലവരുന്ന പത്ത് ഏക്കര്‍ സര്‍ക്കാര്‍ കാവിലിന് ആദ്യം കൈമാറിയത്. ഇത് ആയിരംതെങ്ങ് ഫാമിന്റെ 52 ഏക്കര്‍ ഭൂമിയും തിരുവനന്തപുരം ജില്ലയിലെ നെയ്യാര്ഡാമിനടുത്തായി മറ്റൊരു 20 ഏക്കര്‍ ഭൂമികൂടി വീണ്ടും കൈമാറിയിട്ടുണ്ടെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. ഇതിന്റെ ആകെ മതിപ്പുവില 85 കോടിയോളം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
സംയുക്ത സംരംഭമായ കെഎവിഐഎല്ലില് പരമാവധി 27 ശതമാനമാണ് സര്‍ക്കാരിന് ഓഹരി പങ്കാളിത്തം അനുവദിച്ചിരിക്കുന്നതെന്ന് നിയമാവലിയില്‍ പറയുന്നു. എന്നാല്‍ മൂന്നുകോടി മാത്രം സ്വകാര്യ നിക്ഷേപമുള്ള അലങ്കാരമത്സ്യ ഉല്‍പ്പാദന, വിപണന പദ്ധതിയില്‍ കോടികള്‍ വിലമതിക്കുന്ന 85 കോടിയില്‍പ്പരം രൂപ വരുന്ന സര്‍ക്കാര്‍ ഭൂമി കൈമാറ്റം ചെയ്തത് ക്രമവിരുദ്ധമായ നടപടിയാണെന്നാണ് വിമര്ശനമുയര്ന്നിരുക്കുന്നത്.
സര്‍ക്കാര്‍ സ്വകാര്യ സംയുക്തസംരംഭമാണെങ്കിലും ‘കാവില്‍’ നോണ്‍-ഗവണ്മെന്റല് ഇന്ത്യന്‍ കമ്പനി മാത്രമായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ നിയമവിധേയമായ പബ്ലിക് ഓഡിറ്റ് ഇത്തരം കമ്പനികള്‍ക്ക് നിര്‍ബന്ധമില്ല. സംയുക്തസംരംഭം നഷ്ടത്തിലാവുകയോ പ്രവര്‍ത്തനം നിലച്ചു പോവുകയോ ചെയ്താല്‍ കാരണം കണ്ടെത്താന്‍ ഇത് ബുദ്ധിമുട്ടാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
അലങ്കാരമത്സ്യ ഉല്‍പ്പാദനവും വിപണനവും കയറ്റി അയക്കലും മുന്നില്‍ക്കണ്ടാണ് പൊതു-സ്വകാര്യ സംയുക്ത സംരംഭത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുത്തത്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തുടര്‍ന്നുണ്ടായ അലംഭാവവും ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥയും ഒത്തുചേര്‍ന്നപ്പോള്‍ സംരംഭം തുടക്കത്തില്‍തന്നെ അവതാളത്തിലായി. എന്നാല്‍ പദ്ധതിക്കായി നല്കിയ കോടികള്‍ വിലമതിക്കുന്ന ഭൂമി സ്വകാര്യ സംരംഭകരുടെ കൈകളിലെത്തിപ്പെടാന് ഇതുമൂലം ഇടയായേക്കാമെന്നാണ് ഉയര്‍ന്നുവരുന്ന ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: