Categories: India

മുംബൈ ആക്രമണം: കറാച്ചിയില്‍ കണ്‍ട്രോള്‍ റൂം നിര്‍മ്മിച്ചത്‌ മൂന്ന്‌ ദിവസം മുമ്പ്‌

Published by

മുംബൈ: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ കറാച്ചിയിലെ കണ്‍ട്രോള്‍ റൂം നിര്‍മ്മിച്ചത്‌ ആക്രമണം നടക്കുന്നതിന്‌ മൂന്ന്‌ ദിവസങ്ങള്‍ക്ക്‌ മുമ്പാണെന്ന്‌ വെളിപ്പെടുത്തല്‍. ലാപ്ടോപ്പും സാറ്റലൈറ്റ്‌ ഫോണും ഉള്‍പ്പെടെയുള്ള സാങ്കേതിക ഉപകരണങ്ങള്‍ കണ്‍ട്രോള്‍ റൂമിലുണ്ടായിരുന്നു. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ പിടിയിലായ അബു ജുണ്ടാലാണ്‌ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട്‌ വെളിപ്പെടുത്തിയത്‌.

ആക്രമണത്തിനായി ഇന്ത്യയിലെത്തിയ ഭീകരരെ നിയന്ത്രിക്കുന്നതിനാണ്‌ കറാച്ചിയില്‍ കണ്‍ട്രോള്‍ റൂം തുറന്നത്‌. ലഷ്കറെ തൊയ്ബ ഭീകരന്‍ ഹാഫിസ്‌ സയിദിന്റെ നിര്‍ദ്ദേശ പ്രകാരമാണ്‌ കണ്‍ട്രോള്‍ റൂം സ്ഥാപിച്ചത്‌. കറാച്ചിയിലെ ജിന്ന അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‌ സമീപമായാണ്‌ ഇത്‌ നിര്‍മ്മിച്ചിരുന്നത്‌. 2008 നവംബര്‍ 23 ന്‌ സയിദും കൂട്ടാളികളും കണ്‍ട്രോള്‍ റൂമിലേക്ക്‌ പോവുകയും ചെയ്തു. ഭീകരാക്രമണം നിയന്ത്രിക്കുന്നതിന്‌ നാല്‌ ലാപ്ടോപ്പുകളും രണ്ട്‌ ടിവിയും,രണ്ട്‌ ഡിഷ്‌ ആന്റിനയും സാറ്റലൈറ്റ്‌ ഫോണുകളും ഉണ്ടായിരുന്നു. ഷാഹിദ്‌ എന്നറിയപ്പെടുന്ന നദീമാണ്‌ ഇതെല്ലാം കണ്‍ട്രോള്‍ റൂമിലെത്തിച്ചത്‌.

ഭീകരാക്രമണത്തിനായി ഇന്ത്യയിലെത്തിയ 10 ഭീകരരേയും ജി പി എസ്‌ സംവിധാനമുപയോഗിച്ച്‌ നിയന്ത്രിച്ചത്‌ അബു കഹാഫ എന്നറിയപ്പെടുന്ന ലഷ്കര്‍ ഭീകരനാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ആറോളം ഭീകരരാണ്‌ ആദ്യം ആക്രമണത്തിനായി കടല്‍ മാര്‍ഗം ഇന്ത്യയിലേക്കെത്തിയത്‌. ഈ സംഘത്തില്‍ താന്‍ ഇല്ലായിരുന്നുവെന്നാണ്‌ ജുണ്ടാല്‍ പറയുന്നത്‌. എന്നാല്‍ ഈ അവകാശവാദം വിശ്വസിക്കാന്‍ സാധിക്കില്ലെന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം. ജുണ്ടാലിന്റെ മൊഴികളില്‍ സംശയാസ്പദമായ സാഹചര്യങ്ങളുണ്ടെന്നും അവര്‍ പറഞ്ഞു. ആക്രമണം നടന്ന ദിവസം ഷാ, നദീം, കഹഫാ എന്നീ ഭീകരര്‍ കണ്‍ട്രോള്‍ റൂമിലെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചിരുന്നു. അന്നേദിവസം തന്നെ പാക്‌ സൈനിക ഉദ്യോഗസ്ഥരായ മേജര്‍ സമീര്‍, സജീദ്‌ മീര്‍ എന്നിവര്‍ കണ്‍ട്രോള്‍ റൂമിലെത്തിയിരുന്നുവെന്നും ഓരോ സംവിധാനങ്ങളും അവര്‍ രണ്ട്‌ പേരും പരിശോധിച്ചിരുന്നുവെന്നും ജുണ്ടാല്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. ഏഴ്‌ മണിയോടുകൂടി ലഷ്കര്‍ കമാന്റര്‍ സാകി-ഉര്‍ റഹ്മാന്‍ ലക്‌വിയും കണ്‍ട്രോള്‍ റൂമിലെത്തിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

അബു ജുണ്ടാല്‍, കഹഫാ,ലക്‌വി, വാസി, ഷാ, എന്നിവരാണ്‌ കണ്‍ട്രോള്‍ റൂമിലുണ്ടായിരുന്നത്‌. മുബൈയിലുണ്ടായ അബു ബാബര്‍ ഇമ്രാന്‍, നസീര്‍ അബു ഉമര്‍ എന്നിവര്‍ക്ക്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്‌ ജുണ്ടാലാണ്‌. കൊളാഡയിലെ നരിമാന്‍ ഹൗസില്‍ ആക്രമണം നടത്തിയത്‌ ഇവര്‍ രണ്ട്‌ പേരാണ്‌. ഹാഫിസ്‌ സയിദ്‌ കണ്‍ട്രോള്‍ റൂമിലുണ്ടായിരുന്നുവെങ്കിലും ഇന്ത്യയില്‍ ഭീകരാക്രമണം നടക്കുമ്പോഴോ, അത്‌ നിയന്ത്രിക്കുന്നതിനോ സയിദ്‌ അവിടെയുണ്ടായിരുന്നില്ലെന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്‌. ഇന്ത്യയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ ആസൂത്രണം സംബന്ധിച്ച്‌ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ്‌ പുറത്ത്‌ വന്നുകൊണ്ടിരിക്കുന്നത്‌. പാക്‌ സൈന്യത്തിനും ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന ഇന്ത്യയുടെ നിലപാടിന്‌ അനുസൃതമായ വിവരങ്ങളാണ്‌ ഓരോ തവണയും പുറത്തുവരുന്നത്‌.

അതേസമയം, കസബിന്റെയും അധോലോക നായകന്‍ അരുണ്‍ ഗാവ്ലിയുടേയും കേസുകള്‍ പഠനവിഷയമാക്കുന്നു. മുംബൈ പോലീസ്‌ വൃത്തങ്ങളാണ്‌ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്യുന്നത്‌. രണ്ട്‌ കേസുകളുടേയും അന്വേഷണം, മറ്റ്‌ രേഖകള്‍, തുടങ്ങിയവ പോലീസ്‌ സേനക്ക്‌ തന്ന പഠനത്തിനായി വിനിയോഗിക്കുവാനാണ്‌ പദ്ധതി. കേസ്‌ അന്വേഷണത്തിന്റേയും വിചാരണയുടേയും പവര്‍പോയിന്റ്‌ പ്രസന്റേഷന്‍ നടത്താനാണ്‌ മുംബൈ പോലീസിന്റെ ഉദ്ദേശ്യം. അതിനുശേഷം ട്രെയിനിങ്‌ സെക്ഷന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നല്‍കും. തെളിവുകളും, എഫ്‌ ഐ ആറും ,ശാസ്ത്രീയ തെളിവുകളും നിരത്തിക്കൊണ്ടുള്ള പഠനമായിരിക്കും ഉദ്യോഗസ്ഥര്‍ക്ക്‌ നല്‍കുകയെന്ന്‌ ജോയിന്റ്‌ കമ്മീഷണര്‍ ഹിമാന്‍ഷു റോയ്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

കേസുകളില്‍ കുറ്റപത്രം തയ്യാറാക്കുമ്പോള്‍ തന്നെ പല ഉദ്യോഗസ്ഥര്‍ക്കും പാളിച്ച സംഭവിക്കാറുണ്ട്‌. അതിനാല്‍ തന്നെ കേസിന്റെ പ്രധാനതെളിവുകള്‍ കോടതിയില്‍ വാദിക്കാനാവാതെ പരാജയപ്പെടുന്ന പല സാഹചര്യങ്ങളും ഉണ്ടാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം സാഹചര്യങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കുവാനാണ്‌ മുംബൈ പോലീസ്‌ ഇങ്ങനെയൊരു പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കസബിന്റെയും ഗാവ്ലിയുടേയും കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക്‌ ആഭ്യന്തരമന്ത്രാലയം ഉടന്‍തന്നെ പാരിതോഷികം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതപോലീസ്‌ ഉദ്യോഗസ്ഥന്‍ രമേഷ്‌ മഹേലെ മറ്റ്‌ 24 ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ്‌ മുംബൈ ഭീകരാക്രമണം അന്വേഷിച്ചത്‌. മൂന്ന്‌ ക്രൈം ബ്രാഞ്ച്‌ യൂണിറ്റുകള്‍ ചേര്‍ന്നാണ്‌ അരുണ്‍ ഗാവ്ലിയുടെ വിവാദ കേസ്‌ അന്വേഷിച്ചത്‌.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by