ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നരോദപാട്യ കേസില്‍ മുന്‍ മന്ത്രി മായ കൊഡ്നാനിക്കും മറ്റും വിചാരണ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ആഹ്ലാദിപ്പിക്കുകയുണ്ടായി. നീതിയുടെ ചക്രം ഉരുണ്ടു തുടങ്ങിയെന്നാണ് കോണ്‍ഗ്രസ് വക്താവ് വിധിയെ വിശേഷിപ്പിച്ചത്. വലിയ ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ലെന്നും അത് രാഷ്ട്രീയ വിശ്വാസ്യതയെക്കുറിച്ചുള്ളതാണെന്നും വക്താവ് അഭിപ്രായപ്പെട്ടു. “എല്ലാം നരേന്ദ്രമോഡിയുടെ നിര്‍ദ്ദേശപ്രകാരമാണ്” എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും അനൗദ്യോഗിക വക്താവുമായ ദിഗ്വിജയ് സിംഗ് കണ്ടെത്തുകയും ചെയ്തു!
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ തെറ്റായാലും ശരിയായാലും നിയമപ്രക്രിയ നിര്‍ബാധം മുന്നോട്ടു പോവുകയാണ്. ഇതിന്റെ ഫലമാണ് ഇപ്പോള്‍ മായ കൊഡ്നാനിക്കും മറ്റും വിചാരണക്കോടതി വിധിച്ചിരിക്കുന്ന ശിക്ഷ. അതേസമയം ഇത് അന്തിമ വിധിയല്ലെന്ന കാര്യം വിസ്മരിക്കാനാവില്ല. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഈ വിധി ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. എന്നിരുന്നാലും, സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രി നരേന്ദ്രമോഡി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന കോണ്‍ഗ്രസിന്റെയും മറ്റും ആരോപണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് വിചാരണക്കോടതി വിധി. പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്ത ഗോധ്ര കൂട്ടക്കൊലക്കേസില്‍ മുപ്പത്തിയൊന്ന് പേരെ ശിക്ഷിച്ച വിചാരണ കോടതി വിധിയെ അംഗീകരിക്കാന്‍ ബിജെപി-മോഡി വിരുദ്ധര്‍ തയ്യാറായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. നരോദപാട്യ കേസിലെ ഇപ്പോഴത്തെ വിധിയോടെയെങ്കിലും പ്രത്യേക അന്വേഷണ സംഘത്തിനും നരേന്ദ്രമോഡിക്കും എതിരെ ഹീനവും ആസൂത്രിതവുമായ പ്രചാരണം നടത്തിയവര്‍ രാജ്യത്തോട് പ്രത്യേകിച്ച് ഗുജറാത്തിനോട് മാപ്പ് പറയേണ്ടതുണ്ട്.
ഇരുപത്തിയെട്ട് വര്‍ഷം മുമ്പ് ദല്‍ഹിയില്‍ നടന്ന സിഖ് കൂട്ടക്കൊലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുജറാത്ത് കലാപത്തിന് നേര്‍ക്ക് വിരല്‍ചൂണ്ടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അവകാശമുണ്ടോ? ഇല്ല എന്ന ഉത്തരം ലഭിക്കാന്‍ 1984 ലെ സിഖ് വിരുദ്ധ കലാപത്തിന്റെ നാള്‍വഴി പരിശോധിച്ചാല്‍ മതി. 2002 ലായിരുന്നു ഗുജറാത്ത് കലാപം. പത്ത് വര്‍ഷത്തിനകം ഒന്നിലധികം കേസുകളില്‍ ഇരകള്‍ക്ക് നീതി ലഭിച്ചിരിക്കുന്നു. എന്നാല്‍ ഇത്രയേറെക്കാലം പിന്നിട്ടിട്ടും സിഖ് കൂട്ടക്കൊലയിലെ പ്രതികള്‍ നീതിന്യായ വ്യവസ്ഥയേയും നിയമവാഴ്ചയെയും പരിഹസിച്ചുകൊണ്ട് രാഷ്ട്രീയ നേതാക്കളും കേന്ദ്രമന്ത്രിമാരുമൊക്കെയായി ഇപ്പോഴും വിലസി നടക്കുകയാണ്. ആരൊക്കെയാണിവര്‍? എന്താണിവര്‍ ചെയ്തുകൂട്ടിയത്? എന്തുകൊണ്ടാണിവര്‍ ശിക്ഷിക്കപ്പെടാത്തത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഗുജറാത്ത് വിരുദ്ധനായ ഏത് കോണ്‍ഗ്രസ് നേതാവിന്റേയും വായടപ്പിക്കാന്‍ പോന്നതാണ്.
ഒരു നിലയ്ക്കും 1984 ലെ സിഖ് വിരുദ്ധ കലാപത്തെക്കാള്‍ വലിയ കലാപമായിരുന്നില്ല ഗുജറാത്തില്‍ സംഭവിച്ചത്. അയോധ്യയില്‍നിന്ന് മടങ്ങുകയായിരുന്ന 59 രാമഭക്തരെ (ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ അവര്‍ കര്‍സേവകരായിരുന്നില്ല) ഗോധ്ര റെയില്‍വേ സ്റ്റേഷന് തൊട്ടടുത്ത് സബര്‍മതി എക്സ്പ്രസ് തടഞ്ഞിട്ട് ചുട്ടെരിച്ചതിനെത്തുടര്‍ന്നാണ് ഗുജറാത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്. സിഖ് കൂട്ടക്കൊല ഏകപക്ഷീയമായിരുന്നു. സിഖുകാരനല്ലാത്ത ഒരാള്‍ പോലും കൊല്ലപ്പെട്ടില്ല എന്നത് ഇതിന് തെളിവാണ്. ഗുജറാത്ത് കലാപത്തില്‍ 1048 പേര് കൊല്ലപ്പെട്ടുവെന്നാണ് നാനാവതി കമ്മീഷന് കണ്ടെത്തിയത്. ഇതില്‍ 254 പേര് ഹിന്ദുക്കളായിരുന്നു. സിഖ് വിരുദ്ധ കലാപത്തില്‍ നാല് ദിവസംകൊണ്ട് 3000ത്തോളം പേര് കൊല്ലപ്പെട്ടുവെന്നാണ് പൊതുവായ കണക്ക്. എന്നാല്‍ ദല്‍ഹിയില്‍ മാത്രം 4000 പേരും രാജ്യത്തിന്റെ പല ഭാഗങ്ങളിലായി 13000 ലേറെ സിഖുകാരും കൊലചെയ്യപ്പെട്ടുവെന്നാണ് കോണ്‍ഗ്രസിനെതിരെ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന സംഘടന യുഎസ് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഹരിയാനയിലെ രേവാരി-മഹേണ്ടര്‍ഗഢ് ജില്ലകളിലായി സിഖുകാരുടെ മൃതദേഹങ്ങള്‍ കൂട്ടമായി മറവ് ചെയ്തതിന്റെ തെളിവുകള്‍ 2011 ല്‍ കണ്ടെത്തിയത് എസ്എഫ്ജെയുടെ ആരോപണത്തെ സാധൂകരിക്കുന്നുണ്ട്.
നരോദ പാട്യയില്‍ 97 പേര് കൊല്ലപ്പെട്ടുവെന്നാണ് പ്രോസിക്യൂഷന് കേസ്. എന്നാല്‍ 1984 ല്‍ തെക്കന്‍ ദല്‍ഹിയിലെ കല്യാണ്‍പുരിയില്‍ മാത്രമായി 600 സിഖുകാരെ കൊന്നൊടുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ കുറച്ചുകാണിക്കാന്‍ മൃതദേഹങ്ങളിലേറെയും അജ്ഞാത കേന്ദ്രങ്ങളിലേക്ക് നീക്കുകയായിരുന്നു. കല്യാണ്‍പുരി പോലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയത് 157 മരണമാണ്. ഉത്തര്‍പ്രദേശിലെ ഘാസിയാബാദ് ജില്ലയോട് ചേര്‍ന്നുകിടക്കുന്ന കല്യാണ്‍പുരിയെ കോണ്‍ഗ്രസ് അക്രമികള്‍ യമപുരിയാക്കുകയായിരുന്നു. ‘വന്‍ മരങ്ങള്‍ വീണാല്‍ ഭൂമി കുലുങ്ങും’ എന്നായിരുന്നുവല്ലോ ഇന്ത്യാ ചരിത്രം കണ്ട ഏറ്റവും വലിയ കൂട്ട നരഹത്യയെ ന്യായീകരിച്ചുകൊണ്ട് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി പറഞ്ഞത്. രാജീവിന്റെ അന്നത്തെ സുഹൃത്ത് അമിതാഭ് ബച്ചന് സ്വന്തം സിനിമയിലെ നായകനെപ്പോലെ പ്രഖ്യാപിച്ചത് ‘ഖൂന് കാ ബദ്ലാ ഖൂന് (ചോരക്കു പകരം ചോര) എന്നായിരുന്നു. ഇതില്‍നിന്നൊക്കെ ആവേശമുള്‍ക്കൊണ്ട് രാക്ഷസ സ്വഭാവമാര്‍ജ്ജിച്ച് സിഖുകാരെ കൊന്നൊടുക്കാനിറങ്ങിയ കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും നിരവധിയായിരുന്നു. സജ്ജന്‍ കുമാര്‍, കമല്‍നാഥ്, ജഗദീഷ് ടൈറ്റ്ലര്‍, ധരംദേവ് ശാസ്ത്രി, ദല്‍ഹി മുനിസിപ്പല്‍ കോര്പ്പറഷന് അംഗങ്ങളായ ബാബുറാം ശര്‍മ്മ, മങ്കര്‍ റാം സിംഗാള്‍, ഡോ. അശോക് കുമാര്‍, ജഗദീഷ് ചന്ദര്‍ ടോകാസ്, ഈശ്വര്‍ സിംഗ്, നഗരസഭാംഗങ്ങളായ മഹേന്ദ്ര, സുഖന് സൂദ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ബല്‍വത്ത് ഖോക്കര്‍, ഫയര്‍ മുഹമ്മദ്, രത്തന്‍, അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിമാരായിരുന്ന എച്ച്.കെ.എല്‍.ഭഗത്ത്, വസന്ത് സാഥെ തുടങ്ങിയവര്‍ ഇവരില്‍ ചിലരായിരുന്നു.
“അക്രമികളെ പ്രകോപിപ്പിക്കുകയും ഇളക്കിവിടുകയും ചെയ്തു….. അക്രമസമയത്ത് വിഎച്ച്പി നേതാവ് ജയദീപ് പട്ടേലിനെയും അക്രമത്തിന് നേതൃത്വം കൊടുത്തവരേയും ഫോണില്‍ വിളിച്ചിരുന്നതായി തെളിഞ്ഞു” എന്നാണ് മായ കൊഡ്നാനിക്കെതിരായ പ്രോസിക്യൂഷന് കേസ്. സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത് വെച്ച് നോക്കുമ്പോള്‍ ഈ ആരോപണം നിസ്സാരമാണ്. കരോള്‍ ബാഗില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ധരംദാസ് ശാസ്ത്രി വോട്ടര്‍പട്ടികയുമായെത്തിയാണ് പ്രകാശ് നഗറിലെ സിഖുകാരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ ട്രേഡ് യൂണിയന് നേതാവും ഇപ്പോഴത്തെ കേന്ദ്രമന്ത്രി അജയ് മാക്കന്റെ അച്ഛനുമായിരുന്ന ലളിത് മാക്കന്, മംഗല്‍പുരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായിരുന്ന സജ്ജന്‍ കുമാര്‍ എന്നിവര്‍ ആളൊന്നിന് 100 രൂപയും ഒരു കുപ്പി മദ്യവുമാണ് കൊലയാളികള്‍ക്ക് നല്‍കിയത്. ഇപ്പോഴത്തെ മന്ത്രിയായ കമല്‍നാഥ്, മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വസന്ത് സാഥെ എന്നിവര്‍ ചേര്‍ന്ന് പാര്‍ലമെന്റ് മന്ദിരത്തിന് അടുത്തുള്ള രാഘബ്ഗഞ്ചിലെ ഗുരുദ്വാര ആക്രമിച്ച് നിരവധി സിഖുകാരെ കൊലപ്പെടുത്തി.
മുഖ്യമായും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് നരോദ പാട്യ കേസില്‍ വിചാരണ കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ സിഖ് കൂട്ടക്കൊലക്കേസില്‍ സാക്ഷികളെ വിലക്കെടുക്കുകയോ ഭീഷണിപ്പെടുത്തി പിന്മാറ്റുകയോ ചെയ്യുകയായിരുന്നു. കുടുംബാംഗങ്ങളില്‍ 12 പേര് കൊലചെയ്യപ്പെട്ട കേസിലെ സാക്ഷിയായ വനിതയ്ക്ക് 25 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. മര്‍ദ്ദനവും വധഭീഷണിയുമൊക്കെ നിരന്തരം ഉണ്ടായിട്ടും അവര്‍ വഴങ്ങിയില്ല. എന്നാല്‍ മറ്റ് സാക്ഷികള്‍ ഇങ്ങനെയായിരുന്നില്ല. അവര്‍ ഒന്നിനു പുറകെ ഒന്നായി പ്രതിഭാഗം ചേര്‍ന്നു. ജഗദീഷ് ടൈറ്റ്ലറും സജ്ജന്‍ കുമാറും എച്ച്.കെ.എല്‍.ഭഗത്തും വിചാരണക്കോടതിയില്‍നിന്ന് രക്ഷപ്പെട്ടത് സാക്ഷികള്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നതിനാലാണ്. ഭഗത്തിനെതിരായ കേസില്‍ ഒരു സാക്ഷിക്ക് 25 ലക്ഷം വാഗ്ദാനം ചെയ്യപ്പെട്ടു. ടൈറ്റ്ലര്ക്കെതിരായ കേസില്‍ മൊഴിമാറ്റിപ്പറഞ്ഞ സാക്ഷിയെ ഒരാഴ്ചയ്ക്കുശേഷം വിദേശത്തേക്ക് കടത്തി. രണ്ടാമത്തെ സാക്ഷി അമേരിക്കയിലേക്ക് പറന്നു. ഒരു പ്രധാന സാക്ഷി മൊഴിമാറ്റിപ്പറഞ്ഞത് രേഖപ്പെടുത്തണമെന്ന സജ്ജന്‍ കുമാറിന്റെ ആവശ്യം ദല്‍ഹി ഹൈക്കോടതി അനുവദിച്ചിരിക്കുകയാണ്. കലാപം അന്വേഷിച്ച നാനവതി-രംഗനാഥമിശ്ര കമ്മീഷനുകള്‍ക്ക് മുമ്പാകെ ജഗദീഷ് കൗര്‍ എന്ന സാക്ഷി സജ്ജന്‍ കുമാറിനെതിരെ മൊഴി നല്‍കിയിരുന്നു.
ജഗദീഷ് ടൈറ്റ്ലര്‍ക്കെതിരെ സുരീന്ദിര്‍സിംഗ് എന്ന സാക്ഷി നാനാവതി കമ്മീഷന് മൊഴി നല്‍കിയിരുന്നു. സിഖുകാരെ കൊല്ലാന്‍ ടൈറ്റ്ലര്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചുവെന്നും ബാദല്‍സിംഗ് എന്നയാളെ ജീവനോടെ ചുട്ടുകൊന്നു എന്നുമായിരുന്നു മൊഴി. എന്നാല്‍ ടൈറ്റ്ലറെ കമ്മീഷന് വിളിച്ചുവരുത്തിയപ്പോള്‍ ഈ സാക്ഷി ടൈറ്റ്ലര്‍ക്ക് അനുകൂലമായി ‘സത്യവാങ്മൂലം’ സമര്‍പ്പിച്ചു. ഇത് നല്കി പത്ത് ദിവസത്തിനകം സുരീന്ദറിനെ കാനഡയിലേക്ക് കടത്തി. ഒരു വര്‍ഷത്തിനകം തിരിച്ചെത്തിയ ഇയാള്‍ ഗുരുദ്വാര പുരോഹിതനെന്ന നിലയ്ക്ക് തുച്ഛമായി ലഭിക്കുന്ന വരുമാനവുമായി പൊരുത്തപ്പെടാത്ത ആഡംബര ജീവിതം നയിക്കുകയായിരുന്നെന്ന് ‘തെഹല്‍ക’ വാരിക നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ടൈറ്റ്ലര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയെന്ന് മൊഴി നല്കിയ മറ്റൊരു സാക്ഷിയായ ജസ്ബീര്‍ സിംഗ് വധഭീഷണിയെത്തുടര്ന്ന് അമേരിക്കയിലേക്ക് പോയതായി ഭാര്യാമാതാവ് ഗുര്‍ദീപ് കൗര്‍ ‘തെഹല്‍ക്ക’യോട് വെളിപ്പെടുത്തുകയുണ്ടായി. മൊഴിമാറ്റി പറയുന്നതിന് ഒരു ബാഗ് നിറയെ നോട്ടുകെട്ടുകള്‍ ഗുര്‍ദീപ് കൗറിനും വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാല്‍ അവര്‍ വഴങ്ങിയില്ല. എച്ച്.കെ.എല്‍.ഭഗത്തിനും മുനിസിപ്പല്‍ കൗണ്‍സിലര്‍ അശോകിനുമെതിരെയാണ് ഗുര്‍ദീപ് മൊഴി നല്‍കിയത്. ഗുര്‍ദീപിന്റെ കുടുംബത്തിലെ 50 പേരാണ് കൊലചെയ്യപ്പെട്ടത്.
സിഖ് കൂട്ടക്കൊലക്ക് നേതൃത്വം നല്കിയ കോണ്‍ഗ്രസിന് ഗുജറാത്തിലേതെന്നല്ല ലോകത്തിലെ ഒരു കലാപത്തിന് നേര്‍ക്കും വിരല്‍ ചൂണ്ടാനുള്ള ധാര്‍മികാവകാശമില്ല. കേസില്‍ പ്രതികളായവര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുകയാണ് രാജീവ് ഗാന്ധിയുടേയും സോണിയാഗാന്ധിയുടേയും കോണ്‍ഗ്രസ് ചെയ്തത്. ഇവര്‍ക്കെതിരെ നീതിയുടെ ചക്രമുരുളുന്നത് അധികാരമുപയോഗിച്ച് കോണ്‍ഗ്രസ് ഇപ്പോഴും തടയുകയാണ്. ജഗദീഷ് ടൈറ്റ്ലര്ക്കെതിരായ കേസ് രണ്ട് പതിറ്റാണ്ട് കാലത്തെ അന്വേഷണത്തിനുശേഷം തെളിവില്ലെന്ന് കാണിച്ച് സിബിഐ അവസാനിപ്പിച്ചു. പോലീസ് കേസെടുക്കാതിരുന്ന എച്ച്.കെ.എല്‍.ഭഗത്തിനെ കോടതി വിളിച്ചുവരുത്തിയെങ്കിലും തെളിവ് നശിപ്പിക്കപ്പെട്ടതിനാല്‍ വിട്ടയച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍ പരിഗണിക്കുന്നതിനിടെ ഭഗത്ത് മരിച്ചു. നാനാവതി കമ്മീഷന് ശുപാര്‍ശയനുസരിച്ച് ധരംദാസ് ശാസ്ത്രിക്കെതിരെ കേസെടുത്തെങ്കിലും വിചാരണ തുടങ്ങും മുമ്പ് മരിച്ചു. സജ്ജന്‍ കുമാറിനെതിരായ രണ്ട് കേസുകളില്‍ മൂന്ന് പതിറ്റാണ്ട് അടുക്കാറായിട്ടും വിചാരണ നടക്കുന്നതേയുള്ളൂ. സിഖ് വിരുദ്ധ കലാപ കേസില്‍ രാജീവ് ഗാന്ധി പ്രതി ചേര്‍ക്കപ്പെടുമായിരുന്നു. അകാല മരണമാണ് ഇതില്‍നിന്ന് അദ്ദേഹത്തെ രക്ഷിച്ചത്. എന്നാല്‍ നീതിയുടെ കരങ്ങള്‍ പതിറ്റാണ്ടുകള്‍ക്കുശേഷവും സോണിയാഗാന്ധിയെ എത്തിപ്പിടിക്കുകയാണ്. സിഖുകാരെ കൂട്ടക്കൊല ചെയ്ത കേസില്‍ സോണിയയെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ജെ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജി മാന്‍ഹാട്ടനിലെ യുഎസ് കോടതി വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്. കലാപം നടന്ന് 25 വര്‍ഷം കഴിഞ്ഞതിനാല്‍ കേസ് കാലഹരണപ്പെട്ടിരിക്കുന്നു, സമന്‍സ് കൃത്യമായി ലഭിച്ചിട്ടില്ല എന്നൊക്കെയാണ് സോണിയയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന തടസ്സവാദങ്ങള്‍.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: