തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളില്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കീഴടങ്ങുന്നത് നേരിടാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സര്‍ക്കാര്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു.
നൂറോളം ജീവനക്കാരെയാണു സര്‍ക്കാര്‍ നിയമിച്ചത്. ജില്ലയിലെ മറ്റു ജയിലുകളിലേയും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. സി.പി.എം പ്രവര്‍ത്തകരുടെ കൂട്ട കീഴടങ്ങല്‍ നേരിടാനുള്ള ഭൗതിക സാഹചര്യങ്ങള്‍ നിലവില്‍ ജയിലുകളിലില്ല. ഈ സാഹചര്യം മുതലെടുക്കാനുള്ള തന്ത്രമായാണ് സി.പി.എം പ്രവര്‍ത്തകരുടെ കൂട്ടക്കീഴടങ്ങല്‍. ഇതോടെ കീഴടങ്ങുന്നവര്‍ക്ക് വേഗത്തില്‍ ജാമ്യം ലഭിക്കാന്‍ ഇടയാക്കുമെന്നാണു വിലയിരുത്തല്‍.
എന്നാല്‍ ഏതു വിധേനയും കൂട്ടക്കീഴടങ്ങല്‍ നേരിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചത്. സബ് ജയിലിലുള്‍പ്പെടെ സൗകര്യം മെച്ചപ്പെടുത്താനുള്ള നീക്കങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട് തുടങ്ങിയ സമീപ ജില്ലകളിലെ ജയിലുകളിലും സമാന പരാധീനതകളുണ്ട്. അവയ്ക്കും താല്‍ക്കാലിക പരിഹാരം കണ്ടെത്തി കൂട്ടക്കീഴടങ്ങല്‍ നേരിടാനുള്ള ഒരുക്കങ്ങളും സര്‍ക്കാര്‍ ആരംഭിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: