അങ്കമാലി; തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ രണ്ടര മണിക്കൂര്‍ കൊണ്ട് എത്താവുന്ന നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍പാതയ്ക്ക് വേണ്ടി സ്ഥലം അളന്നുപോയിട്ടുള്ള തുറവൂര്‍, മൂക്കന്നൂര്‍, കറുകുറ്റി പഞ്ചായത്തുകളില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഹൈസ്പീഡ് റെയില്‍വേ ആക്ഷന്‍ കൗണ്‍സിലിന്റെയും മുക്കന്നൂര്‍ പൗരസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ രണ്ടിന് പ്രതിഷേധറാലിയും പൊതുസമ്മേളനവും നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് മൂക്കന്നൂര്‍ പോസ്റ്റാഫീസിന് സമീപത്തുനിന്നും പ്രതിഷേധറാലി ആരംഭിക്കും. തുടര്‍ന്ന് മൂക്കന്നൂര്‍ മര്‍ച്ചന്റ്സ് അസ്സോസിയേഷന് ഹാളില്‍ നടക്കുന്ന പ്രതിഷേധയോഗത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരായ ഡോ. എം. മോഹന്‍ദാസ്, പ്രൊഫ. കുസുമം ബേബി തുടങ്ങിയവര്‍ പ്രസംഗിക്കും. മൂക്കന്നൂര്‍ പൗരസമിതി പ്രസിഡന്റ് എം. വി. പൗലോസ് പ്രതിഷേധയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. മൂക്കന്നൂര്‍ പഞ്ചായത്തിലെ ജനനിബിഡ പ്രദേശങ്ങളായ 7, 8, 9, 10, 11 വാര്‍ഡുകളിലെ പ്രദേശങ്ങളിലൂടെയാണ് അതിവേഗ ട്രെയിനുകള്‍ക്ക് വേണ്ടിയുള്ള റെയില്‍പാതയ്ക്ക് സ്ഥലം ഒരുക്കുന്നതിനായി സാറ്റ്ലൈറ്റ് സര്‍വ്വേ നടത്തി അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജനനിബിഡപ്രദേശങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിട്ടും ഈ പ്രദേശങ്ങള്‍ ഒഴിവാക്കാത്തതിനാലാണ് പ്രതിഷേധം ശക്തമായിട്ടുള്ളതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ എം. വി. പൗലോസ്, എം. പി. ദേവസ്സി, ഇ. എ. ചന്ദ്രന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റെയില്‍പാതയ്ക്കുവേണ്ടി സ്ഥലം പോകുന്ന മൂന്നാംപറമ്പ്, ആഴകം, എരുപ്പ്, മൂക്കന്നൂര്‍ മഠം ഭാഗം, മൂക്കന്നൂര്‍ പമ്പ് ഭാഗം, കാളാര്‍ക്കുഴി പ്രദേശം എന്നിവിടങ്ങളിലെ ജനങ്ങള്‍ ഒപ്പിട്ട ഭീമഹര്‍ജി അധികൃതര്‍ക്ക് നല്‍കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദേശപ്രകാരം സ്വകാര്യ ഏജന്‍സിയാണ് ഉപഗ്രഹ ചിത്രത്തിന്റെ സഹായത്തോടെ സ്ഥലങ്ങള്‍ അയാളപ്പെടുത്തിയിട്ടുള്ളത്. ഇത് പ്രകാരം തുറവൂര്‍, മൂക്കന്നൂര്‍, കറുകുറ്റി പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ മഞ്ഞനിറത്തില്‍ റെയില്‍പാതയ്ക്കുവേണ്ടി രേഖപ്പെടുത്തിയിട്ടുണ്ട്. യാതൊരു വിവരങ്ങളും നല്‍കാതെ അളന്നു തിട്ടപ്പെടുത്തി റെയില്‍പാതയ്ക്കുവേണ്ടി അടയാളപ്പെടുത്തിയതാണ് ജനങ്ങളെ കൂടുതല്‍ പ്രതിഷേധത്തിന് കാരണമാക്കിയത്. രണ്ടരമണിക്കൂര്‍കൊണ്ട് കാസര്‍കോഡ് നിന്നും തിരുവനന്തപുരത്ത് എത്താവുന്ന അതിവേഗ ട്രെയിന്റെ റെയില്‍പാത തെക്ക് വടക്ക് നേര്‍ദിശയിലായതിനാല്‍ ഉപഗ്രഹചിത്രത്തിന്റെ സഹായത്തോടെ എടുത്തിട്ടുള്ള ഇപ്പോഴത്തെ സ്ഥലനിര്‍ണ്ണയത്തില്‍ ഇനി കാര്യമായി മാറ്റം ഉണ്ടാകുവാനിടയില്ല. എന്നിട്ടും സ്ഥലം ഏറ്റെടുക്കലും ദിശനിര്‍ണ്ണയവും സംബന്ധിച്ച് സര്‍ക്കാരും അതിവേഗ റെയില്‍ കോറിഡോര്‍ കോര്‍പ്പറേഷനും യഥാസമയം വിവരങ്ങള്‍ വെളിപ്പെടുത്താതിലും ജനങ്ങളുടെ ഇടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. രണ്ട് വരിയായി നീളുന്ന പാതയ്ക്ക് 13 മീറ്റര്‍ വീതിയില്‍ സ്ഥലം എടുക്കുമെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും പലയിടത്തും മുപ്പതു മീറ്റര്‍ വീതിയില്‍ വരെ അളന്നു പോയിട്ടുണ്ട്. ഇത് മൂലം ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ആശങ്കയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതിവേഗ റെയില്‍പാതയ്ക്ക് 534 കിലോമീറ്റര്‍ ദൂരമാണ് കണക്കാക്കുന്നത്. ഇതില്‍ 110 കിലോമീറ്ററോളം എലവേറ്റഡ് പാതയിലും 25 കിലോമീറ്ററിലേറെ തുരങ്കപാതയിലുമാണ് അതിവേഗ ട്രെയിന്റെ യാത്ര. റോഡുകളുടെ വികസനത്തിനായി വേണ്ട ബൈപാസ് റോഡുകളും ഓവര്‍ബ്രിഡ്ജുകളും പണിയുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാതെ അതിവേഗ റെയില്‍പാതയുടെ പിന്നാലെ അധികൃതര്‍ പോകുന്നതിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: