കൊച്ചി: പൊതുവിതരണ സംവിധാനത്തിലൂടെ വിപണിയിലെത്തേണ്ടിയിരുന്ന ആയിരക്കണക്കിന് ടണ്‍ അരിയും ഗോതമ്പും പഞ്ചസാരയും ഓണസീസണില്‍ കരിഞ്ചന്തയിലേക്ക് ഒഴുക്കിയതായി സൂചന. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട് പരിശോധനകള്‍ കര്ക്കശമാക്കാതിരുന്നതാണ് റേഷന്‍ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ മാഫിയകള്‍ മറിച്ചുവില്‍ക്കാന്‍ ഇടവന്നതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഓണം സീസണില്‍ പൊതുവിതരണ സംവിധാനങ്ങള്‍ വഴി ആവശ്യമായ അളവില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തില്ല എന്ന് പരാതി ഉയര്‍ന്നിരുന്നു. റേഷന്‍കടകളിലും മാവേലി സ്റ്റോറുകളിലും നിശ്ചിത അളവില്‍ അരിയും പഞ്ചസാരയും മറ്റും വില്‍പ്പന നടന്നിരുന്നില്ല.
ഉത്സവ സീസണില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകമായി അനുവദിക്കാറുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഈ ഓണക്കാലത്തും മതിയായ അളവില്‍ അനുവദിച്ചിരുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയവും വിവരങ്ങളും പരസ്യപ്പെടുത്തിയിരുന്നു. കേരളത്തിലെയും മറ്റും ഫുഡ് കോര്പ്പറേഷന് ഗോഡൗണുകളില്‍ ആവശ്യമായ അളവില്‍ ഉല്‍പ്പന്നങ്ങളുടെ ശേഖരം ലഭ്യമാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ഓണക്കാലത്തും പിന്നീട് വന്ന ക്രിസ്തുമസ് സീസണിലും എടുത്ത അതേ അളവിലും കൂടുതല്‍ സംസ്ഥാന സിവില്‍ സപ്ലൈസ് ഈ ഓണക്കാലത്തും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എടുക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് ഔദ്യോഗിക വിശദീകരണം. പൊതുവിതരണം സംവിധാനം വഴി വില്പ്പനക്കെത്തേണ്ടിയിരുന്ന അരിയും ഭക്ഷ്യവസ്തുക്കളും കരിഞ്ചന്തയിലേക്കും അരിയും ഗോതമ്പും പൊടിക്കുന്ന സ്വകാര്യ മില്ലുകളിലേക്കും അനധികൃതമായി കടത്തിക്കൊണ്ടുപോവുന്നതായി പോലീസ് ഇന്റലിജന്‍സ് വിഭാഗം രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് എഡിജിപി സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നതാണ്.
സിവില്‍ സപ്ലൈസ്ഗോഡൗണുകളില്നിന്നും റേഷന്‍ കടയിലേക്കെന്ന വ്യാജേന ലോറികളില്‍ ലോഡ് ചെയ്യുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് സ്വകാര്യ അരിപ്പൊടി, ആട്ട കമ്പനികളിലേയ്ക്കാണ് കൊണ്ടുപോവുന്നതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. റേഷന്‍ കടകളില്‍നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങാത്തവരുടെ പേരില്‍ വ്യാജരേഖകളുണ്ടാക്കി റേഷന്‍ വ്യാപാരികളും തട്ടിപ്പിന് ഒത്താശ ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓണം സീസണില്‍ കര്‍ശന പരിശോധനകള്‍ നടത്തുവാന്‍ ബന്ധപ്പെട്ട സിവില്‍സപ്ലൈസ് ജില്ലാ മേധാവികള്‍ക്ക് വകുപ്പ് സെക്രട്ടറിയുടെ ഓഫീസില്‍നിന്നും പ്രത്യേക നിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് പാടെ അവഗണിക്കപ്പെടുകയാണുണ്ടായതെന്നും ഇക്കാരണംകൊണ്ടാണ് ഈ ഓണസീസണിലും കരിഞ്ചന്തയും കള്ളക്കടത്തും നിര്‍ബാധം തുടര്ന്നതുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: