ആരും അന്യരല്ല
ശത്രൗ മിത്രേ പുത്രേ ബന്ധൗ
മാ കുരു യത്നം വിഗ്രഹസന്ധൗ
സര്‍വ്വസ്മിന്നപി പശ്യാത്മാനം
സര്വ്വത്രോത്സൃജ ഭേദാജ്ഞാനം
ആരും അവനവനെ വെറുക്കാറില്ല. ദേഹത്തിലൊരുഭാഗം പഴുത്ത് വ്രണമായെന്നിരിക്കട്ടെ, അത് മുറിച്ച് നീക്കം ചെയ്യാന്‍ ഡോക്ടര്‍ ഉപദേശിച്ചാലും അങ്ങനെ ചെയ്യാന്‍ നമുക്കിഷ്ടമല്ല. കാലിലെ വ്രണം അസഹ്യമായ വേദന തരുന്നു. എങ്കിലും കാല് എന്റേതുതന്നെയാകയാല്, അതില്‍ ഞാന്‍ വ്യാപരിച്ചിരിക്കയാല്, എനിക്കതിനോട് ശത്രുതയില്ല. മറിച്ച് മറ്റൊരാള്‍, എന്റെ മനസിനെ അല്‍പ്പമെങ്കിലും വിഷമിപ്പിക്കുന്നെങ്കില്‍, സ്വന്തം സഹോദരനാണെങ്കില്പോലും ഞാന്‍ അയാളെ വെറുക്കും. ചുരുക്കത്തില്‍ എന്നില്‍ നിന്നന്യമായ ഒന്നിനെ മാത്രമേ എനിക്ക് വെറുക്കാനാവൂ എന്നര്‍ത്ഥം.
ഒരേ ഒരു പരംപൊരുളില്‍നിന്ന് ഉരുത്തിരിഞ്ഞുണ്ടായതാണ് സമസ്തജഗത്തുമെന്നിരിക്കേ, ഇവിടെ ആരും അന്യരല്ല. ആ നിലയ്ക്ക് ആര് ആരെ വെറുക്കാന്‍ ആരെ സ്നേഹിക്കാന്‍? തള്ളാനോ കൊള്ളാനോ അന്യവസ്തുക്കളില്ല; അതുകൊണ്ടുതന്നെ രാഗത്തിനോ ദ്വേഷത്തിനോ അവകാശവുമില്ല. ഞാനടക്കം ഈ വശ്വം മുഴുവനും പരമാത്മാവിന്റെ വിജൃംഭണം മാത്രം. ഈ രഹസ്യമറിഞ്ഞ് വിശ്വത്തിന്റെ സ്വതേയുള്ള പ്രശാന്തിയെ ഭഞ്ജിക്കാതിരിക്കാന്‍ ഗുരു ശിഷ്യനെ ഉപദേശിക്കുന്നു.
നിങ്ങള്‍ക്ക് ജീവിതത്തിന്റെ സമ്പൂര്‍ണത അനുഭവിക്കണമെങ്കില്‍ പരമപ്രശാന്തിയുടെ ദിവ്യസംഗീതം കേള്‍ക്കണമെങ്കില്‍, ജീവജഗത്തുക്കളുടെ സത്തയെന്തെന്നറിയണമെങ്കില്, വൈവിദ്ധ്യമാര്‍ന്ന് വിലസുന്ന പ്രപഞ്ചഘടകങ്ങളെയെല്ലാം ഒരു മനോഹരഹാരമെന്നോണം ഒന്നായി കോര്‍ത്തിണക്കി നിര്‍ത്തുന്ന ഏകനായ പരമാത്മാവിനെ കാണാന്‍ ശ്രമിക്കൂ. അശാന്തിജടിലമല്ല, പ്രശാന്തസുന്ദരമാണീ പ്രപഞ്ചം. ഇവിടെ ഒന്നേ ഉള്ളൂ, രണ്ടില്ല. നാമെല്ലാവരും ആ ഒന്നിന്റെ തന്നെ സ്ഫുരണങ്ങളാകയാല്, അഭേദ്യമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നാമാരും അന്യരല്ല. ഭേദബുദ്ധി വച്ചുപുലര്‍ത്തുന്നത് ഏകനായ പരമാത്മാവിനെ അവഹേളിക്കലാവും.
വെറുപ്പും വിദ്വേഷവും സ്വാര്‍ത്ഥവും കൈമുതലായി സങ്കുചിതചിന്താഗതിയോടെ ജീവിക്കുന്ന സ്നേഹശൂന്യനായ മനുഷ്യന് മനപ്രസാദമുണ്ടാവാന് വയ്യ. വികസിക്കൂ. മണ്ണില്‍ കളിക്കുക കാരണം പൊടി പുരണ്ട് വികൃതരാണെങ്കിലും എന്റെ കുട്ടികളെ എനിക്ക് തിരിച്ചറിയാം. എന്തുവേഷത്തിലായാലും എന്റെ സഹധര്‍മ്മിണിയെ ഞാന്‍ തിരിച്ചറിയില്ലേ? അതുപോലെ, നാനാത്വത്തിന്റെ മറയ്ക്കുള്ളിലെ ഏകത്വം കണ്ടെത്തു; ദ്വൈതപ്രീതിയാകുന്ന മൂടുപടത്തിനുള്ളില്‍ സര്വധാരമായി വര്‍ത്തിക്കുന്ന അദ്വൈതസത്യത്തെ, പരമാത്മാവിനെ കാണാനുള്ള ഉള്‍ക്കാഴ്ച സമ്പാദിക്കൂ. ഇഷ്ടാനിഷ്ടവിഭ്രാന്തികളുടെ അരങ്ങായ ഈ വിചിത്ര പ്രപഞ്ചവും ഇതിലെ സര്‍വ്വജീവികളും ഒരേ ഒരു പരംപൊരുളിന്റെ ബഹിര്‍സ്ഫുരണം തന്നെയെന്ന് കണ്ടറിയൂ. സംഗീതം ഏതു ഭാഷയിലായാലും രാഗമറിയുന്നവന് അതാസ്വദിക്കും. അതിലെ പദങ്ങള്‍ അറിയണമെന്നില്ല. പദങ്ങള്‍ പലതാണെങ്കിലും സംഗീതത്തിന്റെ മാധുര്യം നമുക്ക് നുകരാം. ശാരീരികവും മാനസികവും ബുദ്ധിപരവുമായ നമ്മുടെ അനുഭവങ്ങള്‍ അത്യന്തം ജുഗുപ്സാവഹങ്ങളുമാവാം. എങ്കിലും, അവയ്ക്കെല്ലാം ഉള്ളില്‍ – ശരീരത്തിന്റെയും അതിന്റെ കുത്സിതകാമകേളികളുടെയും പിറകില്‍ മനസിന്റെയും അതിന്റെ നികൃഷ്ടവികാരങ്ങളുടെയും അടിയില്‍, ബുദ്ധിയുടെയും അതിന്റെ നീചവിചാരങ്ങളുടെയും ഉള്ളില്‍ – മാലയില്‍ നൂലെന്നപോലെ പരംപൊരുള്‍ അനുസ്യൂതമായി വര്‍ത്തിക്കുന്നു. പ്രസ്തുത പരമാത്മാവുമായി കൂടിച്ചേരൂ. അങ്ങനെ, ഞാന്‍, നീ അവന് എന്നിപ്രകാരമുള്ള ഭേദകപ്പനകള് വെടിയൂ, ശരീരാധ്യുപാദികളിലേ വ്യത്യാസമുള്ളൂ. നമ്മുടെയെല്ലാം സത്ത- ചൈതന്യം ഒന്നുതന്നെ.
വ്യാഖ്യാനം : സ്വാമി ചിന്മയാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: