സംഘര്‍ഷം ആരംഭിച്ച് ഒന്നരമാസം തികയാറായിട്ടും ആസാമില്‍ സാധാരണ നില കൈവരിക്കാന്‍ സാധിച്ചിട്ടില്ല. രണ്ടു ദിവസം മുമ്പു വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറി. ശനിയാഴ്ച മാത്രം ഏഴു പേരാണ് മരിച്ചത്. ജൂലൈ പകുതിയോടെ ആരംഭിച്ചതാണ് ആസാമിലെ സംഘര്‍ഷം. നാലു ബോഡോ യുവാക്കളെ വളഞ്ഞിട്ട് തല്ലിക്കൊന്നതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടു. ഇതുവരെയായി ഏതാണ്ട് അഞ്ചു ലക്ഷത്തോളം പേര്‍ക്ക് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയേണ്ടി വന്നു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ പട്ടിണിയും പകര്‍ച്ചവ്യാധിയും മൂലം മരണപ്പെടുന്നു. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന കോണ്‍ഗ്രസ് നിസ്സഹായരായി നില്ക്കുന്നു. അതേ സമയം നഗ്നമായ വോട്ടു ബാങ്ക് രാഷ്ട്രീയം തുടരുകയും ചെയ്യുന്നു. വിവിധ മുസ്ലീം സംഘടനകളും അവരുടെ മാധ്യമങ്ങളും ആസാമിലേത് മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണമാണെന്നാണ് പ്രചരിപ്പിക്കുന്നത്. ഇത് നുഴഞ്ഞു കയറ്റക്കാര്‍ക്ക് മതത്തിന്റെ മറയൊരുക്കി രക്ഷപ്പെടുവാനുള്ള വെറും അടവാണ്. ആ അടവിന് കോണ്‍ഗ്രസും കൂട്ടു നില്ക്കുന്നു. ആസാമിലേത് നുഴഞ്ഞു കയറ്റക്കാരായ വിദേശികളും ഇന്ത്യാക്കാരും തമ്മിലുള്ള പോരാട്ടമാണ്. അതിനെ വര്ഗീയമാക്കുന്നതിനു പിന്നില്‍ ദുഷ്ടലാക്കാണുള്ളത്. അതിന്റെ ഭാഗമാണ് ആഗസ്ത് 12ന് മുംബൈയിലുണ്ടായ ആസൂത്രിത ആക്രമണം. പതിനായിരത്തോളം പേര് സായുധരായി മുംബൈയില്‍ ഒത്തു ചേരുന്നത് സര്‍ക്കാര്‍ അറിയാതെയല്ല. സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയും മൗനാനുവാദത്തോടെയുമാണ് ആസാദ് മൈതാനിയില്‍ ഒത്തു കൂടിയ അക്രമികള്‍ അഴിഞ്ഞാടിയത്.
അമര്‍ ജവാന് സ്തൂപം വരെ തകര്‍ത്തിട്ടും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നത് ഗൗരവപൂര്‍വം കാണേണ്ടതാണ്. അതേ നിസ്സംഗതയാണ് ആസാമില്‍ വീണ്ടും സംഘര്‍ഷം തുടങ്ങാന്‍ കാരണം. അക്രമികളെ കുടിയിരുത്താനും സംരക്ഷിക്കാനുമാണ് അവിടെ ശ്രമം. തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും മറ്റും കാണിച്ച് ആസാമിലെ കലാപത്തിന് കാരണക്കാരായ അനധികൃത നുഴഞ്ഞുകയറ്റക്കാരെ വെള്ളപൂശാനാണ് ശ്രമിക്കുന്നത്. അവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റും സ്ഥലത്തിന്റെ ആധാരവും മറ്റുമുണ്ടെന്ന് അവകാശപ്പെടുകയാണ്. ഇന്ദിരാ ആവാസ് യോജന വഴി ലഭിച്ച ഭവനങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. ഇവരുടെ കൈവശം ഇത്രയും രേഖകള്‍ ഉള്ളപ്പോള്‍ എങ്ങനെ ഇവരെ അനധികൃത കുടിയേറ്റക്കാരെന്ന് പറയാന്‍ സാധിക്കുമെന്നാണ്ചോദ്യം. നുഴഞ്ഞുകയറ്റക്കാര്‍ ഇത്തരം രേഖകള്‍ നേടിയിട്ടുള്ളത് നിയമവിരുദ്ധമായാണെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ ആസാം നമുക്ക് നഷ്ടപ്പെടും. ബോഡോ വിഭാഗവും അനധികൃത കുടിയേറ്റക്കാരും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുവാന്‍ ആസാം സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തില്‍ തീരുമാനമുണ്ടായിരിക്കണം. ഇവരുടെ കൈവശമുള്ള രേഖകളെക്കുറിച്ച് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്.രേഖകള്‍ വ്യാജമാണെങ്കില്‍ ഇവര്‍ക്ക് ഇത് ആര് നല്‍കിയെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെല്ലാമാണെന്നും കണ്ടെത്തണം. അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തില്‍ അന്വേഷണം നടത്തിയാല്‍ മാത്രമെ സംസ്ഥാനത്ത് ഇപ്പോള്‍ നില്ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ.
അനധികൃത കുടിയേറ്റം ആസാമില്‍ ദീര്‍ഘകാലമായുള്ള പ്രശ്നമാണ്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന വാദം ഗോത്ര വര്‍ഗമായ ബോഡോ വിഭാഗം അംഗീകരിക്കുന്നില്ല. കൊക്രജാറിലുള്ള മുസ്ലീം വിഭാഗക്കാര്‍ അനധികൃത കുടിയേറ്റക്കാരാണെന്നും ഇന്ത്യ വിരുദ്ധ ഏജന്‍സികളാണ് വ്യാജ രേഖകള്‍ കെട്ടിച്ചമച്ച് നല്‍കിയതെന്നും ബോഡോലാന്റ് ടെറിട്ടോറിയല്‍ വിഭാഗം മേധാവികള്‍ തറപ്പിച്ചു പറയുന്നു. ആസാമിലെ പ്രശ്നം വര്‍ഗീയമാക്കി മാറ്റി രാജ്യവ്യാപകമായ കലാപത്തിനാണ് ആസൂത്രിത നീക്കം നടക്കുന്നത്. അതിനു ചുക്കാന്‍ പിടിക്കുന്നതിന്റെ നേതൃത്വവും മലയാളികള്‍ക്കാണെന്നത് ലജ്ജാകരമാണ്. സംഘര്‍ഷത്തിന്റെ പേരില്‍ ബാംഗ്ലൂരില്‍ ഭീതി പടര്‍ത്തി വ്യാജസന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ പിടിക്കപ്പെട്ട 11 പേരില്‍ നാലു പേര് മലയാളികളാണെന്ന് വ്യക്തമായി. കേരളത്തിലെ മലപ്പുറം സ്വദേശികളായ അഷ്റഫ്, ബാബു, ഹനീഫ, ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ റഫീഖ് എന്നിവരാണ് അറസ്റ്റിലായ മലയാളികള്‍. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോചിത്രങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചത്. ആസാമിലെ അതിക്രമങ്ങളുടെ പേരില്‍ തിരിച്ചടി ഭയന്ന് കൂടുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ സ്വദേശത്തേക്ക് മടങ്ങുന്നതിനിടെയാണ് വ്യാപക അറസ്റ്റ് നടക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ തിരിച്ചുപോകുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളെയപേക്ഷിച്ച് ഗണ്യമായി കുറഞ്ഞു. വടക്കു കിഴക്കന്‍ സ്വദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വടക്ക് കിഴക്കന്‍ സംസ്ഥാനക്കാരെ ദ്രോഹിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ കൈക്കൊണ്ട നടപടി പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു പരിഹാരം ഒന്നു മാത്രമാണെന്നാണ് ബോഡോ ലാന്‍ഡ് മേധാവികള്‍ വ്യക്തമാക്കുന്നത്. അത് ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുക എന്നതാണ്. തികച്ചും ന്യായമായ ആവശ്യമാണ് അതെന്നതില്‍ സംശയമില്ല. സംസ്ഥാനത്ത് ബംഗ്ലാദേശികളുടെ ജനസംഖ്യ വര്‍ദ്ധിച്ചുവരുകയാണെന്നും ഇത് ബോഡോ വിഭാഗക്കാരുടെ സംസ്കാരത്തിനും ജീവിതത്തിനും സമാധാനത്തിനും ഭീഷണിയാകുമെന്നുമാണ് ബോഡോ ലാന്‍ഡ് നേതാവ് ഹഗ്രാമ മൊഹിലാരി വ്യക്തമാക്കിയത്. ബംഗ്ലാദേശ് അതിര്‍ത്തി അടച്ചിടണമെന്ന ബോഡോ വിഭാഗത്തിന്റെ ആവശ്യവും ശരിയാണ്. അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയവര്‍ക്ക് സര്‍ക്കാര്‍ സകല ഒത്താശകളും ചെയ്യുന്നു. ജനപ്രതിനിധികളായ കോണ്‍ഗ്രസുകാര്‍ വ്യാജ റേഷന്‍കാര്‍ഡും വോട്ടര്‍ പട്ടികയില്‍ പേരും ഉള്‍പ്പെടുത്തി കൊടുക്കുന്നു. സംഘര്‍ഷം വന്നപ്പോഴാകട്ടെ കൈ മലര്‍ത്തുകയും ചെയ്യുന്നു. രാജ്യം നശിപ്പിച്ചേ യുപിഎ ഭരണം പടിയിറങ്ങൂ എന്ന വാശിയിലാണ്. ഇതിനെ ദേശീയ ജനത അംഗീകരിക്കണോ ? ആസാം അങ്ങനെ വിട്ടുകൊടുക്കണമോ എന്ന് ഉറക്കെ ചിന്തിക്കേണ്ട സമയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: