കൊച്ചി: വികസനപ്രവര്‍ത്തനങ്ങളിലൂടെ കൈവരിക്കുന്ന സമ്പത്ത് പാവപ്പെട്ടവരുടെ ക്ഷേമത്തിനായി വിനിയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എമര്‍ജിങ് കേരളയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വികസനവും കരുതലുമെന്ന മുദ്രാവാക്യത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണ് എമര്‍ജിങ് കേരള. നിക്ഷേപകരുടെ സംഗമം എന്നതിലുപരിയായി സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് തുടക്കം കുറിക്കുന്ന സംരംഭമാണ് എമര്‍ജിങ് കേരളയെന്നും അദ്ദേഹം പറഞ്ഞു.
എമര്‍ജിങ് കേരളയ്ക്ക് മുന്നോടിയായി സംസ്ഥാന വ്യവസായ വകുപ്പും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും ചേര്‍ന്ന് സംഘടിപ്പിച്ച വ്യവസായ സംഘടനകളുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോകം മുഴുവന്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ കേരളത്തിന് മാത്രമായി ഇതില്‍ നിന്നും മാറി നില്‍ക്കാനാകില്ല. കേരളത്തിന്റെ അവസരങ്ങളും സാധ്യതകളും ലോകത്തിന് മുന്നില്‍ ബോധ്യപ്പെടുത്തണം. ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്ന പ്രവര്‍ത്തനശൈലിയും കൈവരിക്കണം. എല്ലാ മേഖലകളിലെയും കടുത്ത മത്സരം തൊഴിലാളികളും തിരിച്ചറിഞ്ഞതോടെ ഇന്ന് രാജ്യത്ത് ഏറ്റവും കുറവ് തൊഴില്‍ ദിന നഷ്ടമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. തൊഴിലാളി സഹകരണമില്ലെന്നും പണമില്ലെന്നുമുള്ള കേരളത്തെ കുറിച്ചുള്ള പ്രചരണം പഴങ്കഥയാണ്. നിക്ഷേപകരുടെ മനോഭാവത്തില്‍ മാത്രമാണ് ഇനി മാറ്റം വരേണ്ടത് – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനം നേരിടുന്ന വൈദ്യുതി ക്ഷാമം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായി പരിഹരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഈ ദിശയിലുള്ള മാറ്റം വ്യക്തമാകും. സൗരോര്‍ജവും കാറ്റും പോലുള്ള ഇതര മാര്‍ഗങ്ങളില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് ഉടനെ സര്‍ക്കാര്‍ തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ പരിസ്ഥിതിക്കും മറ്റ് സാഹചര്യങ്ങള്‍ക്കും തികച്ചും അനുകൂലമായ പദ്ധതികള്‍ മാത്രമാണ് എമര്‍ജിങ് കേരളയില്‍ അവതരിപ്പിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ എല്ലാം കേരളത്തിന് ഹാനികരമാണെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് പറയുന്നവരുടെ കുഴപ്പമാണ്. വികസനപാതയില്‍ പിന്നോട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യം തന്നെയാണ് ഈ പരിപാടിയുടെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.
സമ്പത്ത് സൃഷ്ടിക്കുകയും അത് ജനങ്ങള്‍ക്കായി ചെലവഴിക്കുകയുമാണ് ലോകത്തെ വികസിത രാജ്യങ്ങള്‍ ചെയ്യുന്നത്. സര്‍ക്കാരിന്റെ കൈവശമുള്ള പണം മാത്രം ചെലവിടുന്ന രീതി തുടര്‍ന്നാല്‍ പരമദരിദ്രമായ സംസ്ഥാനമായി കേരളം മാറും. ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാരിനും ഇത് അനുവദിക്കാനാകില്ല. വികസനത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന സമ്പത്തില്‍ 60 ശതമാനത്തോളം നികുതിയായി സര്‍ക്കാരിന്റെ കൈവശമെത്തുന്നതായാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരന്‍, സെക്രട്ടറിയും കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറുമായ അല്‍കേഷ് കുമാര്‍ ശര്‍മ, സി.ഐ.ഐ കേരള ഘടകം ചെയര്മാന് വി.കെ. മാത്യൂസ്, ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് എന്നിവരും പങ്കെടുത്തു. സിഐഐ, ടൈ കേരള, കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി, ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി, കേരള മാനേജ്മെന്റ് അസോസിയേഷന്, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി തുടങ്ങി വിവിധ വ്യവസായ വാണിജ്യ സംഘടനകളുടെ പ്രതിനിധികള്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയുമായി ആശയവിനിമയം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: