കോതമംഗലം: ആയിരത്തെട്ട് നാളികേരത്തിന്റെ സര്‍വൈശ്വര്യപൂജ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടുകൂടി ശുഭാരംഭം കുറിച്ച മാതിരപ്പിള്ളി വിനായകചതുര്‍ത്ഥിക്ക് ഭക്തജനങ്ങളുടെ വന്‍ തിരക്ക്. പതിനൊന്നിന് നടന്ന ആനയൂട്ടിനുശേഷം വൈക്കം വിജയലക്ഷ്മിയുടെ ഗായത്രി വീണ സംഗീതസദസും തുടര്‍ന്ന് മഹാ പ്രസാദഊട്ടും വൈകിട്ട് ആറിന് വിശേഷാല്‍ ദീപാരാധനയും ഏഴിന് തൃപ്പൂണിത്തുറ ബീം പ്ലാസയുടെ വാദ്യതരംഗിണിയും നടന്നു.
ആലുവ: ഉള്ളിയന്നൂര്‍ മാടത്തിലപ്പന് മഹാഗണപതിക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷിച്ചു. ക്ഷേത്രം തന്ത്രി പരമേശ്വരന് നമ്പൂതിരി, മേല്‍ശാന്തി ശബരിന്ദ്രന് എമ്പ്രാതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. രാവിലെ ഗണപതി ഹവനം, ഉദയാസ്തമനഅപ്പം, തന്ത്രിപൂജ, വിശേഷാല്‍ ദീപാരാധന എന്നിവ നടന്നു.
തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യഗണപതിഹോമം നടന്നു. പുലിയന്നൂര്‍ തന്ത്രി ശങ്കരനാരായണന്, പ്രശാന്ത് നാരായണന് നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് മൂന്നുഗജവീരന്മാര് പങ്കെടുത്ത ആനയൂട്ടും പൂജയും ഉണ്ടായിരുന്നു. പണ്ടാരപ്പിള്ളി ശ്രീകൃഷ്ണ പുരം ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് മേല്‍ശാന്തി ശങ്കരന് നമ്പൂതിരിയുടെ മുഖ്യകാര്‍മിത്വത്തില്‍ ഗണപതിഹോമം നടന്നു.
കൊച്ചി: വളഞ്ഞമ്പലം ദേവീക്ഷേത്രത്തില്‍ വിനായകചതുര്‍ത്ഥിയോടനുബന്ധിച്ച് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗജപൂജ എന്നിവ നടന്നു. പുലിയന്നൂര്‍ ഹരിനാരായണന് നമ്പൂതിരിപ്പാട് നേതൃത്വം നല്കി.
പള്ളുരുത്തി: പള്ളുരുത്തി ശ്രീ ഭവാനീശ്വര മഹാദേവക്ഷേത്രത്തില്‍ 1008 നാളികേരംകൊണ്ട് അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഗജപൂജയും നടന്നു. മഹാഗണപതിഹോമത്തിനും തുടര്‍ന്ന് നടന്ന ഗജപൂജക്കും ക്ഷേത്രംതന്ത്രി പൂഞ്ഞാര്‍ കാര്ത്തികേയന് നേതൃത്വം നല്കി. വിനായകചതുര്ത്ഥിയോടനുബന്ധിച്ചായിരുന്നു ചടങ്ങുകള്‍. ആയുരാരോഗ്യവര്ധനക്കും സര്‍വ്വരോഗനിവാരണത്തിനും വിഘ്നനിവാരണത്തിനുമായി നടത്തിയ ചടങ്ങില്‍ സംബന്ധിക്കാന്‍ നൂറുകണക്കിന് ഭക്തജനങ്ങളെത്തിയിരുന്നു. ദേവസ്വം പ്രസിഡന്റ് സി.പി.അനില്‍ കുമാര്‍, പി.കെ.അയ്യപ്പന് മാസ്റ്റര്‍, പി.എസ്.സതീശന് എന്നിവര്‍ നേതൃത്വം നല്കി.
പെരുമ്പാവൂര്‍: കുറിച്ചിലക്കോട് എടവനക്കാവില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായി നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടനുബന്ധിച്ച് കോടനാട് ആനകളരിയിലെ ആനകള്‍ക്ക് നടത്തിയ ആനയൂട്ട് ഭക്തജനങ്ങള്‍ക്ക് കൗതുകമായി. ചടങ്ങില്‍ ആനക്കളരിയിലെ അഞ്ച് ആനകള്‍ പങ്കെടുത്തു. എന്നാല്‍ ചടങ്ങിനെത്തിയ മൂന്ന് കൂട്ടി ആനകള്‍ ആയിരുന്നു പ്രധാന ആകര്‍ഷണം. വികൃതികാട്ടിയും, കുറുമ്പുകാട്ടിയും, ഇരുന്നൂറോളം വരുന്ന ഭക്തജനങ്ങളെ കയ്യിലെടുത്ത കുട്ടി ആനകള്‍ക്ക്, പഴവും, ശര്‍ക്കരയും നല്കാന് മുതിര്‍ന്നവരും, കുട്ടികളും ഒരുപോലെ മത്സരിച്ചു. ഗജപൂജയോട് കൂടിയാണ് ആനയൂട്ട് നടന്നത്. ചടങ്ങുകള്‍ക്ക് ഗുരുപാദം കാരുമാത്രയില്‍ നിന്നുള്ള ഗിരിഷ്കുമാറും ക്ഷേത്രം മേല്‍ശാന്തി പി.എസ്.രമേശനും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: