ന്യൂദല്‍ഹി: കല്‍ക്കരി ഖനി ബ്ലോക്കുകള്‍ അനുവദിച്ചതിലെ അഴിമതി ചൂണ്ടിക്കാട്ടിയുണ്ടായ പ്രതിപക്ഷ ബഹളത്തില്‍ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബിജെപിയാണ് സിഎജി റിപ്പോര്‍ട്ട് ഉദ്ധരിച്ച് വിഷയം സഭയില്‍ ഉന്നയിച്ചത്.
കല്‍ക്കരി ഖനി ബ്ലോക്കുകള്‍ അനുവദിച്ചതില്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് അന്യായമായി 1.86 ലക്ഷം കോടി രൂപയുടെ ലാഭമുണ്ടായതായാണ് സിഎജി റിപ്പോര്‍ട്ട്. അഴിമതി നടന്നതായി സിഎജി ചൂണ്ടിക്കാട്ടിയ കാലയളവില്‍ പ്രധാനമന്ത്രിക്കായിരുന്നു വകുപ്പിന്റെ ചുമതലയെന്ന് പറഞ്ഞ ബിജെപി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു ബഹളം വെച്ചത്.
രാവിലെ പതിനൊന്ന് മണിക്ക് ലോക്സഭ കൂടിയപ്പോള്‍ തന്നെ വിഷയമുന്നയിച്ചു പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് അവര്‍ മുദ്രാവാക്യമുയര്‍ത്തി. വിവിധ ഊര്‍ജ പദ്ധതികളികലൂടെ 29,000 കോടി രൂപയുടെ ലാഭം റിലയന്‍സ് നേടി. ദല്‍ഹി വിമാനത്താവള കരാര്‍ നല്കിയതു വഴി സ്വകാര്യ കമ്പനി കോടികളുടെ ലാഭമുണ്ടാക്കിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ടുകളില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ബഹളം നിയന്ത്രണാതീതമായതിനെ തുടര്‍ന്നു 12 മണി വരെ സഭ നിര്‍ത്തിവയ്ക്കുന്നതായി ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ അറിയിച്ചു. രാജ്യസഭയിലും ഇതേ വിഷയങ്ങള്‍ ഉന്നയിച്ചു പ്രതിപക്ഷം ബഹളം വച്ചു. അംഗങ്ങളെ നിയന്ത്രിക്കാനുള്ള സഭാധ്യക്ഷന് ഹമീദ് അന്‍സാരിയുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ഇതേത്തുടര്‍ന്നു രാജ്യസഭയും 12 മണിവരെ നിര്‍ത്തി വച്ചു. പി.ജെ. കുര്യനെ ഡെപ്യൂട്ടി ചെയര്‍മാനായി തെരഞ്ഞെടുക്കുന്നതിനുള്ള പ്രമേയം അവതരിപ്പിക്കാനിരിക്കെയാണു രാജ്യസഭ പ്രക്ഷുബ്ധമായത്.
12 മണിക്ക് വീണ്ടും ഇരുസഭകളും ചേര്‍ന്നെങ്കിലും പ്രതിപക്ഷ ബഹളം നിയന്ത്രിക്കാന്‍ സ്പീക്കറിനായില്ല. ഇതേത്തുടര്‍ന്ന് സഭ ഇന്നത്തേയ്ക്ക് പിരിയുകയാണെന്ന് അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: