മരട്: കായലോളങ്ങളില്‍ ആവേശതിരയിളക്കി എരൂര്‍- ചമ്പക്കര ജലോത്സവം ഇന്നലെ ചമ്പക്കരയില്‍ നടന്നു. ആയിരങ്ങളുടെ ആര്‍പ്പുവിളികളെ സാക്ഷിയാക്കി നടന്ന ആവേശകരമായ മത്സരവള്ളം കളിയില്‍ ചമ്പക്കുളം ചുണ്ടനും, താണിയനും, ജിബിതട്ടകനും ജല രാജാക്കന്മാരായി. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് ചമ്പക്കര കായലിന്റെ ഇരുകരകളിലും ജലോത്സവത്തിനു തുടക്കം കുറിച്ചുകൊണ്ട് കൊടിഉയര്ന്നത്.
മൂന്നരയോടെ ആരംഭിച്ച മത്സര വള്ളംകളിയില്‍ ചുണ്ടന്, ഓടി, ഇരുട്ടുകുത്തി വിഭാഗങ്ങളിലെ ഹീറ്റ്സ് മത്സരങ്ങളാണ് ആദ്യം നടന്നത്. തുടര്‍ന്ന് വിവിധ വിഭാഗങ്ങളിലെ ലൂസേഴ്സ് ഫൈനലും ഏറ്റവും ഒടുവില്‍ ആവേശകരമായ ഫൈനല്‍ മത്സരങ്ങളും അരങ്ങേറി. ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ സിബി ക്യാപ്റ്റനായ തൈക്കൂടം ബോട്ട്ക്ലബ് തുഴയെറിഞ്ഞ ചമ്പക്കുളം ചുണ്ടന് ഒന്നാം സ്ഥാനത്തെത്തി ജലരാജ പട്ടം കരസ്ഥമാക്കി. ടോമി ആന്റണി തോപ്പില്‍ ക്യാപ്റ്റനായ മേണശിശി ദേവമാതാ ബോട്ട് ക്ലബ് തുഴഞ്ഞ ചെറുതനചുണ്ടന് രണ്ടാംസ്ഥാനം കരസ്ഥമാക്കി. പുളിങ്കുന്ന് ചുണ്ടനാണ് ഈ ഇനത്തില്‍ മൂന്നാമത്. എഗ്രേഡ് ഓടിവള്ളങ്ങളുടെ മത്സരവിഭാഗത്തില്‍ രതീഷ് കെ.ആര്.ക്യാപ്റ്റനായ ടിബിസിതാന്തോന്നിതുരുത്ത് തുഴഞ്ഞ താണിയന്‍ ഒന്നാം സ്ഥാനത്തും, സിയാദ്.പി.എ ക്യാപ്റ്റനായ വളന്തക്കാട് രാഗം ബോട്ട്ക്ലബിന്റെ ശ്രീഗുരുവായൂരപ്പന് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഓടിവള്ളങ്ങളുടെ ബിഗ്രേഡ് വിഭാഗത്തില്‍ വി.എസ്.രൂപേഷ് ക്യാപ്റ്റനായ കുറുംകോട്ട ബോട്ട് ക്ലബ് ഉന്നം പിടിച്ച ജിബി തട്ടകന്‍ ഒന്നാമതും, ഗണേഷ് ക്യാപ്റ്റനായ പനമ്പുക്കാട് വിസിബിസി ബോട്ട്ക്ലബ് തുഴഞ്ഞ മയില്‍ വാഹനന് രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
ചമ്പക്കര കായലോരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിക്കുമുന്‍പില്‍ കൊച്ചിമേയര്‍ ടോണിചമ്മണി ജലോത്സവത്തിന്റെ പതാക ഉയര്‍ത്തി. സംസ്ഥാന തുറമുഖ, എക്സൈസ് വകുപ്പ് മന്ത്രി കെ.ബാബു മത്സര വള്ളംകളി ഉദ്ഘാടനം ചെയ്തു. മരട് നഗരസഭാചെയര്‍മാന്‍ അഡ്വ.ടി.കെ.ദേവരാജന്‍ അദ്ധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.എ.ദേവസി സ്വാഗതം പറഞ്ഞു. തുടര്‍ന്ന് എസ്.ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ വര്‍ണശബളമായ മാസ്ഡ്രില്‍ നടന്നു. പി.രാജീവ് എംപി ഫ്ലാഗ് ഓഫ് ചെയ്തു. കൊച്ചികോര്പ്പറേഷന് ഡെ.മേയര്‍ ഭദ്ര സതീഷ്, മരട് നഗരസഭാ വൈസ് ചെയര്‍ പേഴ്സണ്‍ അജിതാനന്ദകുമാര്, തൃപ്പൂണിത്തുറ നഗരസഭാ ചെയര്മാന് ആര്.വേണുഗോപാല്‍, കെ.ജെ.ജേക്കബ്, ഫാ.പോള്‍ കോലഞ്ചേരി, എ.ജി.സാബു (രക്ഷാധികാരി), സി.എന്‍.സുന്ദരന്‍, നഗരസഭാ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മത്സരങ്ങള്‍ക്കുശേഷം നടന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി. ചുണ്ടന്‍വള്ളങ്ങളുടെ മത്സരവിഭാഗത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ചമ്പക്കുളം ചുണ്ടന്, സിപിഎം തൃപ്പൂണിത്തുറ ഏരിയാകമ്മറ്റി സ്പോണ്സര് ചെയ്ത ടി.കെ.രാമകൃഷ്ണന് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, ക്യാഷ് പ്രൈസും കരസ്ഥമാക്കി. രണ്ടാംസ്ഥാനത്തെത്തിയ ചെറുതനചുണ്ടന് പണ്ഡിറ്റ് കറുപ്പന് ട്രോഫിയും, ക്യാഷ് അവാര്‍ഡും കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തെത്തിയ ചെറുതന ചുണ്ടന് ട്രാഫിയും ക്യാഷ് അവാര്‍ഡും നല്കി. ഓഡിവള്ളങ്ങളുടെ ബി ഗ്രേഡ് വിഭാഗത്തില്‍ ജിബിതട്ടകന്‍ വി.എന്‍.രാജേഷ് മെമ്മോറിയല്‍ ഏവറോളിങ്ങ് ട്രോഫി കരസ്ഥമാക്കി. സമാപനസമ്മേളനത്തില്‍ മരട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അജിത നന്ദകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: